സ്കൂളിലെ ചാക്കോ മാഷ് എന്നറിയപ്പെട്ട താങ്കളെ എല്ലാരും വെറുത്തപ്പോൾ,പേടിച്ചപ്പോൾ, കുറ്റംപറഞ്ഞപ്പോൾ ഞാൻ മാത്രം താങ്കളെ സ്നേഹിച്ചു. താങ്കൾ തരുന്ന ഓരോ അടിയും വാങ്ങിക്കൂട്ടി. അടികൊണ്ടു കുട്ടികൾ വാവിട്ടു കരയുമ്പോൾ ഞാൻ മാത്രം കരയാതെ കട്ടക്ക് നിന്നു.അന്നു എന്റെ മുഖത്ത് വന്ന ഭാവം കണ്ടു താങ്കൾ തന്നെ ചിരിച്ചില്ലേ. ക്ലാസ്സിലെ പിള്ളേർ സാറിനെ കുറ്റം പറയുമ്പോൾ അതെല്ലാം ഒരു ലെറ്റർ എഴുതി ഊമക്കത്തായി സാറിനു തന്നു എല്ലാരേം പാരവച്ചതും ഞാനാണ് കേട്ടോ. പി ടി എ മീറ്റിംഗിൽ കുട്ടികൾ രക്ഷകർത്താക്കളെയും കൊണ്ടു പമ്പകടന്നപ്പോൾ. ഒട്ടും പഠിക്കാത്ത ഞാൻ മാത്രം അമ്മയെയും കൂട്ടി തങ്ങളുടെ അടുത്ത് വന്നു. അന്നു ഞാൻ നല്ല പഠിക്കുന്ന കുട്ടി ആണെന്ന് താങ്കൾ തട്ടിവിട്ടു. അപ്പൊ തോന്നിയ സന്തോഷം പറയാൻ വാക്കുകളില്ല. അവസാനം അധ്യയന വർഷം തീരാറായപ്പോൾ താങ്കൾ നടത്തിയ പ്രസംഗം കേട്ടു കുട്ടികൾ പറഞ്ഞു, സാറിനെ മനസിലാക്കാൻ അവർക്കു കഴിയാതെപോയി എന്നു. എന്നാൽ നിനക്കതിനു കഴിഞ്ഞു എന്നു കുട്ടികൾ എന്നോടും. അന്നു ഞാൻ പൊങ്ങിയതുപോലെ പിന്നെ പൊങ്ങിയിട്ടേ ഇല്ല. എന്തായാലും താങ്കൾ എന്നെ ഇന്നും ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
എന്നു
-
ഇത് ഒരാൾക്ക് വേണ്ടി മാത്രം അല്ല
എഴുതുന്നത്. അക്ഷര ലോകത്തേക്ക്
കൈ പിടിച്ചുയർത്തിയ, അറിവിന്റെ
ഓരോ ചുവടുകളിലും കാലിടറാതെ
നടത്തിയ എന്റെ എല്ലാ അധ്യാപകർക്കും,
അവർ തന്ന ധൈര്യത്തിനും പ്രോത്സാഹനത്തിനും ഹൃദയം കൊണ്ട്
നന്ദി പറയുന്നു. ഓരോ ദിനവും
നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ.-
അജ്ഞതയാകുന്ന തമസ്സിൽ നിന്നും അറിവിൻ ജ്യോതിസ്സിലേക്കു സ്നേഹത്തിൻ ഇതളുകളാൽ വീഥിയൊരുക്കിയ നിങ്ങൾക്കെൻ പ്രണാമം..
-
എന്തിനെയും പരിഹാസത്തോടും വിമർശനബുദ്ധിയോടുകൂടെയും കാണുന്ന ചിലർക്ക് ഒന്നാംക്ലാസ്സിലെ ടീച്ചറും കുട്ടികളും പരിഹാസകഥാപാത്രങ്ങളായി തോന്നാം..
"ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം"
മലയാളി പാടിപ്പതിഞ്ഞ ഈ ഒ.എൻ.വി വരികൾ നെഞ്ചിലേറ്റിയവർ ഇന്നലെ ചില്ലുജാലകത്തിൽ കണ്ടത് ഒന്നാം ക്ലാസ്സിലെ ആ പഴയ മധുരിക്കും ഓർമ്മകളാണ്..
ഓർത്തെടുത്തത് ഒരു കൂട്ടം പ്രിയപ്പെട്ട അദ്ധ്യാപകരെയാണ്..
തന്റെ മുന്നിൽ ഉള്ള കുരുന്നുകൾക്ക് പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അറിവ് പകരാനും അവരുടെ ചുണ്ടിൽ പുഞ്ചിരി വിടർത്താനും ശ്രമിച്ച അദ്ധ്യാപകർക്ക് അഭിനന്ദനങ്ങൾ-
വെള്ളിപ്പാത്രത്തിലെ പച്ചരിയിൽ ചൂണ്ടുവിരൽ കൊണ്ടു ഹരിശ്രീ കുറിച്ച ശേഷം എനിക്ക് അറിവിന്റെ ലോകം തുറന്നു തന്നത് ബീന ടീച്ചർ ആണ്.
സ്ലെറ്റ് പെൻസിൽ എടുക്കാൻ മറന്നു പൊട്ടിക്കരഞ്ഞ എന്റെ മുന്നിലേക്ക് കളർ ചോക്കുകൾ നീട്ടിത്തന്നതും,മഷിത്തണ്ടും ആനപ്പച്ചയുമെല്ലാം കവറുകളിലാക്കി ഞങ്ങൾക്കെല്ലാം തന്നതും,നഴ്സറിയുടെ പറമ്പിൽ ഞങ്ങളോടൊപ്പം മഞ്ചാടി പെറുക്കുവാൻ കൂടിയതും ഇന്നും മായാതെ മനസിലുണ്ട്.
"തപ്പി തപ്പി നടക്കണതെന്തിന് തക്കിട മുത്തശ്ശി
താഴെപ്പോയൊരു സൂചീം തപ്പി തരികിട കുട്ടികളെ.. "
ടീച്ചർ ഈ പാട്ട് ഉച്ചത്തിൽ പാടുന്നത് ഇപ്പോഴും മനസിലുണ്ട്. ഒന്നാം ക്ലാസ്സുകാരെ ടീച്ചർ ഈ പാഠം പഠിപ്പിക്കുമ്പോൾ രണ്ടു മുറിയുള്ള ആ ട്യൂഷൻ സെന്ററിന്റെ അടുത്ത മുറിയിലിരുന്ന് നഴ്സറി കുട്ടിയായ ഞാനും അതേറ്റു പാടി..
ഇന്നും മനസിലുണ്ട് ആ വരികൾ ഒപ്പം ടീച്ചറിന്റെ മായാത്ത പുഞ്ചിരിയും...-
അദ്ധ്യാപനം ഉപജീവനമാർഗമായ്
സ്വീകരിക്കാൻ പഠിച്ചു പരീക്ഷ
എഴുതി ജയിച്ച ആർക്കും കഴിയും...
പക്ഷേ,
'ഗുരു'വാകാൻ അറിവില്ലാത്തവനെ
ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക്
നടത്തുന്നവനേ കഴിയൂ..
-
നമ്മുടെ മുന്നിൽ ഉള്ള ചിലർ ഉന്തുവണ്ടിപോലെയാണ് അവരുടെ ലക്ഷ്യത്തിൽ എത്താൻ തള്ളി കൊടുക്കണ്ടി വരും...
ചിലർ ചെറുതോണിപോലെയാണ് കൂടെ ഇരുന്ന് തുഴയണ്ടി വരും...
ചിലർ പട്ടംപോലെയാണ് നൂലിൽ പിടിച്ചു നിറുത്താൻ നോക്കണം ലക്ഷ്യം തെറ്റാതെ..
ഒരു വസ്തുവല്ല വ്യക്തിയെയാണ് കൈകാര്യം ചെയ്യുന്നത് ശ്രെദ്ധിച്ചില്ലെങ്കിൽ തകരുമെന്ന ഓർമ്മയോടെ കൈകാര്യം ചെയ്യണം...
ഈ വരികൾ ജീവിതം ആക്കിയ ചിലർ ഉണ്ട് അവരെ നമ്മൾ അധ്യാപകർ എന്ന ഓമനപ്പേരിൽ വിളിക്കും...-
ഒത്തിരി സന്തോഷത്തോടെയാണ് ഞാനീ വരികൾ ഇവിടെ കുറിക്കുന്നത്. എന്തെന്നാൽ ഒരു 'പ്യൂപ്പ' ആയി പതുങ്ങി കിടന്നിരുന്ന എന്നെ ഒരു പൂമ്പാറ്റയാക്കിമാറ്റിയ സ്നേഹ നിധിയായ എന്റെ ടീച്ചേർക്കാണല്ലോ ഞാൻ എഴുതുന്നത്.
ഇന്നീ എഴുതുന്ന എന്റെ ഓരോ അക്ഷര ചങ്ങാതിമാർ പ്പോലും ടീച്ചറുടെ വരദാനങ്ങളാണ്. പാഠ്യവിഷയങ്ങൾക്ക് അപ്പുറം നന്മയുടെ പൊൻ വിത്തുകളും എന്നിൽ പാകിയ എന്റെ പ്രിയ ടീച്ചർക്ക് എന്റെ സ്നേഹം നിറഞ്ഞ അധ്യാപകദിനാശംസകൾ. ഒരു ദിനത്തിൽ മാത്രം ഒതുങ്ങുന്നതല്ല ടീച്ചറോടുള്ള കടപ്പാട് എങ്കിലും ഒത്തിരി സ്നേഹത്തോടെ ഒരിക്കൽക്കൂടി ആശംസകൾ നേരുന്നു.-