പ്രവാസം
ചൂടേറ്റു തളരും
മരുഭൂവിൽ
ഉഷ്ണക്കാറ്റേറ്റു മരുവും
മരുപ്പച്ചയിൽ
മണിനാദ മന്ത്രത്തിലുണർന്നു
വലിയുമീ ചെറുലോകത്തിൽ
എനിക്ക് കൂട്ടായി കടമുണ്ട്
കനവുണ്ട്, കടപ്പാടുമുണ്ട്
പിന്നെ ഷുഗറുണ്ട്,പ്രഷറുണ്ട്
കൊളസ്ട്രോളുമുണ്ട്
നെഞ്ചിൽ തീയുണ്ട്,തിരയുണ്ട്
നാടിൻ തീരമുണ്ട്
കൈയിൽ നേരുണ്ട്
നോവുണ്ട് നെറിയുമുണ്ട്
കണ്ണിൽ നീയും
നിറവും നിനവുമുണ്ട്
വിണ്ണിൽ മഴയുണ്ട്,പുഴയുണ്ട്
മാമ്പഴക്കാലമുണ്ട്
ഉള്ളിൽ നാടുണ്ട്, വീടുണ്ട്
ഓർമ്മതൻ തേങ്ങലുണ്ട്
രജനൂ
-
ഭാര്യയുടെ പരാതികൾക്കും സഹോദരിയുടെ ആവശ്യങ്ങൾക്കും ഇടയിൽ " മോനേ, നീ എന്തെങ്കിലും കഴിച്ചോ" എന്ന അമ്മയുടെ വാക്കുകളിലാണ് ഞാനെന്ന മനുഷ്യൻ ഇന്നും ആശ്വാസം കണ്ടെത്തുന്നത്...
-
ഇനിയുമൊരുകൈത്താങ്ങാവാനാകാതെ
പാതിവഴിയിൽതളർന്നുപോയൊരച്ഛൻ
അരവയറിൻവിശപ്പുമറന്നു തൻ
മക്കളെ പോറ്റുന്നൊരമ്മ
നിങ്ങൾക്കുതുണയേകുവാനായുള്ളീവൻ
പുറപ്പെടുന്നക്കരയ്ക്കായ്
മനംനിറഞ്ഞൊഴുകുമെൻനൊമ്പരമെങ്കിലും
പോകാതെവയ്യെൻ ദുരിതംപോക്കാൻ
ഇഷ്ടങ്ങളെല്ലാം ഓർമ്മകളാക്കി ,
പരിഭവങ്ങളെല്ലാം പാടെ വിഴുങ്ങി,
മിഴികൾ നിറഞ്ഞൊഴുകി..
സ്വയമുരുകിതീർന്നുവെന്നാലും .
മരുഭൂവിലെങ്ങോ വിയർപ്പൊഴുക്കുവാൻ..
മനസ്സാലൊരുങ്ങീടുമീമകനെ ..
യാത്രയാക്കീടുക...
_©Soumya Gopalakrishna
-
എന്നിൽ നിന്നും നിന്നെ
തട്ടിയെടുത്തതാണീ പ്രവാസം
അന്നു തൊട്ടെന്റെ ഹൃദയവും
നിന്നോടൊപ്പം പ്രവാസത്തിലാണ്
സ്നേഹിക്കാനും വഴക്ക് കൂടാനും
കയ്യെത്തും ദൂരത്തു നീ ഇല്ലെങ്കിൽ
എനിക്കു എന്നെത്തന്നെ മടുപ്പാണ്
ആകാശത്തിൻ വിരിമാറിൽ
കൊഞ്ചുന്ന രണ്ടു നക്ഷത്രങ്ങൾ
നാം തന്നെയല്ലേ...
മുറ്റത്തു കൊക്കുരുമ്മി രസിക്കുന്ന
ഇണ പ്രാവുകളും നാമല്ലേ...
ജനലഴികളിലൂടെ വീശുന്ന പാതിരാ
കാറ്റിലും നിന്റെ ഗന്ധമില്ലേ,
എങ്കിലും പ്രിയതമാ
പ്രവാസം തിരസ്കരിച്ചോരിക്കൽ
ഈ പ്രണയിനിക്കൂ മാത്രമായി
വരികയില്ലേ നീ...-
നീയെന്നിലേൽപ്പിച്ച
മോഹമുത്തുകളെല്ലാം
നൂലറ്റു ചിതറിയിരിക്കുന്നു..
വിരഹമൊളിപ്പിച്ചു ഞാൻ
എണ്ണിത്തീർത്ത..
രാപ്പകലുകളെല്ലാം വീണ്ടും
എണ്ണിത്തുടങ്ങേണ്ടിയിരിക്കുന്നു
സ്വപ്നങ്ങൾ കൂട്ടിവെച്ചു, ഞാൻ
നിനക്കായ് നെയ്തു വിരിച്ച
മലർമെത്തയെന്റെ നെടുവീർപ്പിൻ
ചുടുനിശ്വാസത്താൽ
വാടിക്കരിഞ്ഞിരിക്കുന്നു..
എന്റെ ജീവനേ....
ഇനിയുമെത്ര നാൾ ഞാൻ..
നിനക്കായ് കാത്തിരിക്കണം,,, !
-
ഇഷ്ടങ്ങള്‍ക്ക് തടവറയാവാറുണ്ട്
ചിലര്‍ക്കെല്ലാം പ്രവാസം,
മോഹങ്ങള്‍ക്ക് സ്വപ്നങ്ങളുടെ ചിറക്
തുന്നി ആഗ്രഹങ്ങളുടെ മുളളുവേലികളില്
നിന്ന് വേദനകള്‍ സമ്മാനിക്കുന്ന
പ്രയാസങ്ങളുടെ പ്രവാസവുമുണ്ട്,
നൊമ്പരങ്ങളുടെ ചൂട് അനുഭവിക്കുമ്പോഴും
നാടിനും വീടിനുമായ് സ്വപ്ന
സാക്ഷാല്‍ക്കാരത്തിന്
വഴിയൊരുക്കുമ്പോള്‍ ഓരോ
പ്രവാസിയുടെയും മിഴികളും മനസ്സും
ആനന്ദാശ്രു പൊഴിക്കാറുണ്ട്,
അതെ പ്രവാസം ഒരു പിടി സ്വപ്നങ്ങളുടെയും,
ഒരുപോലെ തന്നെ വേദനകളുടെയും
കലവറയാണ്.
-
ബാല്യത്തിൻ വർണ്ണങ്ങളെല്ലാം
കെടുത്തിയെന്നുപ്പയെ
സ്വന്തമാക്കിക്കളഞ്ഞ
നീചനൊരു വിധിയിടമായിരുന്നു
പ്രവാസം
ഇന്നൊരു നല്ലപാതിയെ
തന്നവിടുന്നു തന്നെ
വർണ്ണങ്ങളെല്ലാം തിരികെത്തരുമ്പോൾ
ഞാനിന്നൊരു പ്രവാസി
പലതും നഷ്ടപ്പെടുത്തി
ചിലതെല്ലാം
നേടിത്തന്നു നിറയെ
തളിർക്കുന്ന തണലിടങ്ങൾ
കൊടും ചൂടും തണുപ്പും
തനിക്കെന്നുചൊല്ലി
മരുപ്പച്ച തേടുന്ന കുറേ
തണൽമരങ്ങൾ
-
രണ്ടു കണ്ണുകൾ ഇക്കരെ..
അനവധി കണ്ണുകൾ ഇക്കരെ!
ഒരു മനസ്സ് തിരികെ യാത്ര ആഗ്രഹിക്കുന്നു..
മറുവശം അനവധി മനസ്സുകൾ നിശബ്ദം!
ഒരു ഫോൺ കോൾ അക്കരെ..
അനവധി ശബ്ദങ്ങൾ ഇക്കരെ!!
ഒരു വിശേഷം മാത്രം അക്കരെ..
അനവധി വിശേഷങ്ങൾ മറുവശത്ത്..!
അവശേഷിക്കുന്ന ജീവിതവുമായി ഇക്കരെ
വരുന്നു,..
അവസാനം ഒരു നെടുവീർപ്പും
കാലം തെറ്റി കയറിയ നരയും
ജീവിക്കാതെ ജീവിച്ച ഒരു ജീവിതവും
ഒരു ആറടി മണ്ണും..
ഇടയിൽ ഇനിയും സാക്ഷി ആകാൻ ഒരു കടലും!!!!-