മഴയുടെ സംഗീതം കേട്ടു ഞാനിന്നെൻ
നോവിൻ കഥ രചിച്ചു..
നോവാം തീർത്ഥം രുചിച്ചു..
നിഴലും നിഴലിൻ നിഴലുമായി ഞാനും
സംവദിച്ചുണ്ടായ സംഭാഷണത്തിൽ
പൊടിയാതെ പൊടിയുന്ന നിണമതിന്നടയാളം
അറിയാതെ പറയാതെ എഴുതി വച്ചു..
എന്റെ ഹൃദയത്തിലായ് ഞാൻ കൊരുത്തിവച്ചു..-
ചില അടുക്കള സൃഷ്ടികൾ
അരങ്ങിൽ വാഴുകയുമില്ല..
അങ്ങാടിയിൽ ചർച്ചയാവുകയുമില്ല..
എന്നാലൊ, ഇരുട്ട്
വാഴുന്ന പല മച്ചിൻപുറങ്ങളിലും
ചിതലുകൾ ഭക്ഷിച്ചതിന്റെ
ഉച്ഛിഷ്ടമായി അവശേഷിച്ച്
ഒടുവിൽ നീറി നീറി
ഒടുങ്ങാറുണ്ട് എന്നത്
വിസ്മരിക്കാനും കഴിയുന്നില്ല..
-
ദുഃഖങ്ങളൊഴുകുന്ന
മാത്രയിൽ ഞാനെന്റെ
മിഴിയിമകളെ നിന്നിലായ്
ചേർക്കുമ്പോൾ
ചിരിയൊന്നുമില്ലേലും
മൊഴിയൊന്നുമില്ലേലും
മൗനമായ് നീയെന്നെ
മാറോടണയ്ക്കുമോ....-
എഴുതാൻ മറന്ന വരികളെ
അപൂർണ്ണമായ തിരക്കഥയിൽ
ഉൾക്കൊള്ളിച്ച് കാണാമറയത്ത്
ഉപേക്ഷിക്കണം..
കേൾക്കാൻ മറന്ന വാക്കുകളെ
ഹൃദയത്തിന്റെ അടിവാരങ്ങളിൽ
പൊതിഞ്ഞുവച്ച് ആരുമറിയാതെ
കൂടെക്കരുതണം..
ഓർക്കാൻ മറന്ന നിനവുകളെ
തൃസന്ധ്യയുടെ പടിയ്ക്കലിൽ
കാത്തുവച്ച് രജനി പൊഴിയ്ക്കുന്ന
നിലാവിലലിയിച്ചു ചേർക്കണം.....
-
വാക്കിനാലഗ്നി
നിറയ്ക്കേണമെങ്കിലോ
അരുതാത്ത വാക്കുകൾ
നിറയ്ക്കാതിരിക്കുക..
ചുട്ടുപ്പഴുപ്പിച്ച വാക്കാലുള്ള്
പൊള്ളിയ്ക്കേണമെങ്കിലോ
പൊള്ള് നിറഞ്ഞ വാക്കുകൾ
പറയാതിരിയ്ക്കുക....
-