ഒറ്റയ്ക്കല്ല
ഏകാന്തതയുടെ
എല്ലാ ഭാവങ്ങളും
എനിക്കൊപ്പമുണ്ട്...-
ഞാനെനിക്കു തന്നെ ഒരു
തെറ്റായിരിക്കെ
നിങ്ങളെന്നിൽ ശരികൾ
തിരയരുത്...
ഞാനെനിക്കു തന്നെ ഒരു
ഭാരമായിരിക്കെ
നിങ്ങളെന്നെ ചുമക്കേണ്ടതില്ല...-
വാചാലതയുടെ സാഗരത്തിൽ എപ്പഴോ...
നീ അവശേഷിച്ചു പോയ മൗനത്തിന്റെ തുള്ളി ഇരിപ്പുണ്ട്
ചിരിച്ചു തള്ളിക്കളഞ്ഞ വാക്കുകൾ
പിന്നീട് ആർത്തലയ്ക്കുന്ന തിരയായി വന്ന്
ഹൃദയഭിത്തിയിലിടിച്ചു കയറും മുമ്പ്...
എനിക്കാ മൗനത്തിന്റെ തുള്ളിയെ കണ്ടെത്തണം...-
ആനന്ദത്തിന്റെ പരകോടിയിൽ
തെളിഞ്ഞു നിൽക്കുന്ന
പൂർണ്ണ ചന്ദ്രനാണ്....
അത്രമേൽ പ്രിയപെട്ടയൊന്നിന്റെ
നഷ്ടപെടലിൽ ഒറ്റപെട്ടു പോയ
ഒറ്റ നക്ഷത്രമാണ്....
-
പഴയപോലെ
പാത്തും പതുങ്ങിയും വന്നു
പുഴയെ തരളിതമാക്കി
പുൽനാമ്പിനെ തഴുകി
പോകാൻ മറന്നിരിക്കുന്നു...
മതവും ജാതിയുമില്ലാതെ
മനുഷ്യരൊന്നാവണം
അതിനാവണം
പുഴ നിറഞ്ഞിട്ടും
തോടു കവിഞ്ഞിട്ടും
മഴയിങ്ങനെ പെയ്തു കൊണ്ടിരിക്കുന്നത്
അതിനാവണം
മരം വീണിട്ടും
മതിൽ ഇടിഞ്ഞിട്ടും
കാറ്റിങ്ങനെ
വീശിക്കൊണ്ടിരിക്കുന്നത്...
-
ഓമനിക്കാൻ ഒന്നില്ലാതെ പോയവളുടെ വേദന
ഓടി നടക്കാൻ കാലില്ലാതായവരുടെ യാതന
ഒറ്റപെട്ടപ്പോൾ സകലരും കുറ്റപ്പെടുത്തിയ
ഒറ്റ മൈനയുടെ കുറുകൽ
ഒന്നു പൊട്ടിക്കരഞ്ഞാൽ നമുക്ക് തന്നെ കേൾക്കാം എല്ലാം
ഒറ്റയ്ക്കു സഹിക്കേണ്ടി വരുന്ന
ഓരോരുത്തരുടെയും ഹൃദയത്തിന്റെ
തേങ്ങൽ...
-
മണ്ണിൽ
പതിക്കാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കണം
മുറ്റത്തു നിലവാരമുള്ള
ഇന്റർലോക്ക് തന്നെ പാകണം
എങ്കിലേ
വേനലിൽ കിണറു വറ്റി
നമ്മുടെ തൊണ്ട വരളൂ...-
മൂഢനായെന്നിലെ സ്വത്വമൊരു
നാരിശ്വരിയായി പുറത്തുവരും
പുരുഷ ശരീരത്തിൽ
സ്ത്രീ ഭാവങ്ങൾ താളം തുള്ളും
അമ്മയുടെ സാരിയിലും
അനുജത്തിയുടെ കണ്മഷിയിലും
കരിവളയിലും ഞാൻ ഒരു
നിമിഷമെങ്കിലും ഞാനാവും
ഒടുവിലൊരു കാലൊച്ച
കേൾക്കുമ്പോൾ ഇരുട്ടിലോടി
മറഞ്ഞുപ്പൊട്ടിക്കരയും...
-
ഉള്ളുലച്ച വേദനകൾ...
അതിൽ നിന്നും വീണ്ടും വീണ്ടും
ചോര കിനിയുമ്പോഴുണ്ടാകുന്ന
നീറ്റൽ...
ഹാ... എന്തു സുഖമാണത്...
എല്ലാം മുറിവുകളും ഉണങ്ങരുത്
ചിലതെല്ലാം ഒരു പാടായെങ്കിലും
അവശേഷിക്കണം...
മായാത്ത പുഞ്ചിരിയിൽ തോരാത്ത
കണ്ണുനീരുണ്ടെന്ന് നമ്മളെ തന്നെ
ഓർമപെടുത്താൻ...
-