പുറം ചട്ടയിൽ മുഖം മിനുക്കി
ഓരോ താളുകളിലും നൂറായിരം
ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും
നിറച്ച്
എന്റെ മനസ്സിനെ സ്വപ്നസഞ്ചാരിയാക്കി
നിന്നെ എഴുതിയവന്റെ ഹൃദയം തുറന്നു കാട്ടുന്നു..
അവസാന താളും അടച്ചു പിടിക്കുമ്പോൾ
എന്റെ കൈയും മനവും ശൂന്യത നിറച്ച്
നീ വെറും മഷിയും മരത്തൊലിയും അല്ല
മറിച്ച് ശക്തമായ മുഴക്കത്തോടെ സംസാരിക്കുന്ന ചോരയും മാംസവും ആണെന്ന് തെളിയിച്ചിരിക്കുന്നു..
-
പപ്പേട്ടൻ...
നിങ്ങളോളം മറ്റാരെയും ഞാൻ ആരാധിച്ചിട്ടില്ല. മണ്ണാറത്തൊടിയിൽ ആർത്തലച്ചു പെയ്യുന്ന മഴയുടെ കഥ കൺകുളിക്കെ കണ്ട ശേഷമാണ് നിങ്ങളെ കുറിച്ച് ഓരോ ഇഴയും കീറി അഗാധമായി പഠിക്കാൻ തുടങ്ങിയത്. അപ്പോൾ മനസ്സിലായി നിങ്ങളുടെ വരികൾ പോലെ നിഗൂഢമായ എന്തോ ഒന്നാണ് നിങ്ങളെന്നും.
പത്മരാജൻ എന്ന പേര് കേൾക്കുമ്പോൾ മുടി നെറ്റിക്ക് മേൽ മുറിച്ചിട്ട ഓട്രി ഹെപ്‌ബെണിനെ പോലെ,മനോഹരമായ കണ്ണുകളുള്ള ഷേർലി മാക് ലെയിനെ പോലെയുള്ള ലോല മിൽഫോർഡിന്റെ ചോദ്യം തെളിഞ്ഞു വരും.
"താമരയുടെ രാജാവോ "?
ഉദകപ്പോളയിലെയും ലോലയിലെയുമൊക്കെ വരികളിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിലായി നിങ്ങൾ രാജാവ് തന്നെ..
ആകാശത്തിന്റ ഏതോ കോണിൽ ഒരു നക്ഷത്രമായി നിങ്ങൾ ഉണ്ടെന്ന് അറിയാം. ആരണ്യകത്തിലെ അമ്മിണി മാധവിക്കുട്ടിക്കും ഇന്ദിരാ ഗാന്ധിക്കും എഴുതിക്കൂട്ടിയ പോസ്റ്റ് ചെയ്യാത്ത കത്തുകൾ പോലെ ഞാനും സൂക്ഷിക്കും ഈ കത്ത് പണ്ടെങ്ങോ നിങ്ങൾ എഴുതിക്കൂട്ടിയ അക്ഷരങ്ങളുടെ കൂടെ..-
ഇത്തിരി മങ്ങിയ താളിലൊളിപ്പിച്ച ഒത്തിരി നന്മയാകുന്നു..
മണ്ണിലലിയുന്ന മനുജൻ്റെ നിലനിൽപിൻ്റെ തെളിവുകളാകുന്നു..
ജീവനില്ലാത്ത വരികളിൽ കാക്കുന്ന ജീവിതങ്ങളാകുന്നു..-
പുസ്തകങ്ങൾ
നിശബ്ദ വസന്തങ്ങളാണ്..!!
അതിന്റെ ആഴങ്ങളിലേക്ക്
ചിറകടിച്ചു പറന്നു തുടങ്ങുമ്പോൾ
കാലത്തിന്റെ ദൈർഘ്യത്തിൽ നിന്ന് നീ മുക്തനാകും..
കാടും കടലും മണലാരണ്യവും
താണ്ടി ...
മനസ്സിനൊപ്പം നീ സഞ്ചരിക്കും..
വരികളിലൂടെ...
ചിലപ്പോൾ വരികൾക്കിടയിലൂടെ
മറ്റു ചിലപ്പോൾ
വരികൾക്കപ്പുറമായി....!!-
മനുഷ്യനേക്കാൾ
കൂടുതൽ ഏകാന്തത
അനുഭവിക്കുന്നത്
പുസ്തകങ്ങളാണ്..
ഓരോ ദിവസവും
എത്ര പുസ്തകങ്ങളെയാണ്
നാം കണ്ടിട്ടും
കാണാതെ
അവഗണിക്കുകയും,
ചിതലിനോട് മല്ലടിക്കുന്ന
അലമാരയിലിട്ട് ശ്വാസം
മുട്ടിച്ചു കൊല്ലുകയും
ചെയ്യുന്നുത്..-
കമല സുരയ്യ മാധവികുട്ടിക്ക്...
എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ നിങ്ങളാണ്,
കാരണം... നിങ്ങൾ സ്വതന്ത്രമായി എഴുതി... സ്വതന്ത്രമായി പ്രണയിച്ചു...
സ്വതന്ത്രമായി ജീവിച്ചു... ബന്ധങ്ങൾ നിങ്ങൾക്കു ബന്ധനങ്ങളായില്ല... നിങ്ങളെ സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുവാൻ നിങ്ങൾ ഭയപെട്ടില്ല... മണ്മറഞ്ഞു പോയെങ്കിലും മനസിനുള്ളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു... നാലുകെട്ടും
നീർമാതളവും നിങ്ങളുടെ നിത്യ പ്രണയാഗ്നിയും...-
വെറും വായന മാത്രമല്ല
ആ ലോകം ഒന്ന്
വേറെ തന്നെയാ
അറിവിനും
അവബോധത്തിനുമപ്പുറം
വായനക്കാരന്
ഒരു ചിത്രകാരൻ കൂടി
ആകാൻ കഴിയും,
ഭാവനയിൽ കാണാൻ കഴിയുന്ന
ഓരോ വായനക്കാർക്കും
കിട്ടുന്ന ഒരു ആത്മസുഖം
അതിനു വായിച്ചു
കൊണ്ടേയിരിക്കുക
വായനയുടെ വാതായനങ്ങൾ
തുറന്നു പിടിച്ച
ലോകത്തിനു മുൻപിൽ
വായിച്ചു കൊണ്ടേയിരിക്കുക.
-
ന്റെ ബഷീർക്കാ....
തകഴി, ഉറൂബ് ,എം. ടി യും ബന്യാമും അങ്ങനെ അങ്ങനെ ഇനി എത്രയെത്ര വെല്യ എഴുത്തുകാർ വന്നാലും പോയാലും എന്റെ ഇമ്മണി വല്യ ആള് ഇങ്ങള് തന്നെയാണ് ന്റെ ബഷീർക്കോ.....
മാങ്കോസ്റ്റിൻ ചോട്ടിലെ ചാരു കസേരയിൽ ഇരുന്ന് ബീഡി വലിച്ച് കട്ടൻ ചായ കുടിക്കുന്ന ഇങ്ങളെ കിനാക്കണ്ടു എത്രയെത്ര കഥകളാണ് ഞാൻ വായിച്ചു കൂട്ടിയത്. വല്യയ കടിച്ചാൽ പൊട്ടാത്ത സാഹിത്യമലെങ്കിലും ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യാൻ നിങ്ങൾക്കെ കഴിയോ...
പ്രകൃതിയെ സ്നേഹിക്കുന്ന നിസാർ അഹമ്മദും നിഷ്കളങ്കതയുടെ പൂർണ്ണരൂപമായ പാത്തുമ്മയും യാഥനകളുടെ സുഹറയും നഷ്ടത്തിന്റെ പട്ടികയിൽ ഒതുങ്ങിയ മജീദും
പ്രണയം ജോലിയാക്കി നൽകിയ കേശവൻ നായരും മുടങ്ങാതെ പണം പറ്റിയ സാറാമ്മയും ഇപ്പോഴും പുനർജനക്കുകയാണ് ഓരോ വായനക്കാരിലൂടെ.
വിശപ്പകറ്റാൻ നിങ്ങൾ പേന കയ്യിൽ എടുത്തപ്പോൾ വായനയിലൂടെ എന്റെ നെഞ്ചു കവർന്നത് ഇനിയൊരു ജന്മമുണ്ടെങ്കിൽ നിങ്ങളെ പ്രണയിക്കുന്ന കഥകളിലെ മഹിളാരത്നങ്ങളിൽ ഒരുവളായി മാറണം. ആ അനുഗ്രഹം വാങ്ങണം.-
ഇരുളിൽ പ്രകാശികാതിരുന്നനാളിൽ
ഇടനെഞ്ചിൽ വെളിച്ചമേകിയ
നീ എന്ന പുസ്തകത്തിന് .....
-
സുൽത്താന്......
ന്റെ ബഷീർ ഇക്ക....
ഇത് പോലൊരു പ്രേമലേഖനം വേറാർക്കാണ് എഴുതാൻ പറ്റുക, അതും ജയിലിൽ വെച്ച്. "ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു..... " വായിച്ചപ്പോ ഞങ്ങളെ എല്ലാവരേം പോലെ സാറാമ്മയും ഞെട്ടിയിട്ടുണ്ടാവും. ഓ... പെണ്ണുങ്ങളുടെ തലയ്ക്കുള്ളിൽ നിലാവെളിച്ചമാണല്ലോ. തുടക്കവും അവസാനവും ഒരേ വരികളിൽ നിർത്താൻ നിങ്ങൾക്കല്ലാതെ വേറാർക്കാ കഴിയുക. വെറും 'ചപ്ലാച്ചി സാധനമായ ' പ്രണയത്തെ ഇത്രയും മനോഹരമായി വേറാർക്കാണ് അവതരിപ്പിക്കാൻ കഴിയുക.
നിങ്ങൾ ബേപ്പൂരിന്റെ മാത്രമല്ല മലയാള നോവലിന്റെ തന്നെ സുൽത്താനാ....-