അനർത്ഥമായ അന്ത്യയാമങ്ങളിൽ
നിലാവിന്റെ ആർദ്രതയിൽ
അറിയാതെ കണ്ണുടക്കി നിന്ന
നിഴലുകളാണ് നാം.
നിശബ്ദതയുടെ നാഴികകൾ
തഴുകിയകന്നിട്ടും,
നിലാവ് പിൻവാങ്ങിയിട്ടും
വെളിച്ചം കൊണ്ട് വേർപിരിയാൻ
കാത്തു നിന്ന നിഴലുകൾ....-
മണ്ണിന്റെ ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങി സ്ഥാനമുറപ്പിക്കാൻ,
അവിടെ നിന്ന് ഉൾകൊണ്ട ഊർജ്ജം ഒരു പൂർണ്ണ വളർച്ചയ്ക്കുവേണ്ടി ത്യജിക്കാൻ,
ഭൂമിയെ കെട്ടിപ്പുണർന്നുകൊണ്ട് നിലനിൽപ്പിന്റെ നന്ദി പ്രകടിപ്പിക്കാൻ,
വറ്റാത്ത നീരുറവകൾ തേടി യാത്ര പോകാൻ,
വെട്ടിമാറ്റിയാലും കിളിർത്തുവരുന്ന അതിജീവനത്തിന്റെ കരുത്ത് വീണ്ടെടുക്കാൻ.-
ഓരോ പൂവും ഓരോ പ്രതീക്ഷയാണ്.
മൊട്ടിടുമ്പോൾ മുതൽ കൊഴിയുന്നതുവരെയുള്ള പ്രതീക്ഷകൾ......
പൂമ്പാറ്റക്ക് തേനുണ്ണാനും, സൗന്ദര്യം കണ്ട് കൊതിക്കാനും, സൗരഭ്യം നുകർന്നറിയാനും, മണ്ണിനടിയിലെ ഇരുളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഓരോ പൂവും വിടരുന്നു......
ആ പ്രതീക്ഷകളെ നുള്ളിയെടുക്കരുത്
അത് സ്വയം കൊഴിഞ്ഞു വീണോട്ടെ...
-
നിറഞ്ഞ മിഴികൾ പരസ്പരം
ഉടക്കി സ്തബ്ധരായി നിൽക്കുമ്പൊഴും
യാത്രപറച്ചിലിന്റെ തിടുക്കത്തിലായിരുന്നു
നമ്മൾ.....
അതുകൊണ്ടാവണം വീണ്ടും കാണാം
എന്ന് പറഞ്ഞകലാൻ കഴിയാതെ പോയത്.
-
കാരണങ്ങളറിയാത്ത കാത്തിരിപ്പ്....
കാലൊച്ച ഇല്ലാതെ
കാട് കേറിയ നടവരമ്പിലല്ല.
ആളനക്കമില്ലാതെ
മാറാല കെട്ടിയ ഉമ്മറത്തല്ല.
പൊടികയറി നിറം മങ്ങിയ വരാന്തയിലുമല്ല.
വിങ്ങി വിങ്ങി കത്തുന്ന
ചെരാത് വെട്ടവുമായി
ഇടിഞ്ഞു തുടങ്ങിയ
ആ അസ്തി തറയിൽ .
-
ഉള്ളിലൊരു നെരിപ്പോട് ബാക്കിയാക്കി
അച്ഛൻ യാത്രയായി......
ശിഷ്ടകാലമിന്നിതാ
ചിതയിലമരുന്നു.
കഷ്ടപ്പാടിന്റെ വേർപ്പു കണികകൾ
ചിതയെ നനയ്ക്കുന്നു.
സന്തോഷത്തിന്റെ നല്ല നിമിഷങ്ങൾ
തീയിൽ പൊള്ളുന്നു.
പിച്ച വെയ്പ്പിച്ചതും അക്ഷരം പഠിപ്പിച്ചതും
ഓർമകളാകുന്നു.
നെഞ്ചിൽ കിടക്കവിരിച്ച് പാടിയ
താരാട്ട് ബാക്കിയാകുന്നു.
ചേർത്ത് പിടിച്ച ആഗ്രഹങ്ങളിതാ
പെരുമഴപ്പെയ്ത്തിൽ ഒഴുകിയകലുന്നു.
പൂർത്തിയാകാത്ത കവിതയും
ബാക്കിയാക്കി
അച്ഛൻ മടങ്ങുന്നു..........-
നമുക്ക് തളിർക്കാം...
വരാനിരിക്കും വസന്തത്തിന്
ഒരു കുട്ട പൂവ് നൽകുവാൻ,
ഗ്രീഷ്മത്തിന്റെ കൊടും ചൂടിൽ
തണലായി കുളിരേകുവാൻ,
പെരുമഴ പെയ്ത്തിൽ
തുള്ളിയിറ്റീടുവാൻ,
ഒടുവിലൊരു ശിശിരത്തിൽ
പൊഴിഞ്ഞുവീണ് അഴുകിച്ചേർന്ന്
വേരുകളിലൂടെ പുനർജനിക്കാൻ....-
നമുക്ക് തളിർക്കാം...
വരാനിരിക്കും വസന്തത്തിന്
ഒരു കുട്ട പൂവ് നൽകാൻ,
ഗ്രീഷ്മത്തിന്റെ കൊടും ചൂടിൽ
തണലിന്റെ കുളിരേകുവാൻ,
പെരുമഴ പെയ്ത്തിൽ
തുള്ളിയിറ്റീടുവാൻ,
ഒടുവിലൊരു ശിശിരത്തിൽ
പൊഴിഞ്ഞുവീണ് അഴുകിച്ചേർന്ന്,
വേരുകളിലൂടെ പുനർജനിക്കാൻ...
-
ശൂന്യയാണ് നീ
അർത്ഥശൂന്യ...
എഴുതപ്പെടാത്തവൾ...
വായിക്കപ്പെടാത്തവൾ...
വലിച്ചെറിയപ്പെട്ടവൾ....
ഏകയാണ് നീ...
നിസ്സഹായയാണ് നീ....
ആറടി നീളത്തിൽ ഒരു കുഴിയെടുത്ത്,
ആഗ്രഹങ്ങളാൽ പുതച്ച് മൂടപ്പെട്ട്,
സുഖമായി ഉറങ്ങിക്കോളൂ ....
നിന്റെ കണ്ണും കാതും പുഴുവരിക്കട്ടെ,
കണ്ടതും കേട്ടതും ജീർണ്ണമാകട്ടെ,
ആഗ്രഹങ്ങൾ അഴുകി തീരട്ടെ,
സ്വപ്നങ്ങൾ അലിഞ്ഞു ചേരട്ടെ.
അങ്ങനെ പോകു നീ നിന്റെ നരകത്തിലേക്ക്,
അടുത്ത ജന്മം മനുഷ്യനാവാതിരിക്കൂ....-