സ്നേഹം, സത്യം, സമത്വം, ത്യാഗം എന്നിങ്ങനെ ജീവിതത്തിൽ മഹത്തായ മൂല്യങ്ങൾ, അറിഞ്ഞും അറിയാതെയും പകർന്നു തന്ന എല്ലാവർക്കും, ഔപചാരിക വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ വഴികളിൽ വെളിച്ചമേകി കൈപിടിച്ച് നടത്തിയ എന്റെ എല്ലാ ഗുരുനാഥൻമാർക്കും, പ്രതിസന്ധിഘട്ടങ്ങളിലും തങ്ങളുടെ വിദ്യാർത്ഥികളെ അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കുന്ന ഇന്നിന്റെ എല്ലാ പ്രിയ അധ്യാപക സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ
അധ്യാപക ദിനാശംസകൾ.-
അറിവിന്റെ ഉമ്മറവാതിലിൽ നില്ക്കവേ,
അലിവോലും ഗുരുമുഖമന്നു കണ്ടു
അജ്ഞത ബന്ധിച്ച പാദങ്ങൾ മെല്ലവേ,
അറിവിൻ തിരുമുറ്റത്ത് പിച്ചവച്ചു..
അക്ഷരദീപത്തിൻ നടവഴിയിലൂടവേ,
വിദ്യാധനത്തിന്റെ പൊരുളറിഞ്ഞു.
സത്യമായ്, നന്മയായ്, തേന്മൊഴിയായ് ചിരം
മന്ദഹാസം തൂകുമധ്യാപകർ...
അധ്യാപനം ശ്രേഷ്ഠം, വിദ്യ തേടീടണം
അറിവിൻ ലോകത്തെ ചെറുതുള്ളികൾ നാം..
അക്ഷരത്തൂണുകൾ പണിതീർത്തിട്ടമരത്തായ്
അമരത്വമാം വിദ്യാദീപം തെളിച്ചീടാം...
ഉത്തമവ്യക്തികൾ ശിഷ്യരവ രായീടിൽ
ഗുരുദക്ഷിണയായിനി വേറെയെന്ത്?
ഗുരുവേ നമിച്ചിടാം ദക്ഷിണയായെന്നും ശിഷ്യ മനസിന്റെ സത് ചിന്തയേകിടാം..
അക്ഷരശ്രീയായ് കുറിച്ചൊരാദ്യക്ഷര മധുരമായ് ഹരിശ്രീയിനി മാഞ്ഞിടല്ലേ...
അധ്യാപക ദിനാശംസകളേകുന്നു
സ്നേഹാദരങ്ങൾ, വാടാമലരുകൾ !
-
അറിവിന്നാദ്യാക്ഷരം ചൊല്ലിതന്ന്
വിജ്ഞാനലോകത്തിൻ വഴികാട്ടികളായി
പാട്ടും കഥകളുമേറെ ചൊല്ലി തന്ന്
സത്യവും ധർമവും ജീവിതചര്യയാകണ
മെന്നോതിയവർ, നന്മ മരങ്ങളായി
കുഞ്ഞടികളിലും കുഞ്ഞു ശകാരങ്ങളിലും
സ്നേഹം ചാലിച്ചവർ, അക്ഷരത്തിനൊപ്പം ഊട്ടി അച്ഛനുമമ്മയ്ക്കുമൊത്തവരായി
മൂല്യച്യുതിയുടെ നാളിതിലും
ഗുരുനാഥരവർ വിളങ്ങുന്നു മനസിൻ
ശ്രീകോവിലിൽ അക്ഷരദേവതയായി-
ഗുരു..
*****
അമ്മയെന്നോതുവാനാദ്യം പഠിപ്പിച്ച
ഈശ്വരനാണെന്നാദ്യ ഗുരു..
'അ' മുതലുള്ളോരക്ഷരക്കൂട്ടത്തെ
ഹൃദയത്തിലേകിയെൻ ഗുരുക്കൾ.
തെറ്റു തിരുത്തിയും നന്മകളോതിയും
നേർവഴി കാട്ടീടുമെൻ ഗുരുക്കൾ..
അറിവേകും ദൈവം ,
അലിവേകും ദൈവം,
ആ ദൈവമാണിന്നെൻ ഗുരുക്കൾ..-
അക്ഷരങ്ങളിലൂടെയും ആശയങ്ങളിലൂടെയും തങ്ങളുടെ കഴിവിലൂടെയും വളർന്നു വിടരുന്ന നവജീവനുകൾക്ക് ഭാവിയിലെ ജീവിത സാധ്യതകളുടെ വാതായനങ്ങൾ തുറന്നുകൊടുക്കുന്നവരാണ് അധ്യാപകർ.
ഗുരുക്കന്മാരായ അധ്യാപകർക്കും, ഭൗതികാനുഭവമായി എന്നിരികിലില്ലാത്ത ,ഓർമകളാൽ നിറഞ്ഞ അമ്മ അധ്യാപികയ്ക്കും, സൗഹൃദവലയത്തിലുള്ള അധ്യാപകർക്കും..
..... ആശംസകളുടെ ഒരായിരം
അക്ഷരപ്പൂക്കൾ ...-
അമ്മയുടെ ചുംബനങ്ങൾ പോലെ
സ്നേഹമായിരുന്നു,
അമ്മട്ടീച്ചറുടെ കുഞ്ഞു കുഞ്ഞടികൾ.
അച്ഛന്റെ കാർക്കശ്യം പോലെ നിഷ്കളങ്കമയിരുന്നു,
അധ്യാപകരുടെ സൗമ്യമായ സാരോപദേശങ്ങൾ.
അക്ഷരങ്ങൾ കൊണ്ട് അന്നമൂട്ടിയ ഗുരുനാഥൻമാർക്കാവട്ടേ നമ്മുടെ പ്രാർത്ഥനകൾ.
എന്റെ ജീവിതത്തിലെ എല്ലാ ഗുരുനാഥന്മാർക്കും ആനന്ദപൂർണ്ണമായ അധ്യാപക ദിനം നേരുന്നു.
-
ഒരു നല്ല അധ്യാപകൻ ഒരു കൂട്ടം
നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു,
അതുവഴി ഒരു നല്ല സമൂഹത്തെയും
ഉന്നതമായ രാഷ്ട്രത്തെയും....-
അക്ഷരങ്ങളൊരു കൂട്ടമായീടിൽ
ആശയങ്ങളായി മാറീടും
അക്ഷരങ്ങളെ അറിഞ്ഞതും
ആശയമാക്കി നമ്മിൽ നിറച്ചതും
അധ്യാപകരാണല്ലോ .....
അറിവിൻ അഗ്നി പകർന്ന്
ജീവിത വെളിച്ചം തന്നവരാണവർ
അവരെ നമിക്കുക നിത്യവും
നമ്മുടെ നാളെകളെ
വിദ്യ നിറച്ച് , മനസ് നിറച്ച്
പ്രശോഭിതമാക്കുകയാണീ
ഗുരുഭൂതർ ......
അധ്യാപകദിനമൊന്നിൽ
ഒതുങ്ങരുതേയീ
ഓർമ ത്തേടലുകൾ ......
അറിയുക അറിയുക
ഗുരുക്കൾ തൻ മാഹാത്മ്യം
നിറയ്ക്കുക നിറയ്ക്കുക
മനസിലും ഇന്നിലും നാളെയും .... .
പകർന്നു കിട്ടിയ അറിവിൻ
നിറവുകളൊക്കെയും......
ഭാവിയിലെ വഴിവിളക്കുകൾ
നമ്മൾ തൻ ഗുരുഭൂതർ
കൈകൂപ്പിടുക നാമെന്നും ....
അമ്പിളി . ടി.പി
-