മഞ്ഞിൻ്റെ തണുപ്പിൽ
പുതഞ്ഞു കിടന്ന പകയുടെ
വെറുപ്പിൽ പുകഞ്ഞ
പഹൽഗാം...
പാതിയിൽ പൊലിഞ്ഞ
സ്വപ്നങ്ങളുടെ
അറ്റു കിടക്കുന്ന വേരുകൾ
ഇറ്റു കണ്ണീരിൽ
വെന്തു വെണ്ണീറായ
നാരായവേരുകൾ!
മനുഷ്യനൊരു മതമല്ല
മദം പൂണ്ട പല മതങ്ങളാണെന്ന
തിരിച്ചറിവിൻ്റെ
നടുക്കം മാത്രം!
-
എങ്ങോട്ടെന്നില്ലാത്ത യാത്ര പോലെ...
കാലചക്രമിനിയുമനുസ്യൂതമുരുളും
ഇടവഴികളിലിടയ്ക്കിടെ
നമ്മളെ തനിച്ചാക്കി
പലരും തിരക്കുകളിലലിയും
മുഖമൊന്നു തരാതെ
അപരിചിതത്വത്തിൻ്റെ
കാർമേഘം ബന്ധങ്ങളെ
ഇരുളിൽ തളച്ചിടും
വെള്ള പുതച്ചങ്ങനെ
കിടക്കുമ്പോഴും
നിർവികാരത എന്തിനോ
മരണത്തെ മാടി വിളിക്കും
തിരിച്ചറിവിലെത്താത്ത
നിർവികാരത!-
കോറിയിട്ട വരകൾക്കൊന്നും
ചിത്രരൂപമായിരുന്നില്ല
മൂഢസങ്കല്പങ്ങളിൽ
മാത്രം അത് ചരിത്ര സൃഷ്ടിയായി
നിലകൊണ്ടു.
എഴുതിയിട്ട വരികളൊന്നും
രണ്ടാം വായനക്ക് അർഹമല്ലായിരുന്നു
ചവറ്റുകൂനയിൽ അഗ്നിയ്ക്കിരയാകാൻ
അവയെല്ലാം
ഊഴം കാത്തു കിടന്നു.
വിറളി പിടിച്ച ചിന്തകൾക്കൊപ്പം
നീന്തി നടന്ന കൈവിരലുകൾ
പടച്ച മൂഢസങ്കല്പങ്ങളിൽ
അവ രാജത്വം സ്വീകരിച്ചു.
-
ഹൃദയതാളത്തിൻ്റെ ഗതിവേഗം
കൂടിയതാവാം
സന്ദേഹത്തിനു കാരണം.
രക്തക്കുഴലുകളെ
പ്രഹരമേൽപ്പിച്ചു കൊണ്ട്
ഉച്ചസ്ഥായിയിലേക്ക്
കടലിരമ്പം.
കർണപടങ്ങളിലലച്ച
നിശ്വാസത്തിന്
പണ്ടത്തെ പോലെ
ഇളം ചൂട് കണ്ടില്ല.
തണുപ്പിലേക്ക്
വിലയം പ്രാപിക്കാനുള്ള
ഇച്ഛയുടെ തീക്ഷ്ണത
മാത്രം കണ്ടു.
ജരാനരകളിൽ
കടുത്ത വേനൽ
മിന്നൽപ്പിളരുകളെ
ഒന്നിനു പുറകിൽ മറ്റൊന്നായി
അയച്ചു കൊണ്ടേയിരുന്നു.
മരത്തണലിൽ ശയിച്ചയാൾ
വിശ്രമത്തിലൂടെ
ഹൃദയത്തുടിപ്പുകളെ
മാറോടടുക്കി കണ്ണടച്ചു കിടന്നു.-
മറ്റുള്ളവരിലെ ശരികൾ കാണാനല്ല
അവരിലെ തെറ്റുകളുടെ അവക്ഷിപ്തം
തിരയാനാണ്
ചില കണ്ണുകൾക്കേറെയിഷ്ടം
-
വല്ലാതെ സങ്കടപ്പെട്ടിരിക്കുമ്പോഴായിരിക്കും
സന്തോഷത്തിൻ്റെ ആലിപ്പഴങ്ങൾ
നൂലിഴ പോലെ
ആത്മാവിനെ നനച്ചിറങ്ങുന്നത്.
തിരസ്കരണത്തിൻ്റെ
നോവിൽ
വീർപ്പുമുട്ടിപ്പിടയുന്ന
അന്തരാത്മാവിനെ
ചേർത്തു പിടിയ്ക്കുന്ന
നേർത്ത തെന്നൽ;
അതിനു ജീവൻ്റെ വിലയാണ്!-
മുൾവേലികളിൽ
കുരുങ്ങിയപ്പോൾ
ചങ്ങലകൾക്ക്
മൃദുത്വം തോന്നി
അന്ന് കരുതി വച്ചതിൽ ചിലത്
ഇന്ന് കൊളുത്തി വലിയ്ക്കുന്നുവെന്ന്...
കെടാതെ സൂക്ഷിച്ചവ
ആളിക്കത്തി കുടിലെരിച്ചെന്ന്...
കുന്നോളമായതെല്ലാം
അതിൽ എരിഞ്ഞെന്ന്...
ചീട്ടുകൊട്ടാരമല്ലേന്ന്
ആരോ ആശ്വസിപ്പിച്ചെന്ന്
തൊട്ടാൽ പൊള്ളുമെന്ന്
ചൊല്ലി പിൻവിളി
തൊട്ടിലിൽ തുടങ്ങിയ
പൊള്ളലെന്ന്
മുറവിളി
-
കോർത്തിട്ട മണിമുത്തുകൾ
ചേർന്നിതാ മഴമുത്തുകൾ
കുളിർന്ന പ്രകൃതിയുടെ
മൊഴിമുത്തുകൾ
കിലുകിലെ ചിണുങ്ങുമീ
ചിരിമുത്തുകൾ!-
കടലോളം സ്വപ്നം കാണാം
തിരകൾ എണ്ണി മനക്കോട്ടയിൽ
മയങ്ങാം...
ചിതറി വീഴുന്ന നീർത്തുള്ളികളായ്
സ്ഫടികം പോലെയതു വീണുടയാം
തിരക്കൈകൾ മായ്ച്ച
തീരത്തെ കൈയ്യെഴുത്തുകളെ
ഓർത്തു മിഴി വാർക്കാം...
ഒടുവിലകലെ അലിയുന്ന ചുവപ്പു രാശിയിൽ
ദീർഘനിശ്വാസങ്ങളെ അടക്കം ചെയ്യാം...
പിന്നെയും സ്വപ്നങ്ങൾ...
മങ്ങിയതെങ്കിലും പിന്നെയും പ്രതീക്ഷകൾ
വീണ്ടും തേടുന്ന പുലരികൾ-
ഒന്നും തിരികെ വരില്ല...
ആവശ്യമെങ്കിൽ
ഓർത്തെടുക്കാൻ മാത്രം
അനുമതിയേകി
ഇന്നലെകൾ
യാത്രയായി...
മുറിവിന്നാഴം ഓർമ്മപ്പെടുത്തി
പിന്നെയും മായാതെ മുറിപ്പാടുകൾ
ഒന്നും പഴയതുപോലാവില്ല,
ഏച്ചുകെട്ടിയിടത്തും,
വിളക്കിച്ചേർത്തിടത്തും
മായാത്ത മുറിപ്പാടുകൾ
അവശേഷിക്കും.
മുറിപ്പാടുകളെ കൂടെ കൂട്ടാതെ
കാലം കടന്നു പോകും...
ഹൃദയങ്ങൾ
ഭാരം ചുമന്ന് കിതയ്ക്കും...
-