ഒരിക്കൽ
സ്നേഹം കൊണ്ടും,
പിന്നീട്
ഒറ്റപ്പെടൽ കൊണ്ടും,
ഹൃദയത്തിലേറ്റ മുറിവിന്റെ
വേദനയും, ആഴവും
അത്രത്തോളം ഉള്ളതിനാലാവാം
ചിലപ്പോഴൊക്കെയും
നിസാരമായ വാക്കുകൾ
പോലും ഹൃദയത്തിലെ
മുറിവുകളിൽ കോറി വരഞ്ഞു
വീണ്ടും രക്തം കിനിയുന്നതും
കഠിനമായ നോവിൽ പിടയുന്നതും...!-
വായിക്കാൻ ഏറെ ഇഷ്ടം... നൊമ്പരങ്ങൾ മനസ്സിനെ പിടിമുറുക്കുമ്പോൾ അവയെ... read more
അത്രമേൽ പ്രിയമുള്ളതൊക്കെയും
'വിധി' എന്നൊരു വാക്കിൽ
കെട്ടിവരിഞ്ഞു ജീവിതത്തിൽ നിന്നും
അടർത്തിമാറ്റിയതിനു ശേഷമാണത്രെ
പലരും മരിച്ചു ജീവിക്കാൻ തുടങ്ങിയത്...!
ജീവിതത്തേക്കാൾ ഏറെയായി
മരണത്തെ പ്രണയിച്ചു തുടങ്ങിയത്...!-
ചുറ്റുമുള്ളവർക്കായി ജീവിതം
ജീവിച്ചു തീർക്കുന്നതിനിടയിൽ
വല്ലപ്പോഴുമെങ്കിലും അവനവനെ
ഒന്ന് തിരഞ്ഞു നോക്കണം,
ആരിലേക്കും, ഒന്നിലേക്കും
പൂർണ്ണമായും ആഴ്ന്നു പോവാതെ
നമ്മിലേക്ക് തന്നെ
ഒന്ന് ചേർത്ത് പിടിക്കണം,
എന്തിനെന്നോ...?
നാളെ ഒരുനാൾ തനിച്ചാവേണ്ടിവന്നാൽ
നമുക്ക് നമ്മളെങ്കിലും
താങ്ങും തണലുമായി ഉണ്ടാവാൻ....!-
നിന്നെ മടക്കി അയച്ചു
ഞാൻ പിന്തിരിഞ്ഞു
നടക്കുമ്പോൾ നിന്റെ നിഴൽ
നീപോലുമറിയാതെ
എന്നിലേക്ക് വന്നുചേർന്നിരുന്നു
ആ നിഴലിനെയും താണ്ടി
മുന്നേറാൻ വെമ്പിയ
എന്റെ പാദങ്ങൾ
ഒരുവേള നിശ്ചലമായിരുന്നു
നിന്റെ നിഴലെങ്കിലും എനിക്കെന്നും
സ്വന്തമായിരുന്നെങ്കിലെന്ന്
എന്റെ മനം മോഹിച്ചുവോ,
നിന്നിലേക്ക് മടങ്ങാനാവാത്ത
എന്റെ നിസ്സഹായത
അതെന്നെയൊരു സർപ്പത്തെപ്പോൽ
ചുറ്റി വരിഞ്ഞു ദംശിച്ചു,
അതിന്റെ വിഷമേറ്റ് തളർന്ന
ഹൃദയത്തെയും ചുമന്ന്
നിന്റെ നിഴലിനെയും വെടിഞ്ഞു,
നിന്റെ ഓർമ്മകളെ മാത്രം
കോർത്തെടുത്തു ഞാനിനിയെന്റെ
നിസ്സഹായതയുടെ മൗനത്തിൽ
നിനക്കായി തപം ചെയ്യട്ടെ...!-
ഹൃദയത്തിൽ അത്രമേലാഴത്തിൽ
വേരാഴ്ത്തിയ ഇഷ്ടങ്ങൾ
ജീവിതത്തിൽ നിന്നും
അടർത്തി മാറ്റേണ്ടി വന്നിട്ടുണ്ടെങ്കിൽ
ഒന്ന് തീർച്ചയാണ്,
ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും
ആ ഓർമ്മയിൽ ഹൃദയം പിടയും,
ആയുസ്സൊടുങ്ങും കാലം വരേയ്‌ക്കും
അത്രമേൽ നമ്മെ മോഹിപ്പിക്കുന്നതും,
വേദനിപ്പിക്കുന്നതും ആ ഇഷ്ടം മാത്രമാവും...!-
അത്രമേൽ ആഗ്രഹിച്ചത്
കൈക്കുമ്പിളിലേക്ക് കൊണ്ട് വച്ചു തന്നിട്ട്
പിന്നിൽ നിന്നും കണ്ണുപൊത്തികളിക്കുന്ന
വിധിയോട് മനസ്സ് വല്ലാതെ കലഹിക്കുന്നുണ്ട്,
ഉള്ളിലുയരുന്ന സങ്കടങ്ങൾ കനലുപോലെ
എരിയുമ്പോഴും കാലത്തിന്റെ കൈപിടിച്ചു
വിധിയെ വെല്ലുവിളിക്കാൻ ഹൃദയം വെമ്പുന്നുണ്ട്,
ഇനിയൊരിക്കൽ കൂടി വിധിയ്ക്കു മുൻപിൽ
തോൽക്കാതിരിക്കാൻ ഉള്ളം മോഹിക്കുന്നുണ്ട്...!-
ശ്വാസനാളത്തിലെങ്ങോ പിടഞ്ഞിറങ്ങിയ
അപൂർണ്ണമായൊരു നിശ്വാസത്തിനപ്പുറം
ധമനികളിലാകെ പടർന്നിറങ്ങിയ
തണുത്ത നീലരക്തമെന്റെ പ്രാണന്റെ
വേര് തിരഞ്ഞിറങ്ങുമ്പോൾ, നിന്നിലെന്നോ
ആഴ്ന്നിറങ്ങിയ എന്റെ വേരുകളിൽ നിന്നും
ഒടുവിലവ നീ പോലുമറിയാതെ എന്റെ
പ്രാണൻ അടർത്തി മാറ്റുമ്പോൾ,
ഒരു നേർത്ത തലോടൽ ഏകികൊണ്ട്
നീ എന്നിലേക്കായി വന്നു ചേരണം,
എന്നൊ മോഹിച്ചു നഷ്ടമാക്കിയ
നേർത്തൊരു ചുംബനത്താൽ എന്റെ
അധരങ്ങളിലേക്ക് ജീവന്റെ അമൃതൊരിത്തിരി
നീയെനിക്കായി പകർന്നു തരിക,
നീയുള്ള ലോകത്ത് നിനക്കായി മാത്രം
ഞാൻ ഒരിക്കൽ കൂടി പുനർജ്ജനിക്കട്ടെ...!-
ഞാൻ നഷ്ടമാക്കിയ എന്റെ സ്നേഹം,
അത് മാത്രമായിരുന്നു എന്റെ
ഹൃദയത്തിന്റെ ഉടമ എന്ന
എന്റെ തിരിച്ചറിവ്,
ഉടമയില്ലാത്ത ഹൃദയത്തിന്റെ
അരക്ഷിതാവസ്ഥയിൽ മുള്ളുകൾ
ആഴ്ത്തുന്ന അനാഥത്വം,
അതെന്നെ മറവിയുടെ
കയങ്ങളിലേക്ക് വലിച്ചെറിയും മുൻപേ,
എന്റെ യചമാനനെ ഞാൻ
കണ്ടെത്തിയിരിക്കുന്നു, ഒരു വിരൽപ്പാടകലെ
ആ സ്നേഹം ഇന്നെന്നിൽ നിറയുന്നു,
അതിന്റെ കരുതലിൽ എന്റെ നിമിഷങ്ങൾ
ഗ്രീഷ്മത്തെ വരിച്ച വാകയെപോൽ ചുവക്കുന്നു,
ഉള്ളിലാകെ വിതുമ്പി നിറഞ്ഞിരുന്നൊരു
മഴക്കാലം ഇന്നെന്നെ നോവിക്കാനാവാതെ,
മിഴികളിൽ പെയ്തൊഴിയാനാവാതെ
എന്റെ ഗ്രീഷ്മത്തിൽ ഉരുകിയകലുന്നു,
ഇനിയെന്റെ സങ്കടങ്ങൾക്ക് വിട,
എന്റെ സ്നേഹസൂര്യന്റെ ഗ്രീഷ്മാതപത്തിൽ
ഇനിയെന്റെ തപസ്സ്....!-
പിരിയാൻ നേരം
ആ വിരലുകളിൽ ഒന്നുകൂടി
എന്റെ വിരലുകൾ കോർത്തു പിടിച്ചു,
മിഴികളിലേക്ക് ഒരിക്കൽ കൂടി
എന്റെ മിഴികൾ കൊരുത്തു വച്ചു,
മിഴികളിൽ നീർ നിറയും മുൻപേ
നോട്ടം പിൻവലിക്കണം എന്നും,
വിരലുകളിലേക്ക് വിറയൽ പടരും മുൻപേ
വിരലുകൾ വിടുവിക്കണം എന്നും
ബുദ്ധി അലമുറയിട്ടു, പക്ഷെ...,
ഒരിക്കൽ കൂടി ആ വിരലുകളുടെ ചൂടും,
മിഴികളിലെ തിളക്കവും
ആത്മാവിലേക്ക് ചേർത്ത് വെക്കാൻ
കൊതിച്ച ഹൃദയം ബുദ്ധിയെയും തോൽപ്പിച്ചു,
ഒരായുസ്സിന്റെ പുണ്യം അത്രയും
ആ ഒരു നിമിഷം കൊണ്ട് നേടിയ
നിർവൃതിയോടെ, ഇനിയെന്റെ കാത്തിരിപ്പിന്റെ
അറ്റത്ത് നീയുണ്ടാവും എന്ന ഉറപ്പിൽ,
നിന്റേതു മാത്രമായി, നിനക്കായി മാത്രം
ഉറങ്ങിയുണരുന്ന എന്റെ ദിനരാത്രങ്ങൾ,
ഇനിയൊരിക്കൽ കൂടി നിന്റെ
ചുംബനചൂടിലേക്കായി ചുരുങ്ങാൻ
മാത്രകളെണ്ണി കാത്തിരിക്കുന്നു...!-