ആദാമിന്റെ വാരിയെല്ലിന്
ഒരു കഥ പറയാനുണ്ടായിരുന്നു.
പത്തുമാസം പേറിയ
ചില ചരിത്ര സൃഷ്ടികൾ വാഴ്ത്തിയ
മാതൃത്വത്തിന്റെ കഥ..
അടുക്കളയിൽ ഉരുകി തീർന്ന
അരങ്ങു കാണാത്ത
ചില ഉൾ രഹസ്യങ്ങളുടെ കഥ..
അക്ഷരത്തിന്റെ
വെള്ളി വെളിച്ചം പകർന്ന
വിശിഷ്ടമായ ഒരു ഗുരുവിന്റെ കഥ..
പെണ്ണ് എന്ന കാരണത്താൽ
ജീവിതത്തിന്റെ ആത്മാംശങ്ങളിൽ
താളം തെറ്റിയ ഒരു സ്ത്രീത്വത്തിന്റെ കഥ...
എന്നിട്ടും
നിന്നെ അറിയിക്കാതെ
ചില പെൺമനസ്സുകൾ
ഇവിടം അടയാളപ്പെടുത്താതെ പോകുന്നു
കാരണം
വായിക്കുവാൻ കഴിയാത്ത
നിഴലുപോലെ കൂടെയുണ്ടായിട്ടും
നിനക്ക് കണ്ടെത്തുവാൻ കഴിയാത്ത
ചുരുൾ രഹസ്യങ്ങൾ അതിനുണ്ടായിരുന്നു...
-
മിഴികളിൽ മയങ്ങും
വിരഹമെന്തോ ചൊല്ലി
വിടപറഞ്ഞ സ്നേഹത്തിൻ
വേദനയോ വിധിയിൽ
മറഞ്ഞ പ്രണയമോ...
ജനിമൃതികൾക്കപ്പുറം
നിന്നിൽ പടച്ച ജന്മാന്തര
ബന്ധത്തിൻ നൂലിഴയിൽ
ഇണപിരിഞ്ഞു കിടക്കും
പ്രണയത്തിൻ നശ്വരതയോ..
പറഞ്ഞുതീരാത്ത കഥകൾപോൽ
മിഴികളിലെന്തേ വിരഹം
നൃത്തമാടുന്നു പൊൻകതിരേ..
വിരഹം മറന്നു വിധിയേ
തിരുത്തി നീ മറന്ന വഴിയേ
മനസ്സിൻ ജാലകം തുറന്നിട്ടു
ഹൃദയവേദനയിൽ കടഞ്ഞെടുത്ത
ഉരുക്കിൻ ദൃഢതയേറിയ
മനസ്സുമായ് സഞ്ചരിക്കുക നീ
ഒരു പെണ്സിംഹമായ്...
-
മായാത്ത മോഹങ്ങൾ നട്ടുവളർത്തുമൊരു മായികലോകമാണെൻ മനസ്സ്
മുറിവേറ്റ ഓർമ്മകൾ മർമ്മരം
പെയ്യുമ്പോൾ പിടയാതെ
പിടയുന്നൊരാ മനസ്സ്
നേർവഴി പിന്തിരിയുന്നവർക്കു
മുൻപിൽ മൗനം ഭജിക്കുന്നു
ചിലപ്പോഴൊക്കെ നെറികെട്ട
ചെയ്തികൾക്കെതിരെ
പൊട്ടിത്തെറിക്കുന്നോരു
മാലപ്പടക്കമായിടു-
ന്നെങ്കിലുമൊരു
പിഞ്ചോമനതൻ പുഞ്ചിരിയിൽ
ചേർന്നലിയാൻ വിധം
നേർത്തതാണീ പെണ്മനസ്സ്-
" ഈ പെണ്ണെന്നു പറയുന്ന വർഗത്തെയുണ്ടല്ലോ എനിക്ക്... മനസിലാകുന്നില്ല..... !!
"അത് തനിക്കെന്നല്ല.......ആർക്കും
മനസിലാകില്ല...... "
"ഒരു പെണ്ണിന്റെ മനസ്സ്........
ആയിരക്കണക്കിനു...... വികാരസമുദ്രങ്ങളുടെ
അഴിമുഖമാണ്...... !!
-
ഒരു പെൺകുഞ്ഞ് ജനിച്ചാൽ
ഭാവിയിൽ അവളെ
കെട്ടിച്ചുവിടുന്നതിനെക്കുറിച്ചോർത്ത്
ഉറക്കം കളയരുത്...
സ്വന്തം കാലിൽ നിൽക്കാൻ
അവളെ പ്രാപ്തയാക്കാനുള്ള
സ്വപ്നങ്ങൾക്ക് ചിറകുകൾ തുന്നുക.!
കല്ല്യാണ പ്രായമെത്തും മുൻപേ
ഒരുവന്റെ കൈയിലേൽപ്പിച്ച്
കടമ തീർന്നെന്ന് വരുത്തി
ഒരു കോണിലൊതുങ്ങിക്കൂടരുത്..!
ഇനി ഈ വീട്ടിൽ
നീയൊരു വിരുന്നുകാരി മാത്രമെന്നും
പറഞ്ഞവളെ കുത്തിനോവിക്കരുത്.
നനഞ്ഞ കണ്ണുകളും
ഇടറിയ വാക്കുകളുമായി
ഒരഭയം തേടി അവളെത്തുമ്പോൾ...
കെട്ടിച്ച വീടാണിനി മരണം വരെ
നിനക്കായാശ്രയമെന്നോതി
കാരണവർ ചമഞ്ഞിരിക്കരുത്..!
ചോറ് വാരിയൂട്ടിയും...
പിച്ച നടത്തിയും..
മുൻപ് കൈകളാൽ
അവളെ ചേർത്ത് പിടിക്കുക..
അവൾക്കായ് ഏതൊരിരുട്ടിലും
കൂടെ നടക്കുന്ന വെളിച്ചമാകുക.. !
-
ഓരോ പെണ്മനസ്സിലും ചില കുഞ്ഞു കിനാപ്പക്ഷികൾ മുട്ടവിരിഞ്ഞ് ആകാശം നോക്കിയിരിപ്പുണ്ട്... പറന്നുയരാൻ....!
അതു ചിലപ്പോൾ നിങ്ങൾക്ക് നിസ്സാരമായി തോന്നിയേക്കാം....
പക്ഷെ അവർക്കതങ്ങനെയാകില്ല...
പറത്തിവിടാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും, ഒരിക്കലുമവരെ ചിറകൊടിച്ചു തളർത്താൻ ശ്രമിക്കരുത്.-