മുന്നിലേക്കായി നീളും കരങ്ങളിൽ
ഇന്നിപ്പോൾ അതിജീവനത്തിൻ
പ്രതീക്ഷ മാത്രം !-
വരില്ലെന്നായിരുന്നു ഭൂതകാലം
ആവർത്തിക്കില്ലെന്നായിരുന്നു വർത്തമാന കാലം
മുൻകരുതൽ വേണമെന്ന് ഭാവികാലം
-
പ്രണയമായവൾ ഒടുവിലൊരു
പ്രളയമായവൾ കലിയടക്കി
കാത്തുകൊള്ളുമെന്നാണെൻ പ്രതീക്ഷ..-
ആ കള്ളക്കറുമ്പീനെ പഴിക്കണ്ടാട്ടോ...
അവൾക്കധികം കരയണതിഷ്ട്ടല്ല്യ...
അവൾ പോറ്റുന്ന പ്രകൃതിയെ നീ തകിടം മറിച്ചാൽ എങ്ങനെയവൾക്കടങ്ങിയിരിക്കാൻ പറ്റും...
സ്വന്തം മക്കൾക്കെന്തെങ്കിലും പറ്റിയാൽ നിങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കുവോ...
ഞാൻ എന്റെ മകളായ പ്രകൃതിയോടു കാണിക്കുന്ന ഉത്തരവാദിത്തവും പ്രതീക്ഷയും അവളുടെ മാറു പിളർന്ന് കൊള്ളലാഭമുണ്ടാക്കുന്ന നിങ്ങളിൽ കാണാത്തതെന്തേ...???!
ഒന്നുമില്ലെങ്കിലും നിങ്ങളെയവളിത്രത്തോളം ക്ഷമിക്കുന്നില്ലേ...
സഹിക്കുന്നില്ലേ...
എന്നിൽ നിന്നതു പ്രതീക്ഷിക്കണ്ടാട്ടോ...-
ഇന്ന് അല്ലെങ്കിൽ നാളെ അല്ലെങ്കിൽ മറ്റന്നാൾ
ഇങ്ങനെ ആയിരുന്നു എന്റെ എല്ലാ ഇന്നലെകളും
ഇനിയും ഇതുപോലെയാവുമോ എന്റെ നാളെയും-
ആ പക്ഷി ചുള്ളിക്കമ്പുകൾ കൊത്തിയെടുത്ത് ദൂരെ കണ്ട മരത്തിലേക്ക് പറന്നു. ഓരോ ചുള്ളിക്കമ്പും ചേർത്ത് മനോഹരമായ ഒരു കൂടുണ്ടാക്കി. അപ്രതീക്ഷിതമായി വന്ന പേമാരിയിലും കൊടുങ്കാറ്റിലും ആ കിളിക്കൂട് ദൂരേക്കെങ്ങോട്ടോ പറന്നു പോയി. തിരികെ വന്ന പക്ഷി തന്റെ കൂട് കാണാതെ മരക്കൊമ്പിൽ തളർന്നിരുന്നു. ഒരു നിമിഷത്തെ തളർച്ചക്ക് ശേഷം തളരാത്ത ചിറകുകളുമായി ആ പക്ഷി പറന്നു. പുതിയൊരു കൂടിനായി...
ചുള്ളിക്കമ്പുകൾ തേടി...
അതെ മഴ മാറും..
മാനം തെളിയും..
മനസ്സും തെളിയും..
കാത്തുവച്ചതും കൂട്ടിവച്ചതും ഇഷ്ടപ്പെട്ടതും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകാം.
ചുള്ളിക്കമ്പുകൾ ചേർത്ത് വീണ്ടും പുതിയ കൂടൊരുക്കുന്ന പക്ഷിയെപ്പോലെ നമുക്കും സ്വരുക്കൂട്ടാം..
നഷ്ടപ്പെട്ടതോർക്കാതെ നഷ്ടങ്ങളോർക്കാതെ
പ്രതീക്ഷയുടെ ചുള്ളിക്കമ്പുകൾ ചേർത്ത്...
പ്രതീക്ഷ എന്ന വാക്കിന്
മുന്നോട്ടുള്ള ജീവിതം എന്നൊരു അർത്ഥം കൂടിയില്ലേ...-
എൻ മരണാനന്തരം മകനായ്
പിറന്ന നീയെനിക്കു കൊള്ളി
വെച്ചീടുമെന്നതെനിക്കൊരു
പ്രതീക്ഷ മാത്രമാണുണ്ണി....
കാരണമതു ചൊല്ലുവതുണ്ണി ഞാൻ
നമ്മളിലാദ്യമാരെന്നുള്ളതൊരു
ചോദ്യമാണുണ്ണി...അതിനുത്തരം
പറയുകവയ്യ നിനക്കോ എനിക്കോ...
പ്രതീക്ഷയാണുണ്ണി... എല്ലാമൊരു പ്രതീക്ഷയാണ് നമ്മളിലെ
നാം ആരാകുമെന്നതുപോലും
ഒരു പ്രതീക്ഷയാണ്...
-
പൊന്നും പണവും പദവിയും നേടി
മണ്ണും വിണ്ണും മനസ്സും കൈയടക്കിയവൻ
ഹൃദയം നിലക്കുന്നതു വരെ കാത്തിരുന്നു.-
ഓരോരോ പ്രതീക്ഷകളിലാണ് ഓരോരുത്തരും ജീവിക്കുന്നത്
അവസാനം പ്രതീക്ഷയവസാനിക്കുന്നിടത്ത്
അവരും മരിക്കുന്നു....-