ഞാൻ...എന്നിലൂടെ...എഴുത്തിലൂടെ...
എഴുത്തിന്റെ വഴികളിൽ എത്തിച്ചത്
കാലത്തിനൊപ്പം വിട പറഞ്ഞു പോയ അച്ഛൻ...
"എഴുതുമീ വരികൾക്ക് തിരി തന്നതാരോ
കനലൂതും ഇടനെഞ്ചിൽ എരിയുന്നതാരോ
കനവിന്റെ കുന്നിലെ കാണാത്തിടങ്ങളിൽ
കൈ തന്നു കൊണ്ടു പോയാരോ"
അച്ഛന്റെ തണൽ മാഞ്ഞു പോയിട്ടും
തളർന്നു പോകാതെ നെഞ്ചോടടക്കി
എന്നെയും എഴുത്തിനെയും വളർത്തിയത് എന്റെ അമ്മ...
"അമ്മ എന്നാലൊരു വാക്കല്ല
വാക്കിനും അപ്പുറം നിൽക്കുന്ന സത്യമാണ്
അമ്മ എന്നാലോ വെളിച്ചമല്ല
ദീപമെല്ലാം തൊഴുന്നൊരാ ദൈവമമ്മ
എന്നിലേക്കുള്ളൊരാ ദൂരം
അതെന്നമ്മ തൻ കണ്ണീരിനാഴം"
— % &വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയപ്പോഴൊക്കെ
എഴുത്തിനെ തിരിച്ചു വിളിച്ചു കൂടെയിരുത്തിത്തന്നത്
പ്രാണന്റെ പകുതിയിലേറെയായവൾ...
"നീ പെണ്ണ് നീറുന്ന പെണ്ണ്
നീർ മിഴിയാലെന്നെ മൂടുന്ന പെണ്ണ്
നീ എന്റെ ജീവനു താളം പകരുവാൻ
ഞാനറിയാതെ ഉരുകുന്ന പെണ്ണ്
ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും
നെഞ്ചോടു വാരി പുണരുന്ന പെണ്ണ്"
വീണ്ടും വീണ്ടുമെഴുതുവാൻ പ്രേരണയാവുന്നത്
ഏറ്റവും പ്രിയപ്പെട്ട കുഞ്ഞു മിഴികൾ, എന്റെ മകൾ...
"ഓരോ നിമിഷവും പൊഴിയുന്ന ചിരികളിൽ
എൻ ലോകമെല്ലാം കവർന്നെടുത്തോ നീ
മനസ്സിന്റെ വീഥിയിൽ പ്രഭ ചൊരിയുന്നു നീ
നിന്നെയെഴുതുവാൻ വരികൾ തികയില്ലിനി
നീയെന്റെ വിസ്മയം..."— % &എന്നെ എഴുതുവാൻ എന്നും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നത്, എന്നെ ഏറെ വായിച്ചത്
എന്റെ പെങ്ങൾ...
"സോദരീ നീയെന്റെ ഉള്ളിൽ നിറയും നിലാവെളിച്ചം
നഷ്ടമാം ബാല്യം തിരികെ നീട്ടും നിന്റെ മന്ദഹാസം
വാക്കിലും നോക്കിലും ഓർമ്മ ചേർത്തവൾ നീ
മറവിക്കു മുന്നേ നടന്നവൾ നീ, മായാത്തവൾ.
ചിരി തൂകും ഒരു പൂവിനകതാരിൽ നീയുണ്ട്
നീറുന്ന കനവിന്റെ നിറകണ്ണിൽ നീയുണ്ട്
ചിന്ത തിരയാത്തൊരാ തീരത്തിനൊടുവിലെ
കൽപ്പടവിനൊരു കോണിലുണ്ട്"— % &എന്നെ എന്നും എക്കാലവും ഏറെ സ്വാധീനിച്ച എൻ്റെ ജീവിതത്തിൻ്റെ തന്നെ ഭാഗമായ എൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി...
" ഓർമ്മകൾ തൻ പെരുമഴയിൽ
കനവുണരും വഴിയൊന്നിൽ
കഥ തിരയും നാളുകളിൽ
കാർമുകിലാം സ്വപ്നത്തിൽ
ചേക്കേറിയ തൂവൽ നീ
ഇരുളിൻ്റെ പാതയിൽ
ഇതളായി വീണവൾ
വെളിച്ചം കിതക്കും
വഴിയെ പുണർന്നവൾ
ഓർമ്മയിൽ മുങ്ങിയൊരു
കവിതയായ് തീർന്നവൾ "
— % &-
അകലുവാൻ വയ്യെനിക്കടരുവാൻ വയ്യ
ഒരുനിമിഷംപോലും പിരിയുവാൻ വയ്യ
അധരത്തിനധരത്തിൽ അധികമായ്
നൽകിയ മധുരമിതേതാണ്,
പറയൂ നീ...... നാഥനേ..
വ്യഥയിതു താങ്ങുവാൻ കഴിയില്ലയെങ്കിലും
കദനഭാരത്തിനെ കവിളിലായ് ചാർത്തിടാം
വിധിയെനിക്കേകിയ അതിഗൂഢമീ സ്വപ്നം
ഹൃദയത്തിൽ ചാർത്തി ഞാൻ
ഇനിയൊന്നുറങ്ങട്ടെ........-
നോവുകളേറെ നിശബ്ദത പുൽകിയ
നൂറായ് മുറിഞ്ഞൊരാ ഹൃദയത്തെയെന്നിൽ
നിന്നെത്ര നീ ദൂരെ മറച്ചുപിടിക്കിലുമത്രമേൽ
വേഗത്തിലണയുന്നു കാതിലാ കരളലിയിക്കുന്ന
നൊമ്പരക്കനലുകൾ ചിതറിതെറിച്ചു
വിതുമ്പുന്നു,വിങ്ങുന്നു,വിദുരമാം വീഥിയിൽ
വന്നുനിന്നെന്നോട് അലമുറയിട്ടു കരഞ്ഞു
മൊഴിയുന്ന മുഖമതിൽ നിഴലിച്ച വരികൾക്കുമപ്പുറം....
വിധിയോട് മല്ലിട്ട്,വ്യഥയെ വരിച്ചൊരാ
നിമിഷത്തിനുള്ളിലേക്കെത്തിനോക്കുമ്പോൾ
ആളിപടർന്നൊരാ ചുടലയ്ക്കു നടുവിലായ്
നീയന്നു നീറിപുകഞ്ഞൊരാ രാവിന്റെ
നേരലിഞ്ഞൊഴുകിയ വിഴികൾ തന്നാഴിയിൽ
ചിറകറ്റുവീണൊരാ പ്രാണന്റെ പ്രാണനെ
നിറയൊഴിച്ചെതിരേറ്റ നിണമായിരുന്നതിൽ
നീലിച്ചു കല്ലിച്ച നിറമായിരുന്നു......
ആ നിറമത്രയും നിന്റെ കനവായിരുന്നു...
ആ കനവന്നു പൊട്ടിതകർന്നിരുന്നു.....
അതിനെ ഞാൻ തൊട്ടന്നറിഞ്ഞിരുന്നു..
അന്നു കയ്യേറെ പൊള്ളി പിടഞ്ഞിരുന്നു
എന്റെ കയ്യാകെ വെന്തങ്ങെരിഞ്ഞിരുന്നു...-
എഴുത്തു പുരയിൽ ചുരുട്ടി വച്ചൊരു
ചെറിയ കുറിപ്പടി ഇങ്ങനെയെന്ന്
"മനസ്സു നിറഞ്ഞാലെഴുതുക നീ
ഹൃത്തിനെയങ്ങു കൊടുത്തിടുക
ചിരി വിടരുമ്പോൾ പുൽകുക തൂലിക
പുഞ്ചിരി പകരുക ചുണ്ടുകളിൽ
കണ്ണുകൾ മങ്ങും നേരവുമെഴുതുക
കണ്ണീരൊപ്പുന്നാ വരിയാകുക
ചിന്ത പിറന്നാലുടനെ എഴുതുക
വിത്തതു പാകി മുളപ്പിക്കാൻ
ഉള്ളിലെയെന്തും നീയിനിയെഴുതുക
നിന്നെയെനിക്കിനി വായിക്കാൻ"-
"നാം തേടി പോയൊരു പൂവുകൾ
നാം തന്നെന്നറിയും മുൻപും
കൈ വിരലുകൾ കോർത്തു നടന്നൊരു
നാമുണ്ടെന്നാ വഴി തന്നിൽ"-
തൂലിക✍...
എന്തോ എനിക്കെന്നും വല്ലാത്ത
പ്രണയമായിരുന്നു...
എന്റെ വരികൾ ഇനിയും
ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല...
നാളെ ഞാൻ ഇല്ലാതായാൽ
നിങ്ങൾ എന്റെ ഓർമ്മപ്പെയ്ത്തിൽ
അലിഞ്ഞു പോവരുത്...
നിങ്ങളെ സന്തോഷിപ്പിക്കാൻ
ഞാൻ ഉണ്ടാവും....
വരികളിലൂടെ....
നിങ്ങൾ ഉള്ളത്ത്രേം കാലം....-
പ്രാണൻ പിടഞ്ഞുപിടഞ്ഞു നീറുമ്പൊഴും
വേദനയൂറ്റി കുടിച്ചു നീങ്ങുമ്പൊഴും
ചോരകല്ലിച്ചിട്ടു നീ ചിരിക്കുമ്പൊഴും
അന്യമാമീവീഥി ആർത്തലക്കുമ്പൊഴും
പാതിയാം നിന്നെയും ചേർത്തണച്ചാളുന്ന
തീയിലേക്കലിയുവാൻ കൊതിയേറെയെങ്കിലും
വിറയുന്ന നിന്റെകൈയ്യെന്നോട് കോർത്തിടാൻ
വെമ്പിനിൽക്കുന്നൊരാമനസ്സു ഞാനറിയുന്നു
കരളേ ഭയമൊട്ടുമരുതരുതോമലേ...
അരികിലായ് ഞാനുണ്ട് കരയല്ലേ ജീവനേ....-
പഴക്കമേറിയോരാ മഴത്തുള്ളി നനവാൽ ചിതലരിച്ചെന്റെ ഓർമകളോരോന്നുമെങ്കിലും...
എവിടെയോ തിന്നാൻ മറന്നൊരാ ചിതലുകൾ നിന്നോർമകളത്രയും പ്രിയേ...-
അത്രമേൽ പ്രിയമുള്ള
ചില ചിന്തകൾ
വിട്ടുകളയാനാവാതെ
മനസ്സിന്റെ ചെപ്പിലിട്ട്
ഒത്തിണങ്ങിയ
വാക്കുകൾക്കായി
തപ്പിപ്പരതുന്നതിനിടയിലായിരിക്കും
ഏറെ മനോഹരമായി
മറ്റാരെങ്കിലും
അതെഴുതി വെക്കുന്നത്..
അത്രയേറെ ആശിച്ച ജീവിതം
മറ്റാരെങ്കിലും ജീവിക്കുന്നത്
കണ്ടുനിൽകേണ്ടി
വരുന്നുവെന്നത് പോൽ..-