അച്ഛൻ്റെ അരികിലെ
ചെറിയ നിഴലിനെ
ഞാനെന്നു ഞാനും വിളിച്ചു
അച്ഛനില്ലാത്ത കാലത്തെ
ഓർമ്മയ്ക്ക് വേണ്ടിയെന്നറിയാതെ
ഞാനും ചിരിച്ചു
-
ആഗസ്റ്റ് 20 ;
അച്ഛൻ മരിച്ചിട്ട് ഇരുപത്തിയാറു വർഷങ്ങൾ പിന്നിടുകയാണ്. അച്ഛനെന്നെ വിട്ടു പോകുമ്പോൾ എനിക്ക് ഇന്നത്തെ എൻ്റെ ഇച്ചുവിൻ്റെ അതേ പ്രായം മാത്രം , എട്ടര വയസ്സ്. എന്നാൽ ചുറ്റിനും അച്ഛനങ്ങനെ നിറഞ്ഞു നിൽക്കുന്നു, കേവലം കുറച്ചു വർഷങ്ങളുടെ നിഴലായല്ല, എൻ്റെ തീരാത്ത ഓർമ്മകളുടെ നിറവായി, ഞാൻ ജീവിച്ച നിമിഷങ്ങളിലൊക്കെയും.
അച്ഛനൊപ്പമുണ്ടായിരുന്ന, ഒരു കാലവും മരണമില്ലാത്ത നിമിഷങ്ങൾക്ക് കാവലിരിക്കുന്ന എനിക്ക്, ആ പുഞ്ചിരി മറക്കാൻ കഴിയാത്ത കണ്ണുകൾക്ക്, ദിനവും രാത്രി കേട്ടു കിടന്ന ആ കഥകൾ കേട്ടു മതി വരാത്ത കാതുകൾക്ക്, അവസാന നിമിഷത്തിലും ആ ശ്വാസം ഈ വിരലിൽ വീണ്ടും പതിക്കുമെന്നും അച്ഛനൊപ്പം പിന്നെയും പതിവു പോലെ നടക്കുമെന്നും കരുതി ഒടുവിൽ അത്രയും നിരാശയോടെ, ജീവൻ വേർപെടുന്ന വേദനയോടെ തിരിച്ചെടുക്കേണ്ടി വന്ന പ്രത്യാശയുടെ കുഞ്ഞു കരങ്ങൾക്ക്, തീർത്തും നഷ്ടമായ ഒരു ബാല്യത്തിന്, അച്ഛനിൽ തന്നെ എക്കാലവും തളച്ചിട്ട വരികൾക്ക്, ഒക്കെയുമൊക്കെയും ഇത്ര വർഷങ്ങൾക്കിപ്പുറവും പറയുവാൻ ബാക്കിയുള്ളത്, എഴുതുവാൻ ആഗ്രഹമുള്ളത് വീണ്ടും അച്ഛനെക്കുറിച്ചാണെന്ന് പറയുമ്പോൾ...
എൻ്റെ ഇച്ചുവിൻ്റെ ഒപ്പമിരിക്കെ ഒരുപാടു തവണ കണ്ണുകൾ നിറഞ്ഞിട്ടുള്ള എനിക്കറിയാം, എൻ്റെ ഇച്ചുവിനോളമുള്ള എന്നിൽ അച്ഛനെത്ര ആഴത്തിൽ പതിഞ്ഞുവെന്ന്, സ്നേഹമത്രയും പകർന്നുവെന്ന്, എന്നെക്കാളേറെ എന്നെ നഷ്ടമായത് എൻ്റെ അച്ഛനാണെന്ന്.-
ചേരാത്ത കുപ്പായമൊന്നാൽ
മനമൊന്നുടുപ്പിച്ചെടുത്ത്
ഭംഗിയുണ്ടെന്നൊരു
ഭംഗി വാക്കേകി നാം
നമ്മെ നടത്തുന്ന നേരം
ഈ ജീവിതം
പാറിപ്പറത്തുമാച്ചേല
പിന്നെയുള്ളു മറയ്ക്കുവാനൊന്നുമില്ലാതെ
യാഥാർഥ്യമാം നഗരമധ്യത്തിൽ
ഉളളതുള്ളപോൽ മനസ്സാക്ഷി മുന്നിൽ
സ്പഷ്ടമാക്കാൻ പ്രദർശനമാകും
നേരിനെത്തൊടാൻ പേടിച്ചൊടുവിൽ
നേരിൽ മുങ്ങി നിവർന്നു വരുമ്പോൾ
വ്യാജ വ്യാമോഹ സാമ്രാജ്യമൊക്കെയും
ബോധമാം തൂവാലയൊപ്പിയെടുത്തിടും
ചേർച്ചയെ നിർവ്വചിച്ചീടും
അളവുകോലുകൾ താങ്ങിയ
വേർതിരിവിന്നിരിപ്പിടത്തിൽ
നേടിയ തിരിച്ചറിവുറച്ചിരിക്കും-
ഞാനെന്നെത്തന്നെ
ഓർമ്മപ്പെടുത്താറുണ്ട്;
ഒരിക്കലൊരുപാടു പേർ
ഒപ്പമുണ്ടായിരുന്നെന്ന്,
വായിച്ചിരുന്നെന്ന്,
അറിഞ്ഞിരുന്നെന്ന്,
അഭിനന്ദിച്ചിരുന്നെന്ന്,
ആസ്വദിച്ചിരുന്നെന്ന്.
എൻ്റെ വരികൾ കണ്ടെടുത്തു
വായിച്ചവരെക്കുറിച്ചറിഞ്ഞപ്പോൾ,
എവിടെയോ മാഞ്ഞുപോയ
ഞാനെന്ന ചിത്രത്തെ
പൊടിതട്ടിയെടുത്ത്
ആരോ നോക്കുന്നതിലുമധികം
ഞാനെത്ര സന്തോഷിച്ചിരുന്നെന്ന്.
എന്നിട്ടുമറിയില്ല -
നിറയെ, നിറയെ
വരികളുള്ള
എന്നെ വായിക്കാനുള്ള
അക്ഷരവിദ്യ മാത്രം
എനിക്കന്യമായെന്ന്.-
ഇരുണ്ട ഭൂപടം കൊതിച്ചു വന്നവർ
തിരിച്ചു കേട്ടതോ ഉറച്ച വാക്കുകൾ
കരുത്തു കാട്ടുവാൻ കവർന്നെടുത്തത്
ജീവനെങ്കിൽ ജീവിതം തിരിച്ചടിച്ചിടും
പിടഞ്ഞു വീണവർ പകർന്ന ചിന്തകൾ
പകുത്തെടുത്തുറ്റവർ തിരിച്ചടിക്കുകിൽ
വീണ കണ്ണുനീരിനുപ്പു വറ്റിടും വരെ
കാത്തിരിപ്പു നീളുകില്ല കാലമെത്തിടും
ജീവിതം വെറുപ്പിനായ് മാറ്റിവെച്ചവർ
ആശകൾ നിറഞ്ഞ ജീവനപഹരിച്ചവർ
ഇറ്റുവീണ ചോരയിൽ പുഞ്ചിരിച്ചവർ
അർഹരല്ല ജീവിതത്തിനെന്നു നിശ്ചയം-
എന്താണ് നിങ്ങളുടെ എഴുത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത് ?
ഒരിടത്തെൻ്റെ ഹൃദയത്തിൻ്റെ
നാദം കേൾക്കുന്നു
നടന്ന വഴിയിലെ ഇടിഞ്ഞ പടവുകൾ
പിടഞ്ഞു പാടുന്നു
കഴിഞ്ഞ ചുവടിലെ വിരലടയാളം
പതിഞ്ഞു നിൽക്കുന്നു
ഇരുണ്ട കാഴ്ച്ചയിലദൃശ്യമായത്
തെളിഞ്ഞു കാണുന്നു
വരികളിൽ ഞാൻ നേരിനെ നീറ്റിയ
ഇന്നലെ എഴുതുന്നു
വായന,
ഇന്നിനെയൊന്നിനി നോക്കിടുമെങ്കിൽ
അതിലിന്നലെയൊഴുകുന്നു
ആ നിലച്ച ഹൃദയത്തിൽ
കവിതകൾ തഴച്ചു വളരുന്നു !!-
ജീവിതത്തെക്കുറിച്ച് ഏറ്റവും ആലങ്കാരികമായി എഴുതണമെന്ന് ആശിച്ചിട്ടില്ല. പക്ഷെ, വരികളിൽ ജീവിതം പടർന്നു കയറി പൂവിട്ടു നിൽക്കുമ്പോൾ യാതൊരു വിധ ലക്ഷ്യങ്ങളുമില്ലാതെ തന്നെ അലങ്കാരങ്ങളെ അത് സ്വായത്തമാക്കുന്നു. കരിഞ്ഞുണങ്ങിയ ഇലകളുടെ വരികളിലും അവരുടെ കഥ ജീവസ്സുറ്റ ഒന്നായിത്തുടരുന്ന പോലെ. അവരേറ്റ കാറ്റും വെയിലും സ്പർശനങ്ങളും മനസ്സിലേറിയ പോലെ. അചേതനമായ ഒന്നിൻ്റെ സാന്നിധ്യം പോലും നാമറിയാതെ വരികളിൽ അത്രമേൽ സൗരഭ്യത്തോടെ എന്തിനെന്നില്ലാതെ നിറയുന്ന പോലെ.
" കണ്ടില്ലയെകിലും
ഒരു വേള തൊട്ടു നിന്നില്ലയെങ്കിലും
വായിച്ചെടുത്തതിൽ പിന്നെ
ജീവിച്ചിരുന്നതിൻ ചാരെ
കണ്ടു മറന്നെന്ന പോലെ
പറ്റിപ്പിടിച്ചിരിക്കുന്നോർമ്മയിൽ
നിറം വറ്റാതെ ചേർന്നിരിക്കുന്നു
ഓർമ്മിച്ചെടുക്കുമ്പൊഴെല്ലാം
ജീവനിൽ ജീവനേറുന്നു... "-
ഒരിടത്തു ഞാനുണ്ട്
നിൻ മറവിക്കതീതനായ്
നീ തന്നെ വാഴ്ത്തിയ ഞാൻ
പിന്നെയോ, നീയുണ്ട്
എൻ മറവി ഓടിക്കിതച്ചിട്ടും
പിന്തുടർന്നീടുന്ന നീ
പ്രണയത്തിൻ
ഗോപുര വാതിലിൽ
ഗോപിക നീ
ഓർമ്മച്ചെപ്പു തുറക്കിൽ
കവിതകൾ ചാർത്തിയ
കാമുകിയും നീ
പിന്നെയൊരിക്കൽ
കണ്ടുമടുക്കൽ
പതിവായെന്നോതി
തമ്മിൽ മിണ്ടുക
വെറുതേയെന്നൊരു
കണ്ടെത്തലിലൂടെ
പകുതിയിൽ വെച്ചു
തിരിച്ചു നടത്തിയ
വേനൽച്ചൂടും നീ-
ഭൂതകാലത്തിൻ്റെ വള്ളിപ്പടർപ്പിൽ
അഴകുള്ള പൂവെന്നു പേരുള്ള നീ
വിരിയുന്നിടം തൊട്ടു കൊഴിയുന്നിടം വരെ
നെഞ്ചകം മോഹിച്ച കനവിന്നൊലി
ബാല്യമേ നീയങ്ങനെയായിരുന്നെങ്കിൽ
വർണ്ണമോഹനമായിരുന്നെങ്കിൽ
കാവ്യസങ്കൽപ്പമൊപ്പം നടക്കുവാൻ
നീയെനിക്കന്നു കൂട്ടു വന്നെങ്കിൽ
ചിന്തയങ്ങനെ ജീവനിൽ തേങ്ങുന്ന
വാക്കുകൾ കോറിയൊക്കെ മറക്കവെ
ഓർമ്മയെത്താത്തിടത്തെൻ്റെ
കൈ പിടിച്ചോടിയെത്തുന്നതച്ഛനെന്ന്
ഉണ്ടായിരുന്നു നിനക്കുമൊന്ന്
നിലാവിൻ ചിരിച്ചേലിലൊന്ന്
ഹൃദയമിറ്റുന്ന നേരമൊന്ന്
നിന്നിൽ വരികൾ നട്ടതാ കാലമെന്ന്-
നിലാവു തൊടുന്ന സമയങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് - ഓർമ്മയിൽ നിന്നു മാഞ്ഞു പോകാൻ ഒരൽപ്പം ബുദ്ധിമുട്ടാണ് (പറ്റില്ല എന്നല്ല).
യാദ്യശ്ചികമായാണ് കണ്ടുമുട്ടിയത്, പരിചയപ്പെട്ടത്, മിണ്ടിത്തുടങ്ങിയത്, സ്നേഹിച്ചത്, ഒന്നിച്ചത്, പിരിഞ്ഞത്, മറന്നത്. ഒടുവിൽ തമ്മിൽ അറിയുമായിരുന്നുവോ എന്നു പോലും ആശ്ചര്യപ്പെട്ടത്...
ഇനിയൊരിക്കൽ തമ്മിൽ വീണ്ടുമത്രമേൽ പരിചിതരാവാൻ ,
" കാറ്റിലുലയുന്ന ചില്ലയിൽ പൂവിട്ട
വേനൽ തഴുകുന്ന സ്വപ്നങ്ങളുണ്ടോ
നിഴലിൽ നിന്നുമടർന്നു വീണെങ്കിലും
നിന്നിലൊരു കനവു പകരുവാനുണ്ടോ
നാമെന്നു ചൊല്ലിയാലാർത്തലക്കുന്നൊരാ
തിരയൊന്ന് ചിന്തയിൽ തീരെയുണ്ടോ
നാം നടക്കുന്നിടം വീണ്ടും വരയ്ക്കുവാൻ
ഓർമ്മത്തുരുത്തിലാ ചായങ്ങളുണ്ടോ
ഹൃദയത്തുടിപ്പിൻ പ്രണയത്തിരച്ചിൽ
തുടരുവാൻ കാലവും കൂടെയുണ്ടോ
കാലമുണ്ടെങ്കിലുമൊപ്പം നടക്കുവാൻ
ഉള്ളിൽ നഷ്ടമാവാത്തൊരാ നമ്മളുണ്ടോ... "-