ഞാൻ...എന്നിലൂടെ...എഴുത്തിലൂടെ...
എഴുത്തിന്റെ വഴികളിൽ എത്തിച്ചത്
കാലത്തിനൊപ്പം വിട പറഞ്ഞു പോയ അച്ഛൻ...
"എഴുതുമീ വരികൾക്ക് തിരി തന്നതാരോ
കനലൂതും ഇടനെഞ്ചിൽ എരിയുന്നതാരോ
കനവിന്റെ കുന്നിലെ കാണാത്തിടങ്ങളിൽ
കൈ തന്നു കൊണ്ടു പോയാരോ"
അച്ഛന്റെ തണൽ മാഞ്ഞു പോയിട്ടും
തളർന്നു പോകാതെ നെഞ്ചോടടക്കി
എന്നെയും എഴുത്തിനെയും വളർത്തിയത് എന്റെ അമ്മ...
"അമ്മ എന്നാലൊരു വാക്കല്ല
വാക്കിനും അപ്പുറം നിൽക്കുന്ന സത്യമാണ്
അമ്മ എന്നാലോ വെളിച്ചമല്ല
ദീപമെല്ലാം തൊഴുന്നൊരാ ദൈവമമ്മ
എന്നിലേക്കുള്ളൊരാ ദൂരം
അതെന്നമ്മ തൻ കണ്ണീരിനാഴം"
— % &വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയപ്പോഴൊക്കെ
എഴുത്തിനെ തിരിച്ചു വിളിച്ചു കൂടെയിരുത്തിത്തന്നത്
പ്രാണന്റെ പകുതിയിലേറെയായവൾ...
"നീ പെണ്ണ് നീറുന്ന പെണ്ണ്
നീർ മിഴിയാലെന്നെ മൂടുന്ന പെണ്ണ്
നീ എന്റെ ജീവനു താളം പകരുവാൻ
ഞാനറിയാതെ ഉരുകുന്ന പെണ്ണ്
ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും
നെഞ്ചോടു വാരി പുണരുന്ന പെണ്ണ്"
വീണ്ടും വീണ്ടുമെഴുതുവാൻ പ്രേരണയാവുന്നത്
ഏറ്റവും പ്രിയപ്പെട്ട കുഞ്ഞു മിഴികൾ, എന്റെ മകൾ...
"ഓരോ നിമിഷവും പൊഴിയുന്ന ചിരികളിൽ
എൻ ലോകമെല്ലാം കവർന്നെടുത്തോ നീ
മനസ്സിന്റെ വീഥിയിൽ പ്രഭ ചൊരിയുന്നു നീ
നിന്നെയെഴുതുവാൻ വരികൾ തികയില്ലിനി
നീയെന്റെ വിസ്മയം..."— % &എന്നെ എഴുതുവാൻ എന്നും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നത്, എന്നെ ഏറെ വായിച്ചത്
എന്റെ പെങ്ങൾ...
"സോദരീ നീയെന്റെ ഉള്ളിൽ നിറയും നിലാവെളിച്ചം
നഷ്ടമാം ബാല്യം തിരികെ നീട്ടും നിന്റെ മന്ദഹാസം
വാക്കിലും നോക്കിലും ഓർമ്മ ചേർത്തവൾ നീ
മറവിക്കു മുന്നേ നടന്നവൾ നീ, മായാത്തവൾ.
ചിരി തൂകും ഒരു പൂവിനകതാരിൽ നീയുണ്ട്
നീറുന്ന കനവിന്റെ നിറകണ്ണിൽ നീയുണ്ട്
ചിന്ത തിരയാത്തൊരാ തീരത്തിനൊടുവിലെ
കൽപ്പടവിനൊരു കോണിലുണ്ട്"— % &എന്നെ എന്നും എക്കാലവും ഏറെ സ്വാധീനിച്ച എൻ്റെ ജീവിതത്തിൻ്റെ തന്നെ ഭാഗമായ എൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി...
" ഓർമ്മകൾ തൻ പെരുമഴയിൽ
കനവുണരും വഴിയൊന്നിൽ
കഥ തിരയും നാളുകളിൽ
കാർമുകിലാം സ്വപ്നത്തിൽ
ചേക്കേറിയ തൂവൽ നീ
ഇരുളിൻ്റെ പാതയിൽ
ഇതളായി വീണവൾ
വെളിച്ചം കിതക്കും
വഴിയെ പുണർന്നവൾ
ഓർമ്മയിൽ മുങ്ങിയൊരു
കവിതയായ് തീർന്നവൾ "
— % &-
"ഈ അച്ഛന്റെയുള്ളിലുമുണ്ടൊരമ്മ
കൊഞ്ചിയെത്തും മൊഴി മെല്ലെക്കരഞ്ഞാൽ
ആ കുഞ്ഞു കണ്ണുകളീറനണിഞ്ഞാൽ
ശകാരിച്ചു നിർത്തിയിടത്തുന്നെടുത്തുടൻ
വാരിപ്പുണർന്നുമ്മയാലങ്ങു മൂടവേ
കുഞ്ഞു മിഴി മുന്നിൽ നിൽക്കുന്നതമ്മ"
-
നിൻ ചെറു നിഴലെൻ കൂട്ടിനു
കൂടിയ നിമിഷം മുതൽ
ഞാനറിയുന്നീ ഭൂവിൻ നെഞ്ചകം
എന്നിലലിയുന്നു ഈ പാരിന്റെ സ്നേഹമത്രയും
എൻ കാലൊച്ചയിൽ നിൻ ചുണ്ടിൽ
വിരിയുമാ പുഞ്ചിരിയിന്നെന്റെ ജീവിതം
അമ്മ തൻ ഹൃത്തിലെ പാട്ടു നീ,
ഈ അച്ഛന്റെ ജീവന്റെ ഈണവും-
മകളുടെ കൈ പിടിച്ചാദ്യാക്ഷരം
കുറിച്ചക്ഷരക്കൂട്ടത്തെ തോഴരായ് നൽകെ
അക്ഷരമെന്നുമേ നെഞ്ചോടു ചേർക്കുമീ
അച്ഛന്റെ കണ്ണിലുതിർന്നതാനന്ദം-
"പുഞ്ചിരിക്കും കുരുന്നേ എനിക്കു നീ
ആദ്യമായ് തന്ന പുഞ്ചിരിയൊന്നതിൻ
മധുരമൊട്ടുമേ ചോർന്നതില്ലിന്നുമെൻ
ഓർമ്മ വാഴുന്നതൊന്നുമില്ലത്രമേൽ"-
"കുഞ്ഞുപൂവിന്റെ കണ്ണുനീരൊപ്പി
പുഞ്ചിരിച്ചെന്റെ കുഞ്ഞുമ്മ
കൊച്ചു സമ്മാനമേറ്റു വാങ്ങുന്ന
ആ ചിരിയെന്റെ ജീവിതം"-
അരികത്തു കൊഞ്ചുന്ന മകളുള്ള നേരത്ത്
പുഞ്ചിരിക്കൊരു മാത്ര കാത്തിരിക്കേണ്ട
ഹൃദയം നിറച്ചവൾ ചൊല്ലുന്ന കഥ കേൾക്കെ
തിരിയാതെ പറയുമാ വാക്കുമാഹ്ലാദം
ഒക്കെയും മെല്ലെപ്പരത്തിപ്പറഞ്ഞു
തീർത്താ മുഖം കള്ളച്ചിരി വിടർത്തീടവേ
ചിന്തകളൊക്കെയുമെങ്ങോ മറയും
വാത്സല്യമൊരു ചുംബനത്തിൽ തളിർക്കും-
കനിവിന്റെ നിറവുള്ള
നിൻ കുഞ്ഞു മിഴി തൻ
ഒരു നോക്കിൽ അകലുന്നു
ഞാനേറ്റ നോവ്-
ജീവിതമൊരു കുഞ്ഞു കളിയാണ്,
ഇച്ചൂന്റെ തക്കാളി പോലെ.
എന്തെന്നു ചോദിച്ചാൽ, ഒരു ചെറിയ കളി തന്നെ പറയാം. ഉദാഹരണത്തിന്, ഇന്നത്തെ ഇച്ചൂന്റെ സങ്കല്പ നിയമാവലി അനുസരിച്ച് മൂന്നു തക്കാളികളിൽ ഒന്നിനു പേരു മാങ്ങയും രണ്ടെണ്ണം തക്കാളികൾ തന്നെയുമാണെന്നിരിക്കട്ടെ. ഇടയ്ക്കൊരു തക്കാളി കാണാതായാൽ കളിയറിയാത്ത ആരും തിരക്കി കൊടുത്തെന്നിരിക്കും. പക്ഷെ, മാങ്ങയാണ്
കാണാതാവുന്നതെങ്കിൽ, 'എന്റെ മാങ്ങ എവിടെ' എന്ന ചോദ്യത്തിന് കളിയുടെ രഹസ്യം അറിയാത്തയാരും അന്വേഷിച്ചു കൊണ്ടേ ഇരിക്കേണ്ടി വരും, ഒരു പുതിയ മാങ്ങ എടുത്തു വന്നാൽ പോലും 'ഇതല്ല' എന്ന ചിണുക്കം മാത്രം മറുപടി കിട്ടും. എന്നാൽ അബദ്ധത്തിൽ ആ തക്കാളിയെടുത്ത് ഇവിടെ ഇതേ ഉള്ളു കൊച്ചേ എന്നു പറഞ്ഞാൽ 'ആ എന്റ മാങ്ങാ' എന്ന ചിരിയും കിട്ടിയെന്നിരിക്കും.
അതു പോലെ ശ്രദ്ധിച്ചു നോക്കിയില്ലെങ്കിൽ, മുഴുവൻ അറിഞ്ഞില്ലെങ്കിൽ, കുഴഞ്ഞു മറിഞ്ഞു പോകുന്ന എന്നാൽ എളുപ്പമുള്ള നിഗൂഢതയാണ് ജീവിതം മിക്കപ്പോഴും, പലപ്പോഴും അറിയാതെ ശരിയാക്കുന്ന ഉത്തരവും. 😉-
ഇച്ചു പറഞ്ഞു, ഇച്ചൂനും കവിത ചൊല്ലണോന്ന്, അതും ഇച്ചൂനെപ്പറ്റി. ഇച്ചൂനൊരു പാട്ടായാലോന്ന് ഞാനും.
'ഓ...' ന്ന് ഇച്ചൂം.
"ഈ കുഞ്ഞിച്ചിരിയിൽ എന്നുടെ
ഉള്ളം നിറയില്ലേ പൊന്നേ
ഈ കൊഞ്ചലിൽ എൻ മനമെന്നും
പൂ പോൽ വിടരില്ലേ കണ്ണേ
ഈ കുഞ്ഞാം മഴ നനയായ്
ഞാനെന്നും ഓടി വരില്ലേ
ഹൃത്തിൽ നിന്നൊരു ചുംബനമീ
കുഞ്ഞിക്കവിൾ മുത്തുകയില്ലേ"
ഞാൻ ചൊല്ലി. ഇച്ചു അക്ഷരം തിരിയാതെ കൂടെച്ചൊല്ലി. 'ഇഷ്ടായീ...'ന്ന് സാക്ഷ്യപ്പെടുത്തി.
'അച്ഛാ, ഇനി അടുത്ത പാട്ട്. അച്ഛനെ പറ്റി, പിന്നെ അമ്മേനെ പറ്റി'
പാട്ടുമായിട്ട് വരാമേ..
'ഓ...'
പയ്യെ ഞാൻ മുങ്ങി 😛-