ഞാൻ...എന്നിലൂടെ...എഴുത്തിലൂടെ...
എഴുത്തിന്റെ വഴികളിൽ എത്തിച്ചത്
കാലത്തിനൊപ്പം വിട പറഞ്ഞു പോയ അച്ഛൻ...
"എഴുതുമീ വരികൾക്ക് തിരി തന്നതാരോ
കനലൂതും ഇടനെഞ്ചിൽ എരിയുന്നതാരോ
കനവിന്റെ കുന്നിലെ കാണാത്തിടങ്ങളിൽ
കൈ തന്നു കൊണ്ടു പോയാരോ"
അച്ഛന്റെ തണൽ മാഞ്ഞു പോയിട്ടും
തളർന്നു പോകാതെ നെഞ്ചോടടക്കി
എന്നെയും എഴുത്തിനെയും വളർത്തിയത് എന്റെ അമ്മ...
"അമ്മ എന്നാലൊരു വാക്കല്ല
വാക്കിനും അപ്പുറം നിൽക്കുന്ന സത്യമാണ്
അമ്മ എന്നാലോ വെളിച്ചമല്ല
ദീപമെല്ലാം തൊഴുന്നൊരാ ദൈവമമ്മ
എന്നിലേക്കുള്ളൊരാ ദൂരം
അതെന്നമ്മ തൻ കണ്ണീരിനാഴം"
— % &വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയപ്പോഴൊക്കെ
എഴുത്തിനെ തിരിച്ചു വിളിച്ചു കൂടെയിരുത്തിത്തന്നത്
പ്രാണന്റെ പകുതിയിലേറെയായവൾ...
"നീ പെണ്ണ് നീറുന്ന പെണ്ണ്
നീർ മിഴിയാലെന്നെ മൂടുന്ന പെണ്ണ്
നീ എന്റെ ജീവനു താളം പകരുവാൻ
ഞാനറിയാതെ ഉരുകുന്ന പെണ്ണ്
ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും
നെഞ്ചോടു വാരി പുണരുന്ന പെണ്ണ്"
വീണ്ടും വീണ്ടുമെഴുതുവാൻ പ്രേരണയാവുന്നത്
ഏറ്റവും പ്രിയപ്പെട്ട കുഞ്ഞു മിഴികൾ, എന്റെ മകൾ...
"ഓരോ നിമിഷവും പൊഴിയുന്ന ചിരികളിൽ
എൻ ലോകമെല്ലാം കവർന്നെടുത്തോ നീ
മനസ്സിന്റെ വീഥിയിൽ പ്രഭ ചൊരിയുന്നു നീ
നിന്നെയെഴുതുവാൻ വരികൾ തികയില്ലിനി
നീയെന്റെ വിസ്മയം..."— % &എന്നെ എഴുതുവാൻ എന്നും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നത്, എന്നെ ഏറെ വായിച്ചത്
എന്റെ പെങ്ങൾ...
"സോദരീ നീയെന്റെ ഉള്ളിൽ നിറയും നിലാവെളിച്ചം
നഷ്ടമാം ബാല്യം തിരികെ നീട്ടും നിന്റെ മന്ദഹാസം
വാക്കിലും നോക്കിലും ഓർമ്മ ചേർത്തവൾ നീ
മറവിക്കു മുന്നേ നടന്നവൾ നീ, മായാത്തവൾ.
ചിരി തൂകും ഒരു പൂവിനകതാരിൽ നീയുണ്ട്
നീറുന്ന കനവിന്റെ നിറകണ്ണിൽ നീയുണ്ട്
ചിന്ത തിരയാത്തൊരാ തീരത്തിനൊടുവിലെ
കൽപ്പടവിനൊരു കോണിലുണ്ട്"— % &എന്നെ എന്നും എക്കാലവും ഏറെ സ്വാധീനിച്ച എൻ്റെ ജീവിതത്തിൻ്റെ തന്നെ ഭാഗമായ എൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി...
" ഓർമ്മകൾ തൻ പെരുമഴയിൽ
കനവുണരും വഴിയൊന്നിൽ
കഥ തിരയും നാളുകളിൽ
കാർമുകിലാം സ്വപ്നത്തിൽ
ചേക്കേറിയ തൂവൽ നീ
ഇരുളിൻ്റെ പാതയിൽ
ഇതളായി വീണവൾ
വെളിച്ചം കിതക്കും
വഴിയെ പുണർന്നവൾ
ഓർമ്മയിൽ മുങ്ങിയൊരു
കവിതയായ് തീർന്നവൾ "
— % &-
അസ്തമയത്തിന്റെ വരികൾ ഒരിക്കൽ മാത്രം എഴുതി വെച്ചതാണ് - മനസ്സു നീറുന്ന നിമിഷത്തിൽ, വിയോഗത്തിൽ, അച്ഛന്റെ വേർപെടാത്ത ഓർമ്മകളിൽ.
അതിങ്ങനെ ആയിരുന്നു:
"തിരകളെ തഴുകി നാം ഒരുമിച്ചു നീങ്ങവെ
അസ്തമയ സൂര്യനെ കാട്ടിത്തരും വരെ
കരയാതെ കണ്ണിനെ താങ്ങി നിർത്തീട്ടു നീ
അസ്തമിച്ചെവിടേക്ക് പോയി"-
കഥയല്ലാത്ത ഒരു ചെറിയ കഥ പറയാം.
അച്ഛൻ ഓർമ്മയായി മറഞ്ഞ, ആ വിയർപ്പു തുള്ളികൾ പതിഞ്ഞ മണ്ണിൽ, അദ്ദേഹം പാകിയ മോഹങ്ങൾ ഉറങ്ങുന്ന വഴിയിലൂടെ, ജീവിത യുദ്ധങ്ങളിൽ ഒട്ടും തളരാതെ ക്ഷമയോടെ എന്റെ കയ്യും പിടിച്ചു കൊണ്ട്, ഇരുട്ടിനെ വകഞ്ഞു മാറ്റി അമ്മ നടന്ന ആ നടത്തമാണ് എന്റെ ജീവിതമായത്.
- ആജൻ ജെ കെ
-
സ്വപ്നമൊക്കെയും ആ വിരൽത്തുമ്പിൽ ആയിരുന്നു. അതിലെന്നെ ചേർത്ത് നടന്നു നടന്ന് കാഴ്ചകളെ കഥകളാക്കിയ,
പറഞ്ഞു പറഞ്ഞു കഥകളൊക്കെയും സ്വപ്നങ്ങളാക്കിയ അച്ഛന്റെ വിരൽത്തുമ്പിൽ. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടപ്പൊഴോ, സ്വപ്നം തന്നെ ഒന്നു മാത്രമായി ചുരുങ്ങി, ആ വിരൽത്തുമ്പൊന്നു കൂടി തൊടാൻ, ഒരിക്കലെങ്കിലും.-
ആ കൈ വിരളിലെ പിടി വിട്ട നാൾ മുതൽ
ബാല്യം എന്നെ വിട്ടോടി മറഞ്ഞുവോ
നീണ്ട രാത്രികൾ നീളെ ഓർമ്മകൾ
തിരികെ എത്താത്ത യാത്രയിലച്ഛനും
കാത്തിരിപ്പെത്ര നാളെന്നു ചോദിക്കെ
ജീവനുള്ളിടത്തോളമെന്നുത്തരം
-
ആദ്യത്തെ കുഞ്ഞിക്കഥയെഴുതി അച്ഛന്റെ കൈകളിൽ കൊടുത്ത് എന്തു പറയുമെന്നറിയാൻ അത്ഭുതാദരങ്ങളോടെ കാത്തു നിന്നിട്ട് ഇരുപത്തി രണ്ടു വർഷങ്ങൾ പിന്നിടുന്നു. ഇനിയുമേറെ നന്നാവണം എന്നു പറഞ്ഞു അച്ഛൻ ചേർത്തു പിടിച്ചതും, പിന്നെയും മൂന്നു വർഷങ്ങൾക്കപ്പുറം എഴുത്തിന്റെയും വായനയുടെയും മാത്രം ലോകത്തിൽ നിന്ന് എന്നെ തനിച്ചാക്കി എന്റെ എല്ലാമായ അച്ഛൻ പോയതും ഓർമ്മയിൽ അതു പോലെ തന്നെ നിൽക്കുന്നു. പിന്നെ എഴുത്തുകൾക്ക് അനാഥത്വം ബാധിച്ചു. എങ്കിലും എഴുതി, പിന്നെയും ആ കൈകളിൽ തന്നെ വെച്ചു. എഴുതി ഉപേക്ഷിച്ചതിനെക്കാളും എഴുതിക്കൊണ്ടിരിക്കുന്നതിനെക്കാളും വലുത് എഴുത്തിനെ തന്നെ തന്ന അച്ഛൻ ആയതിനാൽ മറ്റനേകം നഷ്ടങ്ങൾ തീരെ ചെറുതായി. ഇപ്പോഴും വരികളെല്ലാം യാത്ര പോകുന്നത് ആ ഒരാൾ വായിക്കാനാണ്. ഓരോ തവണയും വായിക്കുന്നുമുണ്ട്. പിന്നെയും പറയും: "ഇനിയും നന്നാവാനുണ്ട്". അതാണെന്റെ സന്തോഷവും.
-
പല വരികളും നനഞ്ഞു പോയതെങ്ങനെ
എന്നു നീ ചോദിച്ചില്ലേ...
"ഞാനുമൊരു കുഞ്ഞു
പൂവായിരുന്നെന്നച്ഛൻ
കഥയാൽ നനച്ചു
വിടർത്തിയ പൂ
ഒരു നാളിലകലേയ്ക്ക്
മായുന്ന നേരവും
ഒരു കഥ ചൊല്ലിച്ചിരിച്ചതച്ഛൻ
കണ്ണീരു വീഴാ നിലാവതച്ഛൻ
പുറമേ പടരാ
നനവിന്നുമുള്ളിലും
ഈ തൂലിക
പെയ്തിടത്തൊക്കെയും"-
മനസ്സിലൊരു ബാല്യം
പടി കയറി വന്നു
പുഞ്ചിരി പൂവിട്ടു
കൈനീട്ടി നിന്നു
സ്നേഹമാ കുമ്പിളിൽ
നിറയെ പകർന്നു
ഇല്ലയെങ്കിലും
കരുതലിൻ കാവലാൾ
ഓർമ്മയങ്ങനെ
വാതിൽക്കൽ നിൽക്കെ
വീണ്ടുമൊരു കുറി
മിഴികൾ നിറഞ്ഞു
നഷ്ടമല്ലയെൻ
ഇഷ്ടത്തിനാലെ
ഓടി വന്നങ്ങു
പുൽകെ പറഞ്ഞു
ഓർമ്മ നെറുകെയിൽ
മുത്തട്ടെയെന്ന്-
എന്നെയാ നെഞ്ചോട് ചേർത്തൊരെന്നച്ഛന്റെ
ഹൃദയമൊഴുക്കിയ കഥകളുടെ ഗന്ധം
എന്നമ്മ പുൽകി ഉറക്കിയ രാവുകൾ
അകതാരിൽ നിന്നിന്നും ചൊരിയുന്ന ഗന്ധം
ഓർമ്മയുടെ പൂമരച്ചോട്ടിലായെന്റെ സഖി
കണ്ണു നീരൊപ്പി പുണർന്നതിൻ ഗന്ധം
അച്ഛനായ് ഒടുവിലെ ഒരുരുള ചോറെന്റെ
കൈകളിൽ ചേർത്തു കുഴച്ചതിൻ ഗന്ധം
ബാല്യത്തിൻ ഓർമ്മകൾക്കൊക്കെയും വല്ലാത്ത ഗന്ധം
പകലിന്റെ ഇരവിന്റെ
നിറവിന്റെ നോവിന്റെ
നേരിന്റെ അഴലിന്റെ
ആരും മറക്കാത്ത ഗന്ധം-