Sruthypayalzz   (Aiinu)
811 Followers · 803 Following

read more
Joined 24 November 2019


read more
Joined 24 November 2019
20 MAY 2023 AT 23:29

അന്നേക്കാലങ്ങളിൽ ആരൊക്കെയോ പൊഴിച്ച ഒഴിഞ്ഞമുല്ലവള്ളികളോടുള്ള പരിഭവമുണ്ടായിരുന്നു എന്റെ കണ്ണുകളിൽ...
വെയിലുറഞ്ഞയാ വൈകുന്നേരത്ത് ഒടിച്ചുകുത്തിയ മുല്ലകമ്പുകൾക്ക് അവളുടെ നിസ്വാർത്ഥമായ സ്നേഹത്തിന്റെ കരുത്തുണ്ടായിരുന്നു ,
അതേറ്റ് അവളുടെ ശൂന്യതയിലും അവരിന്നും തളിരുപൊട്ടി പൂവിടുന്നു... എന്തോ , അന്ന് 'എനിക്കുവേണ്ടി' എന്ന് പറഞ്ഞവൾ പുഞ്ചിരിച്ചപ്പോൾ ചെറുതായ കണ്ണുകളെ ഞാൻ ഇപ്പോഴും ഓർക്കുന്നു...
അന്നുവെച്ചുനീട്ടിയ സ്നേഹം പുരട്ടിയ വാക്കുകളിൽ ഞാൻ പലയാവർത്തി ജീവിക്കുന്നു...
മനുഷ്യർക്ക്‌ എങ്ങനെയാണ് ഇത്രമേൽ ആഴത്തിൽ വാക്കുകൾക്ക് വേരുനാട്ടി ഇറങ്ങിപോകാൻ ആവുന്നത്...അവരില്ലാത്ത വസന്തത്തെക്കുറിച്ച് ബോധമില്ലാത്തവരിലേക്ക് എങ്ങനെ തിരിച്ചുവരാതിരിക്കാൻ ആവുന്നത്...അറിയില്ല.

-


22 APR 2023 AT 23:18

അത്രമേൽ മനോഹരമായി നിങ്ങൾ എങ്ങനെ പ്രണയത്തെ വരച്ചിടുമെന്ന ചോദ്യത്തിന് ....
അയാളുടെ പുഞ്ചിരിയിലൂടെയെന്ന് മാത്രം കോറിയിട്ട് ഞാൻ ഇറങ്ങിപോകുമ്പോൾ ,
വാകയുടെ നിഴലുപറ്റി പോക്കുവെയിലുപെയ്യുന്ന വഴികളൊക്കെ എന്നെ കടന്നുപോയ അയാളുടെ വാചാലതയെ ഞാൻ ഓർക്കും....
ഇമകളുരുമി പറയാതെ ബാക്കിവെച്ച വാക്കുകളെ തിരഞ്ഞ് അയാളുടെ പുഞ്ചിരിയിൽ ഉടക്കിനിന്നുപോയ സായാഹ്നങ്ങളെ ഓർക്കും....
മറ്റൊരാളിലേക്കും ആഴത്തിൽ
പതിയാതത്ര മനോഹരമായൊരു കവിതയായിരുന്നു എനിക്ക് അയാൾ .....
ഹൃദയത്തിലേക്ക് അല്ലാതെ മറ്റൊരു കടലാസിലും കോറിയിടാനാവാത്ത എന്നിലായ് മാത്രം ജീവിക്കുന്നൊരു കവിത....

-


16 MAR 2023 AT 17:02

എല്ലായിപ്പോഴും മനുഷ്യർക്ക് വസന്തത്തെ
മാത്രം സ്വപ്നം കാണാനാവില്ലല്ലോ...
അവർ നിശബ്ദമായി ഇലകളെ പൊഴിക്കുകയും,മഞ്ഞവേരോടി തുടങ്ങിയ ഞരമ്പുകളെനോക്കി നെടുവീർപ്പിടുകയും,
ചിലപ്പോൾ കഴിഞ്ഞുപോയ വസന്തത്തിന്റെ ഓർമ്മകളാൽ പൊള്ളിക്കുകയും...
അങ്ങനെ എന്നുമൊരു വസന്തത്തെയും പിടിച്ചുവെക്കാനാവിലെന്ന ബോധമുടലെടുക്കുമ്പോൾ തൊണ്ടകീറി ഒരിറ്റുപുഞ്ചിരിപോലും കുടിക്കാനാവാതെ ,
കാലം ഇനിയെന്നെങ്കിലും ചില്ലകളെ സ്വപ്നംകാണിക്കുമ്പോൾ അവരെത്തേടി പൂമ്പാറ്റകൾ വരുമെന്ന പ്രത്യാശപോലുമില്ലാതെ മനുഷ്യർ വേരുണങ്ങി മരിച്ചുപോകുന്നു ....

-


10 MAR 2023 AT 14:43

വെയിലുപൊള്ളിക്കുന്ന ഉച്ചനേരങ്ങളിൽ ഞാൻ അയാളെ വായിച്ചിരിക്കാറുണ്ട്,ചിലപ്പോളൊക്കെ ചില വരികളിൽ ഉടക്കിനിന്നുപോകും ....
ഹൃദയം ഇടവപ്പാത്തി ഈറനണിയിച്ച ഉമ്മറപടിയിൽ കൊണ്ടിരുത്തി മുറ്റത്തു പൂവിട്ട മന്താരത്തെ പറ്റിച്ചേർന്ന മഴത്തുള്ളികളെക്കുറിച്ച് കവിതകൾ എഴുതിക്കും, അലസമായി കാറ്റുകോറിപോകുന്ന മുടിയിഴകളെനോക്കി കണ്ണുചിമ്മിച്ച തൊടിയിലെ കിഴുക്കുത്തിമുല്ല പടർപ്പുകളിൽ എന്റെ ആത്മാവിനെ കുരുക്കിയിടും....
എന്തോ....ഒരു വേനലും പൊള്ളിക്കാതെ ഞാൻ അയാളുടെ വരികളിൽ നിന്നും ഉണരാതിരുന്നെങ്കിൽ എന്ന് വല്ലാതെ മോഹിച്ചുപോകുന്നു.

-


8 FEB 2023 AT 22:49

മനുഷ്യർ പലപ്പോഴും പുഞ്ചിരിയിൽ ഉടഞ്ഞുപോകുന്നവരാണ്...
അതെ...ഹൃദയത്തിലേക്കുപോലും കോറിയിടാനാവാതെപോയ മനോഹരമായൊരു കവിതായിരുന്നു അവരിലെ പുഞ്ചിരി,
വരികളിൽകോർത്തുവെക്കാതെ ഇമകളിൽ
ഒളിപ്പിച്ച അത്രമേൽ മനോഹരമായ കവിത.....


-


27 JAN 2023 AT 22:37

ഞങ്ങളും ഇവിടെ ജീവിക്കുന്നു...
അത്രമേൽ അകലങ്ങളിലായിരുന്നിട്ടും
ഇരുചുവരുകൾക്കപ്പുറം വിരൽത്തുമ്പുകളുടെ ദൂരത്തിൽ ചേർന്നിരിക്കുന്നു...
തെല്ലു നീരസമില്ലാതെ പരസ്പരം കാത്തിരിക്കുന്നു...
ഒരിറ്റുപോലും സന്തോഷത്തിന്റെ മധുരംചോരാതെ,സങ്കടങ്ങളുടെ ചവർപ്പുമാറാതെ തമ്മിൽ ഇറക്കിവെക്കുന്നു...
ഞങ്ങൾ പുഞ്ചിരിക്കാറുണ്ട്
ഇടക്കൊക്കെ പൊട്ടിച്ചിരിക്കാറും...
ചേർത്തുപിടിക്കാറുണ്ട്....
ആവിപാറുന്ന ചായയുടെ ചൂടിൽ രാഷ്ട്രീയ ചർച്ചകളിൽ നേരംപോക്കാറുണ്ട്....
ചാരെയിരുന്ന് ഓർമ്മകളെ കോർത്തുകെട്ടാറുണ്ട്...
അതെ കടന്നുപോകുന്ന കാലത്തിന്റെ വസന്തത്തിൽ ഞങ്ങളും ഇവിടെ ജീവിക്കുന്നുണ്ട്.....

-


29 DEC 2022 AT 11:11

ഓരോ വരിയെഴുതുമ്പോഴും മഷി പടരുന്നത്
എന്റെ ഹൃദയത്തിലായിരുന്നു
കടലാസ്സിൽ എന്റെ വെയിലേറ്റ് തളിർക്കുന്ന വരികളിലെല്ലാം പ്രണയം ഉണ്ടായിരുന്നു...
ഞാൻ അറിയാതെ മിഴിചിമ്മിയ പുഞ്ചിരിപോലും കവിതകളാക്കിയ അയാളുടെ തൂലികയെ ആയിരുന്നു ഞാൻ പ്രണയിച്ചത് ,
അയാളിലെ വരികളിൽ ജീവിക്കുന്നയെന്നെ എനിക്കെന്നും പ്രിയമായിരുന്നു....
എന്നിലെ ശൂന്യതയിൽ വാക്കുകൾ കടംതന്ന അയാളുടെ ഹൃദയത്തെയായിരുന്നു ഞാൻ പ്രണയിച്ചത്....
നിശ്വാസങ്ങളിൽ ഒതുക്കിയ മനസിന്റെ നീറ്റലുകളെയറിഞ്ഞ് ചേർത്തിരുത്തി പുഞ്ചിരി പകുത്തുതന്ന അയാളോടാണെനിക്ക് പ്രണയം ...
എന്റെ വരികളെ എന്നും മനോഹരമാക്കിയ നിസ്വാർത്ഥമായ പ്രണയം.....

-


25 NOV 2022 AT 20:06

മരിച്ചുതുടങ്ങിയിരിക്കുന്നു എന്നിലെ അക്ഷരങ്ങൾ ....
ആത്മാവ് ജീർണിച്ച മരമെന്നപോൽ ഇനിയൊരു വസന്തവും എന്നിലേക്ക്‌ അണയില്ലയെന്ന ബോധത്തോടെ ചിന്തകളുടെ ചൂടിൽ നീരുവറ്റി ഞാനും മരിക്കുന്നു .....
എന്നെങ്കിലും പ്രതീക്ഷകളുമായി എന്നിലേക്ക് പെയ്തിറങ്ങുമെന്ന് ഞാൻ മോഹിച്ച മഴപോലും
വരണ്ടയെന്റെ ഹൃദയത്തെ പ്രത്യാശകളില്ലാത്ത മരുഭൂമിയാക്കി മടങ്ങിവന്നില്ല....
ഇല്ല.....ഇനിയൊരു വരിപോലും എന്നിൽ തളിർക്കില്ല....

-


14 NOV 2022 AT 22:54

വാചാലമായ വാക്കുകൾക്കിടയിലെ
മൗനം അർഥശൂന്യമാണെന്നത് തികച്ചുമൊരു തെറ്റിധാരണ തന്നെയായിരുന്നു ....
തനിക്കെന്നോണം മറ്റൊരാളിലും അത് പൂർണ്ണമാകില്ലയെന്ന ബോധത്തിൽ
നിശ്വാസങ്ങളാൽ ഞെരിക്കപ്പെട്ടവയാണ് ആ മൊഴികൾ...ഒരാളിലേക്കും വലിച്ചു നീട്ടാനാവാതെ ഹൃദയത്തിന്റെ ഭിത്തിയിൽ വിള്ളൽവീഴ്ത്തുമ്പോഴും മോണകാട്ടിച്ചിരിച്ച് അവരെന്നിലേക്കുമടങ്ങി....
എപ്പോഴൊക്കെയോ ഞാൻ എന്നിൽ പൂർണതയനുഭവിക്കുന്നു , മറ്റൊരാൾക്ക്‌...? എന്നൊരു ചോദ്യം തികച്ചും വ്യർത്ഥമാണ്.

-


6 SEP 2022 AT 23:08

ഒരുപാട് കാലത്തിനിപ്പുറം ഹൃദയത്തോട് ചേർത്തുനിർത്തുമ്പോൾ വാചാലമായ വാക്കുകൾക്കുമപ്പുറം നിശബ്ദമായി പുഞ്ചിരികൾ കോറിയിട്ട് നിന്റെ നിശ്വാസങ്ങളെ അളക്കാറുണ്ട്.....
കടന്നുപോകുന്ന ഓരോ നിമിഷവും ഓർമകളിലേക്കായി എഴുതിച്ചേർക്കുമ്പോൾ കാത്തിരിപ്പുകൾക്കൊടുവിൽ ചേർത്തുകെട്ടിയ കൈകളിൽ പ്രണയത്തിന്റെ പൂവല്ലികൾ പൂക്കാറുണ്ട് , അവരെന്നിലെ വസന്തത്തെ പകർത്തിയെഴുതാറുണ്ട്....
ഹൃദത്തിന്റെ ഈണത്തിന് ചെവിയോർത്ത് മിഴികൾ ഉടക്കാതെ പുഞ്ചിരിച്ച് വഴുതിവീഴാറുണ്ട് .....
എന്തോ...
കാറ്റിന്റെ താളത്തിന് ഓളംതല്ലി തീരത്തെപുൽകിയകലുന്ന പുഴയെന്നപോലെ
അവർക്കിടയിലെ അപൂർണമായ കവിതകളെന്നപോലെ...
അത്രമേൽ മനോഹരമായ എന്റെ പ്രണയം.......

-


Fetching Sruthypayalzz Quotes