Sreeyuktha K C  
428 Followers · 99 Following

read more
Joined 27 August 2018


read more
Joined 27 August 2018
24 AUG 2021 AT 22:29

നീ....
ഒരു കവിതയാണ്...
വരികൾക്കിടയിൽ പോലും അകലം ഇല്ലാത്ത
ഒരു കുഞ്ഞ് ഹൈക്കൂ കവിത...

-


20 AUG 2021 AT 13:44

ഡൽഹിയിലെ തെരുവുകളൊന്നിൽ വന്ദേമാതരം പാടിച്ചും ജയ്ശ്രീറാം വിളിപ്പിച്ചും അഹിന്ദുവായൊരു യുവാവിന്റെ ദേശഭക്തി അളന്ന അന്ധഭക്തൻ കരഞ്ഞു ;
അഫ്ഗാൻ ജനതയുടെ കഷ്ടപ്പാടാണ് കഷ്ടപ്പാട്.

ബാബരി മസ്ജിദ് പൊളിച്ചവരും ഇഷ്ടിക ചുമന്നു രഥയാത്ര നടത്തിയവരും ബാമിയാനിലെ ബുദ്ധപ്രതിമ തകർത്തതിൽ കടുത്ത അമർഷം രേഖപെടുത്തി.

ഗോതമ്പുപാടങ്ങളിൽ, ഓടിക്കൊണ്ടിരുന്ന ബസുകളിൽ, ട്രെയിനിലെ വിജനമായ ബോഗികളിൽ, സ്ത്രീത്വത്തെ അപമാനിച്ചവർ
അഫ്ഗാനിലെ സ്ത്രീ സ്വാതന്ത്ര്യം നഷ്ടപെടുന്നതോർത്തു വേവലാതി പൂണ്ടു.

പൗരത്വത്തിൽ മതം ചേർത്ത് പട്ടിക തയ്യാറാക്കാൻ വെമ്പൽ കൊള്ളുന്നവർ മതം വിഷമാണെന്ന് പോസ്റ്ററെഴുതി പ്രതിഷേധിച്ചു.

അഫ്ഗാനിലെ സ്ഥിതി മനുഷ്യത്വരഹിതമാണെന്ന മന്ത്രിയുടെ പ്രസ്താവന കേട്ടാവണം ,
ഇന്നലെ വരെ ഒഴുക്കുനിലയ്ക്കാത്ത സ്റ്റാൻ സ്വാമിയുടെ രക്തം തടവറയിൽ ഉറച്ചു പോയത്.

ശ്രീയുക്ത കെ സി

-


21 JUN 2021 AT 19:11

മരിച്ചവരുടേയും മരണത്തിലേക്ക് നടന്നടുക്കുന്നവരുടെയും ഭാഷ നിങ്ങൾക്കന്യമാണ്.

എന്നെ കേൾക്കൂ, ഞങ്ങളെ കേൾക്കൂ എന്നവർ അലറുന്നുണ്ട്...
നിങ്ങൾക്കത് മൗനമായി തോന്നും.

വേറേതോ ഭാഷയിൽ, വേറേതോ ലിപിയിൽ അവർ പറയുന്നതായും എഴുതുന്നതായും തോന്നും.
ഉന്മാദികളെന്നു പറഞ്ഞ് നിങ്ങളവരെ ചിരിച്ചു തള്ളും.

ചരിത്രമായതിനുശേഷം നിങ്ങളവരെ തിരക്കി ചെല്ലും.
ഓർമ്മകൾ അടുക്കി സ്മാരകങ്ങൾ പണിയും.

പകൽവെളിച്ചത്തിൽ നിഴലിനെ തേടുന്നത് എന്തിനെന്ന് മൃതിയടഞ്ഞവരപ്പോൾ ചോദിക്കും.

-


23 JAN 2021 AT 23:47

ഒലീവു മരത്തിനു കീഴെ വിചാരണകളേതും കൂടാതെ
ഇവിടെയും കവികൾ * വെടിയേറ്റ് വീണേക്കാം...

തീണ്ടാപാടകലത്തു നിന്ന് ആയിരമായിരം
ശബ്ദങ്ങൾ ഇനിയും മുറിച്ചു മാറ്റപ്പെട്ടേക്കാം...

തെരുവിൽ, പോലീസ് ദണ്ടുകളുടെയറ്റത്ത്
'വന്ദേമാതരം ' ഒരു നിലവിളിയായി പരിണമിച്ചേക്കാം...

മണ്ണിനെ കേൾക്കാത്ത ഭരണകൂടം കർഷകരെ
ഖലിസ്ഥാൻ തീവ്രവാദികളായി മുദ്രകുത്തിയേക്കാം...

അപ്പോഴും, ഭരണാധികാരികൾ പത്രകുറിപ്പിറക്കും -
"ഇതാണ് മതേതരത്വം , ഇതാണ് ജനാധിപത്യം , ഇതാണ് ദേശീയത "...


-ശ്രീയുക്ത കെ സി

-


1 OCT 2020 AT 17:34

രാമനില്ലാത്ത രാമരാജ്യം

ജയ് ശ്രീറാം വിളിച്ചാൽ മാഞ്ഞു പോകുന്ന തെറ്റുകൾ.
രഥയാത്രയാൽ തകർന്ന് വീഴുന്ന പള്ളികൾ.
നാവറുത്തെടുത്ത് നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികൾ.
പ്രതിഷേധസ്വരങ്ങളെ ഇരുട്ടറയിലേക്കയക്കുന്ന നിയമവ്യവസ്ഥ.
പണമെറിഞ്ഞ് നേടുന്ന വിധിന്യായങ്ങൾ.

-


11 SEP 2020 AT 20:03

എനിക്ക് നീ, നീ മാത്രമാണ്.
മറ്റാരെയും ഞാൻ നിന്നിൽ കാണാറില്ല.
എന്നാൽ പലപ്പോഴും മറ്റുള്ളവരിൽ
നിന്നെ തിരഞ്ഞിറങ്ങാറുമുണ്ട്...

എനിക്ക് നീ, തീ മാത്രമാണ്.
ഇടയ്ക്ക്, കത്തുന്ന നട്ടുച്ച വെയിലായ്
എന്നിലേക്കരിഞ്ഞിറങ്ങുകയും
വല്ലാതെ പൊള്ളിച്ചകലുകയും ചെയ്യുന്ന തീ.

എനിക്ക് നീ, നീ മാത്രമാണ്....
നിന്നിലേക്കടുക്കുകയെന്നാൽ മരണമാണ്,
നീയെന്നാൽ തീയാണ്....

-


23 MAY 2020 AT 20:05

സ്വപ്നത്തിൽ നിന്നിറങ്ങി വന്ന ഒരവധൂതൻ എന്നോട് പറഞ്ഞു,
"ലോകം കുമ്പസാരത്തിനൊരുങ്ങുന്നു.
പാപങ്ങൾ ഏറ്റെടുക്കാൻ നോഹയുടെ പെട്ടകം ഒരുങ്ങി കഴിഞ്ഞു. "

കൺ തുറന്നതും പള്ളി തേടി ഞാനിറങ്ങി,
പള്ളിയും പള്ളിമേടയും അടഞ്ഞു കിടക്കുന്നു.

തുറന്നു വച്ച പള്ളികളും കുമ്പസാരക്കൂടുകളും
എന്റെ സ്വപ്നത്തിൽ അകപ്പെട്ടു പോയി.

ലോകം കുമ്പസരിക്കാൻ ഒരുങ്ങുന്നു,
പള്ളി അടഞ്ഞു കിടക്കുന്നു.

പാപക്കറകൾ ഒഴുക്കി കളയുവാൻ കുമ്പസാര ക്കൂടുകൾ എവിടെ ?

-


19 MAY 2020 AT 20:19

എനിക്ക് പേരില്ലായിരുന്നുവെങ്കിൽ,
വസ്ത്രം കൊണ്ടെന്നെയവർ തിരിച്ചറിഞ്ഞേനെ.

എനിക്ക് വസ്ത്രമില്ലായിരുന്നുവെങ്കിൽ,
ലിംഗം കൊണ്ടെന്നെയവർ വേർതിരിച്ചേനെ,

എനിക്ക് ലിംഗമില്ലായിരുന്നുവെങ്കിലോ?
എങ്കിൽ, 'ഞാനേ' ഇല്ലെന്നു തന്നെയവർ പറഞ്ഞേനെ...

-


6 MAY 2020 AT 16:16

ആരുടെയൊക്കെയോ സ്വപ്നങ്ങളിൽ,
എന്നെങ്കിലുമൊരിക്കെ മരണപ്പെട്ടവരാണ് നാം.

ഇന്നലെയെന്റെ സ്വപ്നത്തിൽ,
മരണത്തിലേക്ക് നടന്നകന്നത് നീയായിരുന്നു.

അത് കാണെ ശ്വാസം കിട്ടാതെ പിടഞ്ഞത് ഞാനും.

-


26 APR 2020 AT 13:04

അയാൾ...

നടന്നു തീരാത്ത ഇടവഴികളിലൂടെ,
പറഞ്ഞു തീരാത്ത കഥകളുമായ്
അയാൾ യാത്ര തുടങ്ങി.

അയാളുടേതായ വഴികളും
കഥകളും മനസ്സിലാക്കാൻ
ശ്രമിക്കാതെ,
അയാളെ കടന്ന് പോയ
ഓരോരുത്തരും അയാൾക്ക് ഭ്രാന്തിന്റെ
ചങ്ങല തീർത്തു കൊടുത്തു...

-


Fetching Sreeyuktha K C Quotes