മറ്റൊന്നിനു വേണ്ടിയും ഞാനിങ്ങനെ ദാഹിച്ചിട്ടില്ല. മറ്റൊന്നിനെ ചൊല്ലിയും ഞാനിങ്ങനെ കണ്ണീരുവാർത്തിട്ടില്ല. ആത്മാവിൽ പടർന്ന വേരുകളെ ഏതു വാളുകൊണ്ടറുക്കാൻ? ചോര വാർക്കാതെ നിന്നെ ഞാനെങ്ങനെ പിഴുതു മാറ്റാൻ?
നാളുചെല്ലുന്തോറും ഏറിക്കൊണ്ടേയിരിക്കുന്ന നോവുനീ..
-
വേനലിൽ കുളിരാകുമെന്നല്ല,
ഒന്നിച്ചുരുകാൻ ഞാനുണ്ടാവുമെന്ന്..
മഴയിൽ കുടചൂടിത്തരുമെന്നല്ല,
നനയാൻ കൂട്ടിനുണ്ടാവുമെന്ന്..
-
എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ
നീ നിന്റെ ഋതുക്കളെ കാണുന്നുണ്ടോ?
എന്നെ കുറിച്ചോർക്കുമ്പോൾ നിന്റെ ഹൃദയം ഒരു നാഴികമണി പോലെ ഉറക്കെ മിടിക്കാൻ തുടങ്ങാറുണ്ടോ?
മിണ്ടിനിർത്തുന്നതിന്റെ തുടക്കത്തിൽ തന്നെ എന്റെ ശബ്ദമൊന്നുകൂടി കേൾക്കുവാൻ നീ കൊതിക്കാറുണ്ടോ?
തനിച്ചു കിടക്കുമ്പോഴും രാത്രിയിരുട്ടിലെന്നെ മുറുക്കെ പുണരാൻ നിന്റെ കൈ തുടിക്കാറുണ്ടോ?
ഇനി മിണ്ടുമ്പോൾ പറയുവാനുള്ളതെല്ലാം
മനസ്സിനുള്ളിൽ കൂട്ടിവെച്ചു കാത്തിരുന്നിട്ടുണ്ടോ?
ഇതെല്ലാം അസാധാരണമെന്നു നീ പറയുന്നു..
പ്രിയപ്പെട്ടവനെ,
പ്രണയത്തിൽ സാധാരണമായി
എന്താണ് ഉള്ളതെന്ന് പറയൂ?
-
മടങ്ങുംവഴിയൊരു
വാകയെ കണ്ടപാടെ
തനിയെ മുറിഞ്ഞു
ചോര വാർക്കുന്നു
ഓർമഞരമ്പുകൾ...
മരുന്നു കൊണ്ടും
തളരാതെ
പിടഞ്ഞു പിടഞ്ഞ്
മുറിഞ്ഞു മുറിഞ്ഞങ്ങനെ...-
നിന്റെ ഒറ്റച്ചുംബനത്തിന്റെ
ചൂണ്ടക്കൊളുത്തിൽ
കുരുങ്ങിയ
മീനൊരുത്തിയാണ്
എന്റെ ഹൃദയം.
-
പകർത്തിവെച്ചാൽ
പായുന്ന വെടിയുണ്ടകളെയോർത്ത്
പൊടിയുന്ന നിണത്തെയോർത്ത്
പിടയുന്ന ജീവനെയോർത്ത്
തലയ്ക്കുള്ളിൽ
കുഴിച്ചുമൂടുന്നു;
ഓർക്കാപ്പുറത്തെങ്ങാനും
പുറത്തു ചാടാതിരിക്കാൻ
വാ മുറുക്കെ തയ്ക്കുന്നു;
പേടിച്ചു മരിച്ചു പോകുന്നു
പുതിയ ഇന്ത്യയിലെ
സ്വതന്ത്ര ചിന്തകൾ.-
ഒത്തിരി കുറവുകളെകൊണ്ടല്ലേ
ഞാനിത്തിരിയെങ്കിലും
നിറഞ്ഞിരിക്കുന്നത് !
-
മോന്തിനേരത്ത്
തെറിച്ചുവീണ
കഞ്ഞിക്കലത്തെ നോക്കി
രണ്ടു ജീവൻ
ഇരിപ്പുണ്ടായിരുന്നു.
കള്ളു മൂത്തവന്റെ
അടിയേറ്റു
വയറിടിച്ചു വീണപ്പോ
ഒന്നിന് നൊന്തു.
മറ്റേത് ചത്തു.-
നൂറ്റിമുപ്പത് കോടിയിലിപ്പോൾ
ഞാനും നീയുമെ ഉള്ളു.
'നമ്മൾ' ഇല്ല.. !
-
ഒച്ച
നെലോളിക്കെന്താ
ഒച്ചയില്ലാണ്ട് വര്വോ..
ണ്ടാർന്നു..
ഇച്ചീച്ചി നീറീപ്പഴും
അച്ഛേടെ ചൂരലിനെക്കാളും
നൊന്തപ്പഴും..
ചോര കല്ലിച്ചിട്ട്
ഞാവൽപ്പഴത്തിന്റെ
നെറായപ്പഴും
ണ്ടാർന്നു...
അമ്മേനേം അച്ഛേനേം
കൊന്നു കളയും ന്ന്
പറഞ്ഞപ്പോ മാത്രാ
ന്റെ നെലോളിക്ക്
ഒച്ച ഇല്ലാണ്ടായെ...
-