പഴമകളിൽ എവിടെയോ
മനസ്സുടക്കി നിൽപ്പുണ്ട് ഇപ്പോഴും
അല്ലെങ്കിൽ പിന്നെ
ഓർമകളിൽ ഇന്നും
ഇടക്കിടെ നടുമുറ്റത്തിലെ
മഴച്ചാറ്റൽ പെയ്തിറങ്ങില്ലലോ
വടക്കിനിയിലെ മുത്തശ്ശിക്കഥകൾ
ഇപ്പോഴും എന്നിലെ കുഞ്ഞുമനസ്സിനെ
ഉണർത്തില്ലാലോ
തെക്കിനിത്തറയിലെ കുഞ്ഞുകുഞ്ഞു പിണക്കങ്ങൾക്കപ്പുറമുള്ള
ഒളിച്ചുകളികളുടെ ശബ്ദമയം
നിശ്ശബ്ദതയെ നിർജ്ജീവമാക്കില്ലലോ
കടഞ്ഞെടുക്കുന്ന നറുവെണ്ണയുടെ
മണം നസരന്ധ്രങ്ങളെ വിടർത്തുന്നു
മച്ചിലെ ദേവീരൂപം മനസ്സിലിപ്പോഴും ആരാധനയുടെ
കർപ്പൂരദീപം നിറയ്ക്കുന്നുണ്ട്
ഭരണിയിലടച്ചു വച്ച അച്ചാറുകൂട്ടങ്ങൾ
രുചിയുടെ
ഒരു കപ്പലോട്ടം തന്നെ നടത്തുന്നുണ്ട് ഇപ്പോഴും
അടുക്കളക്കിണറിലെ കോരിയെടുക്കുന്ന
വെള്ളത്തിന് അന്ന് മധുരമായിരുന്നില്ലേ
മരങ്ങൾക്കിടയിലൂടെ ഓടിമറയുന്ന അന്നാറാക്കണ്ണൻമാരെ
ഇന്തിഷ്ടമായിരുന്നെന്നോ
പേരറിയാ കിളികളുടെ കൂടെ ഉച്ചത്തിൽ കലപില
കൂടിയപ്പോ അറിഞ്ഞില്ല എന്റെ
ഉള്ളിലൊരു മഞ്ചാടിക്കൂട് ആണ് നെയ്തു വച്ചതെന്ന്..
ഓർമ്മകളിലേക്ക് വെറുതെ ഇടയ്ക്കൊരു
കാടുകയറ്റം ഉണ്ട്..
തിരിച്ചിറങ്ങുമ്പോ അറിയുന്നില്ല
നോവാണോ അതോ നീറ്റലാണോ എന്നത്…
എങ്കിലും പഴമയുടെ വേരുറവകൾ
മനസ്സിലപ്പോഴും….
-
പ്രിയപ്പെട്ടവരോട് നമ്മൾ യാത്ര
പറഞ്ഞ് ഇറങ്ങാറുണ്ട് അല്ലേ..
ഇനിയും കാണും മിണ്ടും ചിരിക്കും സ്നേഹിക്കും എന്നൊക്കെ ഉള്ള ഉറപ്പോടുകൂടി ആണ് അതെല്ലാം…
എന്നാൽ ചില യാത്ര പറച്ചിലുകൾ ഉണ്ട് അവരെ അറിയിക്കാതെ..
വരുമെന്ന് അവർ വെറുതെ പ്രതീക്ഷിക്കട്ടെ
സ്വപ്നങ്ങൾ കാണട്ടെ..
അങ്ങിനെയുള്ള പ്രതീക്ഷകൾ തന്നെയല്ലേ ഓരോ ദിനവും…
അവരിൽ നിന്നും ഇനിയൊരിക്കലും തിരിച്ചെത്താൻ കഴിയാത്ത വിധം നമ്മൾ അകലെ മറഞ്ഞുവെന്ന് അവർ അറിയിക്കേണ്ട…
നമ്മൾ വേദനിക്കുന്ന പോലെ അവർ വേദനിക്കണ്ടല്ലോ..
പ്രതീക്ഷക്കൊരു സുഖമല്ലേ-
നീ എന്നോരോറ്റ വാക്ക് എന്ന്
മുതലാണ് എന്നിലൊരു
ചെറുമഴയായ് പെയ്യാൻ തുടങ്ങിയത് എന്നറിയില്ല..
ഇന്ന് നനഞ്ഞ് ഈറനായ് നിൽക്കുമ്പോൾ
പ്രണയത്തിന്റെ നനവൊട്ടിയ
ചുണ്ടുകളിൽ വിരിഞ്ഞ
മന്ദഹാസത്തിന്
നീ പെയ്തുനിറയുന്നതിന്റെ
നിർവൃതിയായിരുന്നു…-
പുൽക്കൊടികൾ കഥ പറയുമോ. ..
പിന്നില്ലാതെ. ..!
രാത്രിയുടെ ചില യാമങ്ങളിൽ
മഞ്ഞുതുള്ളികൾ മേനി നനഞ്ഞ കഥ. ..
പുലരിയിൽ പൊൻവെയിലിലൂടെ
വൈഡൂര്യം പോലെ തിളങ്ങിയ കഥ. ..
കുഞ്ഞുകാറ്റു വന്നു സ്വകാര്യം
പറഞ്ഞുപോയപ്പോ മുഖം തുടുത്ത കഥ. ..
ഒരു കുഞ്ഞിപ്പൂവ് വിരിഞ്ഞ നേരം
അടിതിമിർത്ത കഥ. ..
വേനൽ മഴ പുതുജീവൻ
നൽകിയ കഥ. ..
കുറുമ്പി പശു അടുത്ത് വന്നപ്പോ
പേടിച്ചുവിറച്ച കഥ. ..
പേമാരിയിൽ അടിപതറാതെ
പുനർജീവിച്ച കഥ. ..
കഥകൾ ഒരുപാടില്ലേ
കുഞ്ഞുപുൽനാമ്പിനു പറയാൻ. ..🥰
-
പിണങ്ങിയിരിക്കാനല്ലേ പറ്റൂ
പിരിയാൻ നമുക്കാവില്ലല്ലോ
..........മണ്ണിനോട് മഴ !
പിണക്കവും നിന്റെ നാട്യമല്ലേ
എന്നിൽ നിറയുന്നതെപ്പോഴും നീയല്ലേ. ..
നിന്റെ പ്രണയമല്ലേ. ..
..... മഴയോട് മണ്ണ് !!!
“പ്രണയം... എപ്പോഴും നനുത്ത സുഖമുള്ള ഉന്മാദം തന്നെ ആണ് ല്ലേ. .. മണ്ണിലായാലും വിണ്ണിലായാലും ”-
ചില നഷ്ടപ്പെടലുകളുടെ ആഴം നികത്താൻ മനസ്സ് കരുതുന്ന ചില ന്യായീകരണങ്ങളുണ്ട് ... പതിയെ യാഥാർഥ്യങ്ങൾക്ക് മേൽ ഉടയാട പോലെ അവ സ്ഥാനം പിടിക്കും ...
അങ്ങനെ പലപല ദീർഘനിശ്വാസങ്ങളുടെ ഇടവേളകളിൽ നോവിന്റെ കനം നേർത്തുവരും ..
മനസ്സ് ... എന്ത് അത്ഭുതമാണല്ലേ ...-
കുറച്ചായി , ഭ്രാന്തുകൾ ഇതുവഴി
വരാറേയില്ല ...
കാട് പൂക്കുന്നതും ,
മണ്ണിലലിയാൻ
വെമ്പുന്ന മഴത്തുള്ളികളെയും
അറിയുന്നേയില്ല ..
ഓർമ്മളുടെ പൂമരപ്പെയ്ത്തിൽ
എങ്ങോ നഷ്ടപ്പെട്ട ഇന്നലെകളുടെ
ഭാരവുമായ് അലയുകയായിരുന്നവൾ ..
വെറുതെ കുടഞ്ഞിട്ട മഞ്ചാടിമണികൾ
പോക്കുവെയിലിൻ ശോണിമയിൽ
പങ്കുവയ്ക്കാൻ ബാക്കി വച്ച
കഥകളുടെ
കേൾവിക്കാരാവാൻ
തയ്യാറെടുക്കുന്ന പോലെ ...-
എഴുതാൻ ബാക്കി വച്ചിട്ടുണ്ട് ..
ഇന്നലെകളിലേക്ക്
ഓർമ്മകളെ കൈപിടിച്ച്
നടത്തുമ്പോൾ ആർക്കും വേണ്ടാത്ത ചില ഞരക്കങ്ങൾ
അടുത്തെവിടെയോ അറിഞ്ഞ പോലെ ..
ചെവിയൊന്നു വട്ടം പിടിക്കുമ്പോൾ
വിശക്കുന്ന വയറുമായി
അരികിലേക്ക് ഒരു കൈനീട്ടിയപ്പോ ശ്രദ്ധിക്കാതെ
പോയ ആ വഴിയരികിൽ നിന്നെവിടെയോ ആണ് ..
ഞാൻ തിരക്കിലായിരുന്നല്ലോ ...
കീറിയകുപ്പായം മാറിയുടുക്കുവാൻ
വല്ലതും കൊടുക്കാമോ എന്ന് കേട്ടപ്പോ
ഒന്നുമില്ലെന്ന് പറഞ് കൊട്ടിയടച്ചപ്പോൾ
അലമാരയിൽ നിന്നു
കേട്ടതും അതേ ഞരക്കം ...
തിടുക്കത്തിൽ ആയിരുന്നല്ലോ അന്നും ഞാൻ ,
തിരയാൻ നേരമില്ലല്ലോ ....
ബാക്കി വച്ച അന്നം ചവറ്റുകുട്ടയിലേക്കിടുമ്പോൾ
അകലെയല്ലാതെ അമ്മിഞ്ഞപ്പാൽ നുണയാൻ
കൊതിച്ച കുഞ്ഞുചുണ്ടിലെ വിതുമ്പൽ
അറിഞ്ഞതേയില്ലെന്നോ ...
തൂലിക വിറക്കുന്നുണ്ടായിരുന്നു ..
ഇല്ല , എഴുതാനായിട്ടില്ല ..
അതിനുമുമ്പേ
ചെയ്തുതീർക്കുവാനുണ്ട്
ഒരായിരം കാര്യങ്ങൾ ...
സമയമാവട്ടെ
അക്ഷരക്കൂട്ടങ്ങൾക്ക്
നിറം പകരാൻ വരുന്നുണ്ട്
ഒരുനാൾ ....-
ഇന്നലെയിലേക്ക്
തിരിഞ് നോക്കി
നാളെയിലേക്ക് എത്തിനോക്കി
ഇന്നിന്റെ സൗന്ദര്യത്തിന്റെ
ആസ്വദിക്കാൻ
മറന്നുപോകുന്നു പലരും ..
അതാണ് ...........
പലപ്പോഴും
ജീവിതം !!
നഷ്ട്ടങ്ങളെ ,
അനിഷ്ടങ്ങളെ ,
ചേർത്തുവച്ചു
കൈവന്ന സ്വപ്നങ്ങളെ
മറന്നെന്നു നടിച്ചു ...
ഇല്ലായ്മകളെ ചേർത്തിട്ട്
കൈവന്ന നേട്ടങ്ങളെ
മറക്കുന്ന ഒന്ന് ...
അതും ജീവിതമാണ് !
ഇവിടെ സ്വർഗ്ഗമാകിലും
അതിനുമപ്പുറം
മറ്റെന്തിനോ
വേണ്ടി
അകലെയെവിടേക്കോ
തിരഞ്ഞോടുന്ന ഒന്ന് ..
അതും ജീവിതം !!
അങ്ങിനെയെങ്കിൽ ,
എന്താണ്
ജീവിതമല്ലാത്തത് ?!!-
വരികളിൽ എത്രയും പ്രണയമഴ പൊഴിക്കാം
വിരഹം കനലായ് എരിയിക്കാം
ഒടുവിൽ
ഉള്ളാഴങ്ങളിലേക്ക് വെറുതെയൊന്നെത്തി നോക്കണം
അവിടെ കാണാം
ശൂന്യതയുടെ നിറവിലേക്ക്
മൗനത്തിന്റെ അടിവേരുകൾ
ഉറപ്പിച്ച്
ഏകാന്തതയുടെ
ഉപ്പുരസം വളമായ് ചേർത്ത്
പടർന്നുപന്തലിച്ച് നിൽക്കുന്ന
ഒരു നിഴലിനെ ...
ഒന്നിനുമല്ലാതെ വെറുതെയൊന്നു
കാതോർത്തുനോക്കണം
മന്ത്രണമോ
അലർച്ചയോ ആവാം
എങ്കിലും ആശ്വസിക്കാം
മറുതലക്കൽ
എന്തൊക്കെയോ ഉണ്ടെന്ന് ...-