സഖീ...
നിൻ ചെന്താമര തോൽക്കും
മുഖകാന്തിയിൽ ഞാൻ
ഒരു വേള എന്നെ മറന്നുപോയി...-
നിന്നോടു ചേർന്ന്...
നിൻ ഹൃദയതാളത്തിലലിഞ്ഞ്...
നാം ഒന്നിച്ചു നെയ്‌ത
സ്വപ്നങ്ങൾക്ക് നിറം പകർന്ന്...
ഈ ജന്മവും ഇനിയുള്ള
ജന്മങ്ങളൊക്കെയും
നിന്റെ പ്രാണന്റെ പതിയായി
തീരണമെന്ന മോഹം മാത്രം...-
ചുറ്റിലും കൂരിരുൾ മാത്രം...
ചിന്തകൾ പോലും മരവിച്ചുവെന്നോ...
കൈകാലുകൾക്കു ബലം ക്ഷയിക്കുന്നു...
കാതുകളിൽ ചീവിടു മൂളുന്നു... കൊട്ടിയടയ്ക്കപെടുന്നു....
ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ്
ഇല്ലെന്നോ....
എന്തോ അഗാധഗർത്തത്തി-
ന്നാഴങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടുന്നു...
മേലാസകലം ഒരു വിറയൽ തോന്നുന്നുവോ....
ഒരു തണുപ്പെന്നെ പൊതിയുന്നുവോ...
മരണത്തിന്റെ തണുപ്പ്...
-
'നീ'യെന്ന കരുതൽ
കൂട്ടിനായുള്ളപ്പോൾ
എൻ കാലിടറുവതെങ്ങനെ
സഖേ...!!
നീയെൻ ചാരത്തു
നിൽകുമ്പോളെല്ലാം
അറിയുന്നു ഞാൻ
നിൻ സ്നേഹത്തിൻ
ഊഷ്മളമാം തണൽ...
-
ഓർമ്മകളുടെ തീരത്തെവിടെയോ
ഇന്നും തനിച്ചാണ്
നിനക്കായ് ഞാൻ നെയ്തു കൂട്ടിയ
സ്വപ്നങ്ങളൊക്കെയും....-
അടരുവാനാവാത്ത
ഏതോ
മുന്ജന്മബന്ധത്തിന്റെ
നൂലിഴകളാൽ
ബന്ധിക്കപ്പെട്ട
രണ്ടാത്മാക്കളായ്
' നാം '-
കർണികാരം പൂക്കും നിൻ
മിഴികളിൽ നാണത്തിൻ നിഴലാട്ടമോ...
മതിമുഖി തിരയുവതാരേ നീ,
നിൻ മനം കവർന്നൊരു മാരനെയോ...
താരകൾ മിന്നും മിഴിയാഴങ്ങളിൽ
കാത്തു വച്ചൊരു സ്വപ്നമണയുമ്പോൾ
എന്തിനി ചൊല്ലും നീ അവനോടിന്നു,
നിൻ പരിഭവമോ പ്രണയമോ...?-
വിടരുന്ന ചൊടികളിൽ
വിരിയുന്ന പുഞ്ചിരി
അഴകോടെ കാത്തു
ഞാൻ വച്ചിടാം,നീ
ഒന്നു മിഴിവോടെ
എന്നരികിൽ
വന്നുവെങ്കിൽ...
തുളസിക്കതിർ
നുള്ളിയൊരു
മാല ഞാൻ
ചാർത്തിടാം നീ
എന്റെ പ്രണയം
പകുത്തുവെങ്കിൽ...
-
ഒഴിയാതെ പെയ്യുന്ന
മഴപോലെ നോവുകൾ
നിറയുന്ന മനസ്സിന്റെ രോദനം
കേൾക്കുവാൻ നീ മാത്രമേ -
യുള്ളൂ എൻ ഹൃദയമേ...
രോദനങ്ങളെല്ലാം വെറും
രോദനങ്ങളായി മാറുമ്പോൾ
ഒട്ടിച്ചു വച്ചൊരു പുഞ്ചിരി
അണിയുന്നു മർത്യൻ...
പിന്നെയും ഉരുളുന്നു
ജീവിതചക്രം...
-