ചെമ്പരത്തീ നിന്റെ നൊമ്പര തീ...
ഭ്രാന്തിയെന്നുണർത്തീ...
നെഞ്ചിൽ തീ പടർത്തീ...
കൺതുറക്കേ മുന്നിൽ നീ വിടർത്തീ
നല്ല ചെച്ചുകപ്പും പരത്തീ...-
: ഈ മൗനത്തിന് ഭാഷയുണ്ടോ?
:പിന്നില്ലാതെ, നമ്മിൽ തുടങ്ങി
നമ്മിലവസാനിയ്ക്കാത്ത
മൗനവും ഒരു ഭാഷ തന്നെയല്ലേ?
: എന്ന് വച്ചാൽ?
: മൗനം കൊണ്ട് പ്രണയിക്കുന്ന മനുഷ്യരില്ലേ...
മൗനത്തിന്റെ ഇരുകരകളിലിരുന്നു കൊണ്ട് തന്നെ
ഉള്ളിലെ പ്രണയം തിരിച്ചറിയുന്നവർ.
:ഇയാളുടെ മൗനത്തിനെന്ത് സംഭവിച്ചു.
: എന്ത് സംഭവിക്കാൻ,
മൗനം വാചാലമാകാൻ കൊതിച്ചപ്പോഴേക്കും
തിരിച്ചറിഞ്ഞു,കാഴ്ച്ചപ്പാടുകളാൽ അവർ
മനസ്സിൽ വരച്ചു വച്ച നമ്മുടെ രൂപം...
:എന്നിട്ട്?
: എന്നിട്ടെന്താ,കാഴ്ച്ചപ്പാടുകളെ
തിരുത്താൻ പോകാതെ
മൗനം മൗനമായി തന്നെ തുടർന്നു,
ഒടുക്കം തോന്നലുകൾ എന്ന മാറാലയ്ക്കുള്ളിൽ
മൗനത്തെ അടക്കം ചെയ്തു...
-
നിന്റെ നൂപുരമെന്റെയോർമ്മയിൽ
തൊട്ടുണർത്തുന്ന മന്ത്രണം...
അഗ്രഹാരങ്ങൾ കൺതുറക്കുന്ന
കർണ്ണികാരങ്ങളായിടും...
വെൺപുലരികൾ ചുംബനം ചാർത്തും
നിൻ വിരൽ തുമ്പിൽ കോലങ്ങൾ
എൻ വരികളെ തൊട്ടുണർത്തിടും
സുപ്രഭാതങ്ങളായിടും...
നിന്റെ വാർമുടി തുമ്പിലെത്തുവാൻ
കാത്തു നിൽക്കും തുളസിയും
നിന്റെ മാല്യമണിയുവാൻ നിന്നെ
കാത്തു നിൽക്കുന്ന കണ്ണനും
അഞ്ജനം കാത്തു വച്ചിടും മിഴി
ക്കോണിലെത്താൻ കൊതിക്കവേ
മഞ്ജിമേ നിന്റെ പുഞ്ചിരി നെഞ്ചിൽ
പഞ്ചവാദ്യം മുഴക്കവേ...
അന്ന് നെഞ്ചിലായ് കൂടു കൂട്ടിയൊ
രീണമായ് തീർന്ന കല്പ്പാത്തി...
കാത്തിരിയ്ക്കുവാൻ വയ്യ കണ്ണനും
കൈപിടിച്ചു നീ പോയനാൾ
കാത്തു വച്ചു ഞാൻ നിന്റെ യോർമ്മകൾ
നെഞ്ചകത്തിലായ് നൂപുരം...
-
ഒരു നേർത്ത നോവായ് മറഞ്ഞിരിയ്ക്കും
ഒരു വേള പിന്നെയും എത്തിനോക്കും
ഓർമ്മയിൽ വാടാത്ത നൊമ്പരപ്പൂവിന്റെ
ഓമനപ്പേരോ വിരഹമത്രേ...
-
നിന്റെയോർമ്മകളെന്റെയുള്ളിലാ
യെത്തിനോക്കും ത്രിസന്ധ്യയിൽ
നിന്റെ ഹാരം കൊതിച്ച നാളുകൾ
ദൂരെ മാഞ്ഞങ്ങു പോകിലും
നെഞ്ചിനുള്ളിൽ തെളിയുമോർമ്മകൾ
രാവിൽ നീഹാരമായിടും...-
മായക്കാഴ്ച്ചകൾ സമ്മാനിച്ച
മതിഭ്രമങ്ങളുടെ മതിൽക്കെട്ടിനപ്പുറം
മതി മറന്നു നിന്നപ്പോളറിഞ്ഞിരുന്നില്ല
മനസ്സമാധാനം നഷ്ടമാകുമെന്ന യാഥാർഥ്യം...
മനമുരുകുന്ന വേളയിലൊരു മടക്കയാത്ര
മഹാദേവനിലേയ്ക്കെത്തിടുമ്പോൾ
മനസും ശാന്തമായ് തീരുന്നു...
-
മറവികളാശിച്ചു പോകിലും ഓർമ്മകൾ
മായാതെയുള്ളിൽ തെളിഞ്ഞു നിൽക്കെ
മറനീർത്തിയെത്തുന്നു ഇന്നിന്റെ മുറ്റത്ത്
മായാതെ നിൽക്കുന്നൊരിന്നലെകൾ...
-
മൊഴിയുവാനാശിച്ചതൊക്കെയും
നിൻ മിഴിയിണകളിൽ
താനേ തെളിഞ്ഞിടുമ്പോൾ
അധരങ്ങൾ ചുംബനം ചാർത്തുന്ന
പൂവിതൾ കവിതയായ് മുന്നിൽ
തെളിഞ്ഞു നിന്നു...-
നോവിന്റെ പാതയിൽ നീ തനിച്ചാകിലും
നീളുന്ന പാതയിൽ ഞാൻ കൂട്ട് ചേർന്നിടും
നിഴൽ വീഴുമിരുളിന്റെ ഇടനാഴി തന്നിലായ്
നിൻ നിഴൽ നിൻ വഴിയ്ക്കൊപ്പം നടന്നിടും
നിശ്ചലം നീ കിടന്നീടവേ ചാരത്ത്
നീളുന്ന നാളികേരപിളർപ്പിൻ തിരി
നിൻ ചാരെ മിഴിപാകി നിൽക്കുന്ന നാൾവരെ...-
ഇനിയെന്ത് മൊഴിയണം മൗനതീരത്തിന്റെ
അകലേയ്ക്ക് നീ മാഞ്ഞു പോയ നേരം
ഇനിയെന്റെയോർമ്മകൾ മൊഴിയുന്ന വാക്കുകൾ
കവിതയായ് നോവിൻ നിറങ്ങൾ ചാർത്തും
അറിയാതെയാശിച്ചിരുന്നു ഞാൻ നീയെന്റെ
അണിയത്ത് തണലായ് തീരുമെന്ന്
അകലേയ്ക്ക് മറയവേ അറിയുന്നു നോവിന്റെ
അഴലായി തീരുവാൻ വന്നതെന്ന്
വരികളാന്യോന്യം മൊഴിഞ്ഞിരുന്നു
വാക്കുമൊരു നോക്ക് കാണാൻ കൊതിച്ച കാര്യം
വെറുതെയാശിയ്ക്കും വസന്തമെത്തും
വേനലലുലയിലായ് മോഹങ്ങളസ്തമിയ്ക്കും
അറിയുവാനാശിച്ചിരുന്നിരുന്നു നിന്റെ
മനമൊന്നു മൊഴിയുവാൻ കാത്തിരുന്നു....
അകലേയ്ക്ക് നീ മാഞ്ഞു പോയനേരം
നെഞ്ചിലണയാതെ നിന്നോർമ്മ കൂട്ടിരുന്നു...
തനിയെ നിലാവിന്റെയുമ്മറത്തോർമ്മകൾ
തിരി നീർത്തി നിന്നിലേയ്ക്കെത്തിടുമ്പോൾ
തിരപോലെ തീരത്തെ തേടിയെത്തും
തിരികെ നോവേകി തിരിച്ചു പോകും
-