ഉടലു തന്നവനേ
അതിലുയിരു തന്നവനേ
എത്ര മനോഹരമായാണ് ഞാൻ
എന്ന വാക്കിനെ നീ രചിച്ചത്
എനിക്കായ് എഴുതിയ ആയുസിൻ
കിതാബിലെ അവസാനതാളിലെ
അവസാന അക്ഷരവും
പൊഴിഞ്ഞു വീഴുവോളം അളവില്ലാത്തർത്ഥ
തലങ്ങളിൽ എന്തെല്ലാമോ
നീയെനിക്കായ് ഒരുക്കിയിരിപ്പൂ
ഈ ദിനമല്ലയെങ്കിലേതു
ദിനമോതുവാൻ ഞാൻ
നിനക്കൊരായിരം നന്ദി
ഉടലുമുയിരും തന്നവനേ
നിനക്കു സ്തുതി-
നിനക്കു
മറുവരിയെഴുതുവാൻ
ഉള്ളിലേറെ
മോഹമുണ്ടെന്നാലും
എൻ്റെ തൂലികയിൽ
നിന്നുതിർന്നു
വീഴുന്നോരക്ഷങ്ങൾക്കിന്നു
മൂർച്ച പോരെന്ന പോലെ-
ചുട്ടു പൊള്ളുന്ന വേനലിലും
നിറഞ്ഞു പൂത്തു നിൽക്കും
വാകപ്പൂക്കൾ പോലെയാണു
നീയെനിക്കു സഖാവേ
എഴുതുവാനായി പേനയെടുക്കുമ്പോൾ
തുടി കൊട്ടും മനസ്സെന്തേ
നിന്നോടു മിണ്ടുവാൻ നേരം മാത്രമായി
മരുഭൂമി പോൽ വരണ്ടു പോയിടുന്നു
അന്നേരമാദ്യമായി പാട്ടു പാടുവാൻ
വേദിയിലെത്തിയ കൊച്ചു കുഞ്ഞിൻ്റെ സഭാകമ്പമാണെന്നുള്ളിൽ-
ഒരിക്കൽ കൂടി നീയെൻ ചാരത്തണയേണം
എന്നധരങ്ങളിൽ ഇന്നോളം
വിടരാത്ത പുഞ്ചിരി തൂകണം
അത്ര മേൽ മധുരമായി നിനക്കായി മാത്രം
നിന്നെ മാത്രം കാണുവാൻ കൊതിച്ച മിഴികൾ നക്ഷത്ര തിളക്കമാർന്നു നില്പതു കാണുവാൻ
എൻ കരളിൽ പൂത്തു വിടർന്ന കവിതയിലെ വരികൾ നിനക്കായി മൂളണം അന്നാദ്യമായി-
എൻ്റെ ഓർമ്മകൾക്കിന്നും ബാല്യമാണ്
മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചാണ്
ഇഷ്ടം കോർത്തെടുത്തു ചൂടിയ മുല്ലപ്പൂ മണമാണ്
സ്നേഹവാത്സല്യം ചേർത്ത
ചോറുരുളയുടെ രുചിയാണ്
ഇറയത്തിരുന്നു ഞാൻ കൊണ്ട
ചാറ്റൽ മഴയുടെ കുളിരാണ്
കശുമാവിൻ കൊമ്പിലിരുന്നൂയലാടി
കളിച്ച കളിക്കൂട്ടുകാരുടെ കിളിക്കൊഞ്ചലാണ്
കുപ്പിവളപ്പൊട്ടു കൊണ്ടെൻ വിരൽ തുമ്പിൽ
ചാലിട്ടൊഴുകിയ രക്തത്തിൽ നിറമാണ്
എന്റെ ഓർമകൾക്കന്നും ഇന്നും എന്നും ബാല്യമാണ്-
കാലചക്രം വീണ്ടുമുരുളുമ്പോൾ
കലണ്ടറിന്റെ താളുകൾ മാറി മറിയുമ്പോൾ
ഇന്നോളം വർത്തമാന കാലത്തിൻ ഭാഗമായ ഡയറിത്താളുകൾ ഇന്നലെകളായി മാറുമ്പോൾ
ഇനിവരും പ്രിയ കാലമേ നീയെനിക്കായ് കാത്തു വെച്ചതിനെല്ലാം നന്ദി...
കഴിഞ്ഞ കാലമേ നന്ദി...
കഴിഞ്ഞ നാളുകളും പിന്നിട്ട വഴികളും ഇനി വരില്ലെന്ന തിരിച്ചറിവു നൽകിയ പ്രിയ കാലമേ
ഒരിക്കൽ കൂടി നന്ദി ....-
സ്നേഹത്തിൻ്റെ നെയ്ത്തിരി
നാളങ്ങൾ പോലെ
വെണ്ണിലാവിൽ ചാലിച്ചെഴുതിയ
കവിത പോലെ
കേൾക്കാൻ കൊതിച്ചൊരീണം പോലെ
എന്നുയിരിൻ നഭസ്സിലെ ഒറ്റനക്ഷത്രമേ
എൻ പ്രിയതമാ മരണം
പുണരും വരെ ഒന്നായ് വാഴാം
നിന്നിലലിഞ്ഞിടാം നീയായ്
മാറിടാo എൻ പ്രണയമേ-
ഇനിയില്ല ഞാനെന്നു നീയറിയുന്നേരം
മുറ്റത്തൊരു ദേവതാരുവിൻതൈ നടണം
നീ നടക്കും മണ്ണിലങ്ങനെ വേരു പടരട്ടെ
നിൻ ശ്വാസം കലരും വായുവിലലിഞ്ഞലിഞ്ഞു
നിന്നിൽ ചേരട്ടെയവൾ തൻ നിശ്വാസങ്ങൾ
വെള്ളമൊഴിക്കാതെ വളമിടാതെ അവൾക്കു
വേണ്ടതവൾ പ്രകൃതിയിൽ നിന്നൂറ്റിയെടുക്കട്ടെ,
നിൻ സ്നേഹം ഞാനെടുത്ത പോൽ
വളർന്നു വളർന്നു വന്നവൾ നിറയൗവനത്തിൽ പൂവിടുന്നേരം
നീയുറങ്ങും ജനലരികിൽ
നിന്നെയൊന്നു തൊടുവാൻ മോഹിച്ചെത്തും
വിടർന്നു നിൽക്കും പൂക്കളിലൊന്നിനെ
മൃദുലമായി നീ കയ്യിലെടുക്കേണം
എന്റെ വദനമെന്നോണം ഇരുകൈകളാൽ
ചുണ്ടോടു ചേർക്കേണo
മധുരമായി ചുംബിക്കേണം എന്നധരങ്ങളിലെന്ന പോൽ
മനമുഴറുന്ന വ്യഥകളിൽ നീയവളുടെ അരികിലിരിക്കേണം
അന്നേരമവൾ തൻ സ്നേഹം നിൻ
മേനിയിൽ പൂമൊട്ടുകളായ് പൊഴിയും
ആ പൂമൊട്ടിനെ നെഞ്ചോടു ചേർത്തു നീ ആർദ്രമായി മൊഴിയും
വിടരും മുൻപേ മണ്ണിലടർന്നു വീണ പൂമൊട്ടു പോലെന്റെ പെണ്ണും-
എന്റെ ആദ്യ പ്രണയമേ നിലാവേ
കിനാവുകൾ കാണുവാൻ പഠിപ്പിച്ചു നീ
നിറനിലാവായ് നിൻ പുഞ്ചിരിയായ്
ഞാൻ കൊതിച്ച കുളിരായ്
പൗർണമി രാവിലായ് എന്നെ
പുണർന്ന ലാവണ്യമേ
നിന്നോളം മോഹിച്ചതില്ലീ
വാഴ്വിൽ ഞാൻ മറ്റൊന്നുമേ
ചെറു ചാറ്റൽ മഴയുമായി നിൻ
പ്രണയമെൻ മേനിയിൽ
നിറനിലാവായ് പുണരുന്നു
ഞാനാദ്യമായ് കണ്ട കിനാവേ ഇന്നു-
മെൻ പ്രണയത്തിനു നിൻ മുഖമല്ലോ
-
കവിതയ്ക്കുള്ളിലെ കവിതയാകാൻ
നിന്റെ മൗനത്തിൽ പോലും വാചാലമാവാൻ
കുളിർ മഴയിൽ പെയ്തു വീഴും മഞ്ഞുകണമായി മാറാൻ
നിൻ വിരൽ തുമ്പിലൂറിവരുമൊരൊറ്റ
വരി കവിതയാകേണമെനിക്ക്-