The trouble with you and me,
is that we don't live
in the real world.
We dream of
fantastic things
that may never happen
- Agatha Christie-
ചെയ്തുപോയ
തെറ്റുകളെ ഓർത്തുള്ള
കുറ്റബോധത്തെക്കാളും,
ചെയ്യാതെ പോയ
പറയാതെ ബാക്കിയാക്കിയവയെ
പറ്റിയുള്ള നഷ്ടബോധമാവാം
എന്നെ കൂടുതൽ
തളർത്തിയിരുന്നത്..-
ഉള്ളിലൊരുപാട് സംശയങ്ങൾ ബാക്കിയായാണ്
ഓരോ ദിനങ്ങളും ചെന്നുതീരുന്നത്..
കിടക്കമേൽ ചെന്നുവീഴുന്ന നേരം വരേയ്ക്കും
രണ്ടു ലോകങ്ങളിലായി സമയം കടന്നുപോവുന്നു..
താളംതെറ്റിയ ഉറക്കക്രമങ്ങൾ, ബാക്കിയാവുന്ന
നേരങ്ങളെയും കീഴടക്കി തുടങ്ങി..
ചുറ്റുപാടുകളുടെ വൈകാരികതയിൽ നിന്ന്
വിട്ടുമാറിയുള്ള ആ നിദ്രാനേരങ്ങളിലെങ്കിലും
സ്വപ്നങ്ങളാകും കടന്നൽകൂടുകളെ ഇളക്കി
വിടരുതേയെന്നു മാത്രം ആഗ്രഹം..-
അവളുടെ കൈകളെ കോർത്തിരിക്കുവാനുള്ള
ആഗ്രഹത്തിൽ ഒരുപറ്റം വള്ളിച്ചെടികൾ
താഴേക്ക് പടർന്നിറങ്ങി..
താഴെ പുൽനാമ്പുകളുടെ തുഞ്ചത്ത്
ഒട്ടിനിന്ന മഴത്തുള്ളികൾ പോലും
നിലാവിൽ അവൾക്ക് കണ്ണാടിയായി മാറി..
മുഖമൊന്ന് കാണാനായി വീണ്ടുമെത്തിയ
കാർമേഘങ്ങളെ ദിശമാറ്റി വിട്ട്, കാറ്റും തന്റെ
അസൂയയുടെ വിശ്വാസ്യത കാത്തു..
ഏതോ ഒരുവനായ് പൂത്തുലഞ്ഞ-
വൾക്ക് വേണ്ടി ആ രാത്രിയൊട്ടുക്കും
കണ്ണിമ ചിമ്മാതെ അവർ കൂട്ടിരുന്നു..
നിശാഗന്ധി.-
ഏതുനേരവും മതിലിന് വെളിയിൽ നിന്നു
കേട്ടുകൊണ്ടേയിരിക്കുന്ന നിലവിളികളും
പ്രാണന് വേണ്ടിയുള്ള പിടച്ചിലുകളും..
ഭിത്തിയോട് കാതുകൾ ചേർത്തു
വെച്ചാൽ കേൾക്കാം, അവയിലാനന്ദം
കണ്ടെത്തുന്ന പലരുടെയും
അടക്കിപ്പിടിച്ച ചിരികൾ..
പുറമെയുള്ള വന്യതയിൽ നിന്ന്
ഒളിച്ചിരിക്കാനായി ചുറ്റിലും തീർത്തയാ
കരിങ്കൽഭിത്തികൾ
ശ്വാസം മുട്ടിക്കുന്നത് പോലെ..
ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന
ആ കൊടിയ വേദനകൾക്കും
അവസാനമായ മോചനത്തിനും
ഈ സുരക്ഷിതത്തെക്കാൾ
സുഖമുണ്ടാകുമെന്ന ചിന്തയിൽ,
പതിയെയാ പടുകൂറ്റൻ വാതിലുകൾ
തള്ളിത്തുറന്ന്, തണുത്തു മരവിച്ചിരിക്കുന്നയാ
മരക്കൂട്ടങ്ങളിലേക്ക് ഞാനും ഓടിമറഞ്ഞു..-
പൈന്മരങ്ങൾക്കിടയിലൂടെയുള്ള
കാറ്റിന്റെ മൂളലുകൾക്ക് മീതെ
ആഞ്ഞമരുന്ന കിതപ്പുകളും കേൾക്കാം..
ആഴമറിയാത്ത ഗർത്തങ്ങൾക്കും,
ഇറച്ചിതുണ്ടുകളുടെ മണംവിട്ടുപോവാത്ത
ഉളിപ്പല്ലുകൾക്കും നടുവിലായി
ഇടയനില്ലാത്തയാ ആട്ടിൻപറ്റം പകച്ചുനിന്നു..-
ചെറുപ്പത്തിൽ വീട്ടിന്ന് പിന്നിൽ
ആശിച്ച് ഒരു നെല്ലിമരം നട്ടു..
ഒരുമാസക്കാലത്തോളം അതിന്
വെള്ളമൊഴിച്ചു , താലോലിച്ചു..
മനസ് മറ്റുപലതിലേക്കും ഉരുണ്ടുപോയതോടെ
പിന്നീട് അതിനെ തിരിഞ്ഞ് നോക്കിയില്ല..
പക്ഷെ ഇപ്പോഴും അതിന്റെ മുന്നിൽ കൂടി നടന്നുപോയാൽ അത് തന്റെ
ചങ്ങാതി മരങ്ങളോട് പറയുമായിരുന്നു
- " ദേ , ആ പോവുന്നതാണ് എന്റെ അച്ഛൻ " എന്ന്-
ഒറ്റമൈനയെ കണ്ടാൽ നല്ലതല്ലെന്ന് പഠിപ്പിച്ച ബാല്യം..
സ്വന്തം ഇണയെ നഷ്ടമായ മൈനയുടെ വേദന തന്റേതുമാണെന്നു കാണുന്നതിൽ തെളിഞ്ഞ പക്വത..
ഇഷ്ടമാണ് , ഓരോ വിശ്വാസങ്ങളിലും ഒളിഞ്ഞിരിക്കുന്ന നന്മയെ..-
ആവുന്നത്രയും മുടിയിഴകൾ
വളർത്തിയെടുക്കണം..
പുറകിലേക്ക്
ചീകിയൊതുക്കുന്നതിന്
പകരം,
കണ്ണുകളും കവിളുകളും
മറച്ചുകൊണ്ട്
മുന്നിലേക്ക് തന്നെ
അവയെ വലിച്ചിടണം..
കാഴ്ചകളില്ലാതെ,
കാതുകളിലൂടെ മാത്രം
അറിഞ്ഞാൽ മതിയാവും
ആ കാര്യങ്ങളത്രയും..
അദൃശ്യമായി തന്നെയിരിക്കണം,
അവയറിയുന്ന നേരത്തെ
എന്റെ മുഖഭാവങ്ങളത്രയും..-
വാക്കുകളെക്കാളും
സത്യസന്ധത, ഒരുവന്റെ
ചിന്തകളിലാണെന്ന
തിരിച്ചറിവാവാം,
ശൂന്യമായ ഈ രാവിരുട്ടിൽ
മുഖംതിരിഞ്ഞു മാറിയിരിക്കാൻ
എന്നെയും നിന്നെയും
പ്രേരിപ്പിച്ചിരിക്കുക..
-