അയാളിലേക്ക് മാത്രമായി ചുരുങ്ങിയ
എന്നെ ഭ്രാന്തനെന്ന് വിളിക്കാൻ
നിങ്ങൾക്കെന്തവകാശം,
മരിച്ചുപോയവർക്കുവേണ്ടി
കാവലിരുന്ന മനുഷ്യരെല്ലാം
ചെയ്യുന്നത് സാഹസങ്ങളല്ല ത്യാഗമാണ്,
ഒരിക്കൽ സ്നേഹിച്ചതുകൊണ്ടും
മറ്റൊരാളാൽ പകരമാവില്ലെന്നതുകൊണ്ടും
അടിയറവ് വെക്കുന്ന ത്യാഗം-
നാളെ തരാമെന്ന ഉറപ്പിൽ
ഒരു പുഞ്ചിരി കടമായി
ഞാനയാളോട് ചോദിച്ചപ്പോൾ
ഒരു മടിയും കൂടാതെ
അയാളെനിക്ക് നീട്ടി
പിറ്റേന്ന്
കടം വാങ്ങിയ പുഞ്ചിരി
തിരിച്ചു കൊടുക്കാൻ
ചെന്നപ്പോൾ
അവിടെയാകെ ആൾക്കൂട്ടം
ചോദിച്ചപ്പോഴാണറിഞ്ഞത്
ഇന്നലെ വരെ
ചിരിച്ചിട്ടുണ്ടായിരുന്നു
ഇന്നനക്കമില്ലെന്ന്
അപ്പോഴാണ് ഞാനാ
സത്യം മനസ്സിലാക്കിയത്
അയാളാ പുഞ്ചിരിയുടെ മറവിലായിരുന്നു
ഇത്രയും നാൾ ജീവിച്ചുപോന്നത് ...!
-
വായന പോലെ മനോഹരമായ
ഒരു യാത്ര വേറെയില്ല,ഒരു ബസ്
യാത്രയിലെന്ന പോലെയാണ്
മനുഷ്യന് വായന,
വിൻഡോ സീറ്റിനരികിലിരുന്നു
പുറത്തെ കാഴ്ചകളിലേക്ക്
കണ്ണെത്തിച്ചുകൊണ്ട് ആ കാഴ്ചകളെ
മുഴുവനായും ഹൃദയത്തിന്റെ
ക്യാൻവാസിലേക്ക് പകർത്തിവെക്കും
ചിലപ്പോൾ ആ കാഴ്ചയിൽ ഹൃദയത്തെ
സ്പർശിച്ചതിനെ മാത്രം കൂടെ കൂട്ടും
ചിലപ്പോഴാകട്ടെ വായനയെന്ന
യാത്ര അവസാനിക്കുമ്പോൾ
നമ്മളറിയാതെ തന്നെ
അതിലെ കഥാപാത്രങ്ങളായ
ചില മനുഷ്യരും കൂടെയിറങ്ങിവരും-
രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ ചിലർ ബാക്കിയാകും
ഉറ്റവരില്ല,ഉടയവരില്ല നിറയെ തകർന്ന കെട്ടിടങ്ങളുടെ
അവശിഷ്ടങ്ങളിലൂടെ പരതുമ്പോൾ
വേരുറപ്പിക്കും മുന്നേ നിലം പരിശാക്കിയ
ഒരു കവിത വീണുകിട്ടും
അത് ഇങ്ങനെയായിരിക്കും
യുദ്ധം ലാഭമായിരുന്നില്ല നഷ്ടമായിരുന്നു കണ്ടുനിന്നവരുടെ
പ്രിയപ്പെട്ടവരില്ലാത്തതുകൊണ്ട് അവർക്കൊരു നേരമ്പോക്കും-
മുറിപ്പെടുത്തിയ
ദൈവത്തിനു സമർപ്പിക്കാൻ
ഒരു തിരിയെയെപ്പോഴും നെഞ്ചിൽ
കൊണ്ടുനടക്കാറുണ്ടുഞ്ഞാൻ
ഇടയ്ക്കിടെ നോവുമ്പോൾ
ഞാനതെടുത്തു കത്തിച്ചുവെക്കാറുണ്ട്-
ഓർമ്മയില്ലാത്ത മനുഷ്യരോട്
ഓർമ്മയുണ്ടോയെന്ന
ഓർമ്മപ്പെടുത്തലുമായി
ചെല്ലേണ്ടിവരുന്ന
മനുഷ്യരുടെ ഗതികേടിനെ
കുറിച്ചൊക്കെ വിശദീകരിച്ചാൽ
മനസ്സിലാകുമെങ്കിൽ
അവഗണനയുടെ ആഴമൊന്നും
അവർ നമുക്കിടയിലേക്ക് നീക്കിവെക്കില്ലായിരുന്നു-
ഏറ്റവും മനോഹര നിമിഷമേതെന്നു ചോദിച്ചാൽ
ഞാൻ പറയും അത് ഒറ്റപ്പെടലിന്റെ
മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന നിമിഷങ്ങളാണ്
അവിടെ നമ്മളെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെ
കൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും ,
എന്നിട്ടും ആ നിമിഷങ്ങളെ വിഷാദങ്ങളെന്നു
പേരിട്ടു മാറ്റിനിർത്തി ആഘോഷിക്കപ്പെടാത്തതിലെ
വൈരുധ്യമാണെന്നെ ആശ്ചര്യപ്പെടുത്തുന്നത്-
ആണ് നീന്തിക്കയറിയ
കടലിലിരുന്നു
നീന്താനറിയാത്ത
നിന്റെ കവിതക്കെന്തൊരു
ചേലാണ് കുഞ്ഞേ-
അവകാശിയില്ല
ഒന്നിനും തുടർച്ചയുമില്ല
ആരോ വരച്ചുവെച്ച
ചിത്രങ്ങൾ
ഛായം തേക്കുകയെന്ന
കർമ്മപഥത്തിലൂടെ
ഭൂമിയിലിഴയുകയാണ്-