ഇന്നും വെള്ളം കിട്ടിയില്ല.
നാളെ ഒരു ബൈനോക്കുലർ വാങ്ങണം
ദൂരെ നിന്നും വണ്ടി വരുന്നത്
കാണുമ്പോഴേ കുപ്പിയുമായി ഓടണം.
കുളിച്ചിട്ട് പത്തീസായി
കുടിച്ചിട്ട് രണ്ടും.
മൂന്ന് നേരം കഴിച്ചിട്ട്
വെള്ളത്തിന്റെ ഗുളികയും തീരാറായി.
അളിയൻ ഗൾഫീന്ന് വരുന്നുണ്ട്
അഞ്ചാറു കുപ്പി വെള്ളം കൊണ്ടുവരാൻ പറയാം
ഇവിടുത്തത്ര ജി.എസ്.ടി അവിടില്ലല്ലോ.
സമയം വൈകീല്ലോ
പുഴയുടെ ഉൽഘാടനം ഇന്നാണ്,
എച്ച് ഡി എഫക്റ്റുള്ള ലേസർ പുഴ.
നേരത്തെ പോയി സെൽഫിയെടുക്കണം,
മൽസരത്തിനയക്കണം, ലൈക്കുവാങ്ങണം.
വിജയിച്ചിട്ട് വേണം ആദ്യമായി
ബോട്ടിൽ കയറാൻ
ചിലപ്പോൾ അവസാനമായും.-
അക്ഷരങ്ങളോടാണ് പ്രണയം പിന്നെ നിശബ്ദതയോടും യാത്രകളോടും😍
നല്ല സ... read more
"എനിക്ക് മറുപടി കിട്ടിയില്ല", ഇത്തവണ ഉറച്ച സ്വരത്തിൽ കണ്ണിൽ നോക്കി തന്നെ അവൾ ചോദിച്ചു.
"അത് ഞാൻ പറഞ്ഞാലേ നിനക്കറിയൂ എന്നുണ്ടോ?", വാക്കുകൾ കിട്ടാതെ ഞാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
"പറഞ്ഞാൽ മാത്രമേ ചില കാര്യങ്ങൾ അറിയൂ"
"അങ്ങനെ പേരു നൽകി വിളിക്കാൻ പറ്റാത്ത ആരൊക്കെയോ ആണ് നീയെനിക്ക്"
അവൾ പൊട്ടിച്ചിരിച്ചു, "അത്രമേൽ ക്രൂരമായി ഒരു ബന്ധത്തിൽ ഒരാളെ തളച്ചിടാൻ ഈ മറുപടിയോളം കരുത്തുള്ള വേറൊന്നും ഉണ്ടെന്നെനിക്ക് തോന്നുന്നില്ല".
വൈബ്രേറ്റ്റ് ചെയ്തുകൊണ്ടിരുന്ന ഫോൺ എനിക്കു നീട്ടിയവൾ പിന്നെയും പൊട്ടിച്ചിരിച്ചു.
"My love calling"...
എന്റെ ചുണ്ടുകൾ വറ്റി വരണ്ടു, വിരലുകൾ ചലിക്കാതെയായി. അവളുടെ പൊട്ടിച്ചിരി നേർത്ത തേങ്ങലായ പോലെയെനിക്ക് തോന്നി.
ആദ്യ പ്രണയത്തിലെ പോലെ വീണ്ടും ഒരു രണ്ടാമൂഴമാണ് തനിക്കെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.....-
എത്ര ആവർത്തിച്ചാലും,
വീണ്ടും അതേപടി
അനുഭവിക്കാനാകാത്തവയുടെ
അന്വേഷണങ്ങളിലാണ്
എന്റെ സന്തോഷങ്ങൾ.
ചുംബനങ്ങളുടെ,
ചേർത്തുപിടിക്കലുകളുടെ,
ഇടംകണ്ണിലൂടുള്ള നോട്ടങ്ങളുടെ,
കഥപറച്ചിലുകളുടെ,
അങ്ങനെ അങ്ങനെ...
അത്രയേറെ കൊതിപ്പിക്കുന്ന
അനുഭൂതികളുടെ അന്വേഷണങ്ങളിൽ.-
ഒരു കടലോളം ആഴത്തിൽ
പുഞ്ചിരിക്കുന്ന ചിലരുണ്ട്.
സ്വന്തം ആഴമറിയാതെ
മറ്റുള്ളവരുടെ ഉള്ളിൽ ഒരായിരം
തിരയനക്കങ്ങളുണ്ടാക്കുന്നോർ.
അല്ലെങ്കിലും അടിത്തട്ടിലെ പവിഴപുറ്റുകൾക്കിടയിൽ
പ്രണയം ഒളിപ്പിക്കുന്ന
മീനുകൾക്കല്ലേ കടലിന്റെ ആഴമറിയൂ...-
കോർത്ത വിരലുകൾ പോലും
പിരിയാൻ മടിക്കുന്ന ചില നേരങ്ങളിൽ
"അങ്ങ് എത്തിയിട്ട് വിളിക്കണേ"
എന്ന യാത്രയയപ്പിന്
"നിനക്കിപ്പോൾ തന്നെ പോകണമെന്നുണ്ടോ"
എന്നും അർഥമുണ്ട്.-
നിന്റെ നിശ്വാസങ്ങളിൽ ഉയർന്നു താഴ്ന്നു
എണ്ണം തീരുവോളം നിന്റെ വിരലുകൾ മടക്കിയെണ്ണിയ നെഞ്ചിടിപ്പുകൾക്കിടയിൽ രാവു പുലരുവോളം എനിക്ക് നിന്നോട് പറയാനുള്ളതൊക്കെയും പറയാതിരുന്നതും കവിതകളായിരുന്നു....
നന്നായി...
പറഞ്ഞിരുന്നെങ്കിൽ അതൊക്കെ
പ്രണയമായിപ്പോയേനെ.-
ഉള്ളിലങ്ങനെ അത്രമേൽ ആഴത്തിൽ
വേരാഴ്ത്തിയവരെ മാത്രമേ
ഗന്ധം കൊണ്ട് ഓർക്കാൻ സാധിക്കൂ.
അത്തറിന്റെ... കാച്ചെണ്ണയുടെ...
സോപ്പിന്റെ.... മഷിപ്പേനയുടെ...
ഗൾഫീന്ന് കൊണ്ടുവരുന്ന മിഠായിയുടെ..
ബിരിയാണിയുടെ... പരിപ്പുവടയുടെ...
ഓടികിതച്ചെത്തുന്ന വിയർപ്പിന്റെ...
അങ്ങനെ അങ്ങനെ പല ഗന്ധങ്ങളാൽ ഓർമ്മിക്കപ്പെടുന്നോർ.
തിരക്കേറിയ തെരുവിൽ പോലും
കാറ്റ് കൊണ്ടുവരുന്ന ഗന്ധത്താൽ
അവരെന്നു കരുതി തിരിഞ്ഞു നോക്കുന്ന കണ്ണുകളിൽ നിറയാതെ ഒളിച്ചിരിക്കുന്നോർ.-
അത്രയേറെ നിന്നെയോർത്ത്
ഉറങ്ങാത്ത രാത്രികളിൽ,
തമ്മിൽ പങ്കുവെയ്ക്കാനാകാത്ത
ചുംബനങ്ങളിൽ
ചിലത് മാത്രം നിനക്കായ്
ആകാശത്തിലേക്ക് നീട്ടി എറിയാറുണ്ട്....
നിന്നിലെത്താനാകാതെ അവരൊക്കെ
നക്ഷത്രങ്ങളായി കറങ്ങി നടക്കുന്നുണ്ട്.
അത്രമേൽ ഗാഢമായി ബന്ധിച്ചവയാണ്,
വാൽനക്ഷത്രങ്ങളായി നിന്നെ തിരഞ്ഞ് ഗതികിട്ടാതെ അലയുന്നത്.-
നിറയെ വിവരണങ്ങളുള്ള
നിന്റെ കഥകൾ ജനിക്കുന്ന
നമ്മളിടങ്ങളിൽ മാത്രം,
ആകാംക്ഷയോടെ എഴുന്നേറ്റ്
ഇരു കൈകളിലും താടി താങ്ങി,
ഇന്നോളം കണ്ടിട്ടുള്ള വർണ്ണങ്ങളെല്ലാം
ചാലിച്ച്, ഉള്ളിലിങ്ങനെ വെളുത്ത ചുമരിൽ
സിനിമ പോലെ എല്ലാം കാണുന്ന
ഒരു കുഞ്ഞ് ഞാൻ എന്റെയുള്ളിൽ
ഇന്നും ഉറങ്ങി കിടപ്പുണ്ട്.
ഇനി ഉണരുമോയെന്നറിയാതെ......-
നീയില്ലായ്മയിൽ പൂക്കാൻ മടിച്ചൊരാ
വാകമരത്തിന് തണലൊരുക്കിയെൻ
മൗനങ്ങൾ തളിർക്കുമ്പോൾ,
പണ്ടെങ്ങോ പിൻകഴുത്തിൽ
മറന്നുവെച്ച ചുംബനങ്ങളിലൊന്ന്
മുടികൊഴിഞ്ഞ ഇടവഴികളിൽ
നിന്റെ ചുണ്ടുകളെ തിരയാറുണ്ട്.-