ബാല്യത്തിൽ കണ്ട കാഴ്ചകളിൽ
നിറഞ്ഞ നിറങ്ങളും യൗവനത്തിൽ
കണ്ട കാഴ്ചകളിൽ നിറഞ്ഞ
പ്രണയവും വിരഹവും
മദ്ധ്യവയസ്സിൽ കാണുന്ന
കാഴ്ചയിൽ ജീവിതത്തിന്റെ
വീക്ഷണകോണുകളും..
ഇനി കടക്കാൻ പോവുന്ന
വാർദ്ധക്യത്തിൽ കാണാൻ
പോവുന്ന മതിഭ്രമങ്ങളും !!
" അങ്ങനെ ഓരോ കവിതകളായി വിരിഞ്ഞു കൊണ്ടേയിരിക്കും "-
വെളുത്ത ഹൃദയത്തിലേയ്ക്ക്
ഒരായിരം കാരമുള്ളുകൾ
തറച്ച് രക്തം പൊടിഞ്ഞ്
ചുവന്നു പോയിരിക്കുന്നു..
ഒരു തുള്ളി ചോര പോലും
താഴെ വീണുടഞ്ഞു
പോവാതെ പൊതിഞ്ഞു
കെട്ടി വയ്ക്കാനല്ലേ പറ്റൂ-
ഭ്രാന്തന്റെ വെപ്പാട്ടിയായ് ജീവിച്ചിട്ടുണ്ടോ..
പ്രാന്ത് മൂക്കുമ്പോൾ എന്നാണ്
തന്നെ മറക്കുകയെന്ന് ആശങ്കപ്പെട്ടിട്ടുണ്ടോ..
ഓർത്തെടുക്കാനൊരു ചുംബനത്തിന്റെ
അടയാളം പോലുമില്ലാതെ അയാളൊ
രിക്കൽ നൊസ്സിലേയ്ക്ക് ആണ്ട് പോയാൽ..
കണ്ണീരിന് പോലും സ്ഥാനമില്ലാതെ
ഇറങ്ങി പോരേണ്ടി വരില്ലേ?
ഇല്ല... അപ്പോഴേക്കും കാലത്തിനു നേർക്ക്
പല്ലിളിച്ചു കാണിച്ചു കൊണ്ട് പുല്ലിംഗം
സ്ത്രീലിംഗമായി മാറുന്ന
മാന്ത്രിക വിദ്യ എന്റെ കയ്യിലുണ്ടാവും !!-
പ്രാണൻ പകുത്ത ഓരോ രാവും
പരിഹസിക്കപ്പെട്ടിക്കുന്നു!!
തലച്ചോറ് വിണ്ടു കീറി ചകിരി
വാരിപ്പൊത്തി വച്ചിട്ടുണ്ട്!!
ഞരമ്പുകൾ ചുറ്റി പിണച്ചു വച്ച്
രക്തത്തെ കട്ട പിടിപ്പിച്ച്
വമിക്കാനുള്ള ശേഷിയും
നഷ്ടപ്പെടുത്തി കളഞ്ഞു!!-
അറിയിപ്പ്
സ്വപ്‌നങ്ങളുടെ മേൽ വർണ്ണങ്ങൾ
വാരിപ്പൂശി വാനോളം നിന്റെ
പേരിനെ ഏറ്റി വിടാൻ ചിറകുകൾ
തുന്നാനുള്ള തയ്യൽക്കാരന്
വേണ്ടിയുള്ള അന്വേഷണം
തുടരുന്നു !!-
എന്നെ "എന്റേത്" ന്ന് വിളിക്കാൻ
ഒരാളുണ്ട്.. ഒരേയൊരാൾ !
പക്ഷെ ആ ആളെ "എന്റേത് "ന്ന്
വിളിക്കാൻ എനിക്കവകാശം ഇല്ലത്രെ!!-
ഓരോ വട്ടവും മടുപ്പില്ലാതെ തിരമാലകളെല്ലാം അലച്ചുയർന്നു താഴേക്ക് പതിക്കുന്നത് കൂടുതൽ ശക്തിയോടെ കുതിക്കാൻ ആണ്. വിശ്രമമില്ലാത്ത കുതിപ്പും കിതപ്പും കരയിലേയ്ക്ക് ചേരാനുള്ള തീവ്ര മോഹത്തിന് ശക്തിയേകുന്നു
-
ഭാരമില്ലാതെയാവാൻ തേങ്ങി തീർത്ത ഓരോ നിമിഷത്തിലും തൂവാല ആവാൻ കൊതിച്ചൊരു മറുപാതിയുടെ പിടപ്പുകളും
-
സ്നേഹത്തിന്റെ മറുതുരുത്തിൽ വസന്തം തീർക്കാനെന്നോണം ഓർമ്മകൾ വിരിച്ച പൂപ്പായയിൽ അയാളുടെ രൂപം ശയനം കൊണ്ടു. തലയണയായ് തീർത്ത പ്രേമത്തിന്റെ അടയാളങ്ങൾ ഓരോന്നും മുടിയിഴകളിൽ കുരുങ്ങി അയാളെ ഉന്മാദലഹരിയിൽ മുക്കി കൊന്നു കളഞ്ഞിരുന്നു
-
മുഖംമൂടി അണിഞ്ഞു വന്നു നിൽക്കാൻ ഞാൻ ശീലിച്ചിരുന്നില്ല. എന്റെ കണ്ണുനീരിൽ നിന്റെ ആത്മാവിന്റെ ഉരുക്കം തുടങ്ങുമ്പോൾ ചിലപ്പോൾ എന്റെ ഹൃദയവും നിശ്ചലമായി പോയേക്കാം
-