Life must go on....
-
"ഹൃദയ"മെന്ന്
വ്യക്തമായുച്ചരിക്കാനുള്ള
ക്ഷമയും സന്മനസ്സും
ഇല്ലാത്തതു കൊണ്ടും
പുതുകാല മടിയും
കാരണമായിരിക്കണം,
ഒരു ദയയുമില്ലാത്ത
ഒരക്ഷരത്തെ
മുന്നിൽ പ്രതിഷ്ഠിച്ച്
നമ്മളെല്ലാം
"ഋദയ"മെന്നുച്ചരിക്കുന്നതും
അക്ഷരരൂപം പോലെ തന്നെ
ഹൃദയവൃത്തികൾ
സങ്കീർണ്ണവുമാവുന്നതും..?!
-
ഞാനില്ലയെന്ന
അസ്വസ്ഥതയ്ക്കും
ഞാനുമുണ്ടെന്ന
അഭിമാനത്തിനുമിടയ്ക്ക്
ഞെളിഞ്ഞ് നിന്ന്
ചിരിക്കുന്നുണ്ട്,
ഒരു കോശക്ഷേത്രത്തിൽ
പ്രവേശനം കിട്ടിയാൽ
മാത്രം മതിയെനിക്ക്
പെരുത്ത് പെരുത്ത്
അൽഭുതങ്ങൾ കാട്ടാനെന്ന
പുച്ഛഭാവത്തോടെ
ഒരു കൊറോണ വൈറസ്...!!
-
കൊറോണ വൈറസ്
*******************
കഴുത്ത് ഞെരിക്കാതെ,
നാസാരന്ധ്രങ്ങൾ
അമർത്തിപ്പിടിക്കാതെ,
വളരെ ലളിതമായി
ശ്വാസം മുട്ടിച്ചു കൊന്നിട്ടും...!
എൻ്റെ സാന്നിദ്ധ്യം പോലും
തിരിച്ചറിയാനാവാതെ,
മൃഗങ്ങളെക്കാൾ തോറ്റ്
അർദ്ധവദനനായുള്ള
നിൻ്റെ വരവു കാണുമ്പോൾ
ദ്വാരമടഞ്ഞ
ഓസോൺ കുടയ്ക്കു മേലെ
അമർന്നിരുന്ന് മരദൈവം
ഉറക്കെച്ചിരിക്കുന്നുണ്ടെന്ന്
അഹംവാക്കിളക്കുന്നുണ്ട്
കൊറോണ വൈറസുകൾ..!
പുഷ്പാകരൻ ബെണ്ടിച്ചാൽ-
ഉള്ളം
*****
ഉള്ള സ്നേഹത്താൽ
ഉള്ളം നിറയ്ക്കാൻ
ഉള്ളമത്ര മേൽ
ഉൽകൃഷ്ടമാകണം.
പുഷ്പാകരൻ ബെണ്ടിച്ചാൽ-
വിചാരം
$$$$$$$$
ഞാൻ
വിചാരിച്ചാൽ
നിന്നെ
ഇല്ലാതാക്കാനാവില്ല.
നീ
വിചാരിച്ചാൽ
എന്നെ
ഇല്ലാതാക്കാനുമാവില്ല.
എന്നാൽ
നമ്മിലൊരാൾ
വിചാരിച്ചാൽ മതി
നമ്മളെ ഇല്ലാതാക്കാൻ...!!?
പുഷ്പാകരൻ ബെണ്ടിച്ചാൽ-
കണ്ണാഴം
പണ്ട് എത്ര തവണ
പറഞ്ഞതാണ്
കണ്ണിൽ നോക്കി
സംസാരിക്കണമെന്ന്.
ഓരോ മുഖവും
പറയാതെയൊളിപ്പിച്ചു വെച്ച
ഉപ്പു പോലലിയുന്ന
തീരാദൈന്യതയും,
ദുഖത്തിൻ്റെ
പടുകുഴിയിൽ നിന്നു -
മുയരുന്ന തിരിയുടെ,
കെടാത്ത തിളക്കവും
കാണാനാവുമെന്നും
എത്ര തവണ പറഞ്ഞതാണ്.?!
എന്നിട്ടും,
ഇപ്പോൾ മാത്രമാണല്ലേ നീ,
ഭാവങ്ങൾ രചിക്കാത്ത
മുഖങ്ങളിൽ നോക്കി
കണ്ണിൻ്റെയാഴവും
പരപ്പും പരതുന്നത്...?
പുഷ്പാകരൻ ബെണ്ടിച്ചാൽ-
തൂക്ക് ഡൗൺ
*************
വേഗം
വേഗമെന്നോതി
"ഗം"മിലൊട്ടിപ്പോയ്
നമ്മൾ.
തിരക്ക്
തിരക്കെന്നോതി
"തിര"യിൽ പെട്ടു പോയ്
നമ്മൾ.
പണം
പണമെന്നോതി
"പിണ"സമാനമായിന്നു
നമ്മൾ.
ഞാൻ
ഞാൻ മാത്രമെന്നോതി
ഞാന്നു കിടക്കുന്നൂ
നമ്മൾ..!!
പുഷ്പാകരൻ ബെണ്ടിച്ചാൽ-
ക്യാപ്ഷൻ
**********
അമ്മേ
എന്നെയെവിടുന്നാ
''ഡൗൺലോഡ് "
ചെയ്തതെന്ന്
കുഞ്ഞുനാളിൽ
സംശയം ചോദിച്ച
ന്യൂ ജെൻ പയ്യൻ,
മാതൃദിനത്തിൽ
അമ്മയ്ക്കൊപ്പമുള്ള
നന്നായി ചിരിക്കുന്ന
എഡിറ്റഡ് സെൽഫി
അപ് ലോഡ് ചെയ്തത്രെ.
"ഒറിജിനൽ ബോഡി
ഉടൻ തന്നെ
അപ് ലോഡ് ചെയ്യാം.
ഞാൻ ഗ്യാരണ്ടി''
എന്നായിരുന്നത്രെ
ക്യാപ്ഷൻ നൽകിയത്.
പുഷ്പാകരൻ ബെണ്ടിച്ചാൽ-
അമ്മ സെൽഫി
# # # #$$$$ # # # #
അരകല്ലിനെ
വട്ടത്തിൽ തിരിച്ചും
അമ്മിക്കല്ലിനെ
നീട്ടിയമർത്തിയുരച്ച്
ചതച്ചരച്ചും,
അലക്കു കല്ലിനോട്
ദേഷ്യമില്ലെങ്കിലും
തല്ലി,കുത്തിപ്പിഴിഞ്ഞും,
അമ്മയൊഴുക്കിയ
വിയർപ്പിനെ
ഒപ്പിയെടുക്കാൻ
കണ്ണിൻ്റെ ലെൻസിന്
പറ്റാത്തതിൽ
കെറുവിക്കുന്നുണ്ട്,
ഡിലീറ്റ് ചെയ്യാനാവാതെ
മനസ്സിൽ കുടുങ്ങിപ്പോയ
മെമ്മറി സ്പേസും
ഒരു ദിനത്തിലും
ഒരു മുഖപുസ്തകത്തിലും
അപ് ലോഡ് ചെയ്യാനാവാത്ത
ഒറിജിനൽ സെൽഫിയും..!!
പുഷ്പാകരൻ ബെണ്ടിച്ചാൽ-