ശിശിരം പൊഴിച്ച ഇലകളെയോർത്തുള്ള
മരത്തിന്റെ തേങ്ങൽ,
ഞാൻ പണ്ടെന്നോ കേട്ട പോലെ
നാളെയുടെ അലസമായ ചിന്തകളിൽ
ഞാനില്ലായ്മ അന്നുമുതൽ
എന്നിൽ ഒരു കനലാണ്
ഞാനല്ല, നീയാണ്
എന്റെ ചിന്തകളിലത്രയും
ഈ നാളുകൾ നരയ്ക്കുബോൾ
ഞാനില്ലാ നാളെകൾ നിന്നെ
ഭ്രാന്തനാക്കാമെന്നൊരു തോന്നൽ
ഇന്ന് മനം ഹരിക്കുന്ന കാലം
നാളെ ഓർമ്മകളുടെ കുപ്പായം തുന്നുമ്പോൾ
അന്ന് നിന്റെ ഹൃദയം വിങ്ങും
ഇല്ല...
നിന്റെ കണ്ണുകൾ ഈറനണിയില്ലെന്ന് എനിക്കുറപ്പാണ്
കാരണം,
ശ്വാസം നിലയ്ക്കുന്നതെന്റെയെങ്കിലും
അന്ന് ഇല്ലാതാവുക നീയായിരിക്കുമല്ലോ...
-പൂജ
-
അവിടെയും നമ്മളിൽ ഞാനും നീയും
ഞാൻ മാത്രമാകും...
മരുഭൂമിയിലെ മണ്ണും മരവും പോലെയാണ് നാം...
സ്നേഹത്തിന്റെ ഒരു തുള്ളി പോലും നിന്നിൽ അവശേഷിക്കാത്തപ്പോഴും,
അത് തേടി എന്റെ വേരുകൾ നിന്നിൽ തന്നെ ആഴ്ന്നിറങ്ങുന്നു.-
ചില പുസ്തകങ്ങൾ അങ്ങനെയാണ്...
നേർത്ത കാറ്റിൽ പാറിപ്പറക്കുന്ന
താളുകൾക്കിടയിൽ എവിടെയോ
നമ്മുടെ പേരെഴുതപ്പെട്ടതായും ,
അതിലെ വരികൾ നമ്മെക്കുറിച്ച്
പറയുന്ന പോലെയും തോന്നും...
നീണ്ട നൊമ്പരങ്ങൾക്കിടയിൽ
നിന്നും പുറംതള്ളുന്ന ആനന്ദം
പോലെ... അപ്പോഴെല്ലാം
ഹൃദയത്തിൽ നിന്നും
കണ്ണുനീർ പൊടിയും...
-
എത്ര വളർന്നാലും കടൽക്കരയിൽ മൺകൊട്ടാരം പടുത്തുയർത്തുന്ന കുട്ടികളുടെ മനസ്സാണ് നമ്മുക്കെല്ലാം...
എത്രവല്യ തിര വന്നാലും അതിനി എത്ര വേഗത്തിൽ വന്നാലും തകർന്നുപോയ കൊട്ടാരത്തിന്മേൽ അതിലും വലിയൊരു കൊട്ടാരം പണിയും...
വർഷാവർഷം പ്രളയം വന്നാലും
നിപ്പയും കോറോണയും ഒരുമിച്ച് വന്നാലും
മരണങ്ങളിൽ തളരാതെ
ജനനങ്ങളിൽ പ്രതീക്ഷ വളർത്തി നാം ജീവിക്കും...
നോക്കൂ...
അതിജീവനത്തിനുത്തരം നാമോരോരുത്തവരുടെയും കണ്ണാടിക്ക് മുൻപിൽ കാലം വരച്ചിട്ടിരിന്നു...
-
പ്രതീക്ഷകൾ ഇല്ലാത്ത പ്രണയത്തിന്റെ
അത്രമേൽ മനോഹരമായ കാത്തിരിപ്പിൽ
ചിന്നിച്ചിതറിയൊരു സ്ഫടികശില്പം...
ഒറ്റയ്ക്കായി കടന്നുപോയ ദിനങ്ങളിൽ
ഓരോ കുളിർകാറ്റും അവളുടെ നിശ്വാസവും
ഓരോ കാട്ടുപൂവും അവളുടെ സുഗന്ധവും
ചീറി വന്നൊരസ്ത്രമൊക്കെയും അവളുടെ
മനസ്സും
ഓരോ മുറിവുകളും അവളുടെ നോവും,
അങ്ങനെ കണ്ണുകളിൽ കണ്ടതൊക്കെ ലക്ഷ്മണന്റെ ഉള്ളിൽ ഊർമ്മിളയെ പ്രതിഫലിപ്പിക്കുമ്പോൾ...
കാതങ്ങൾ അകലെ കൊട്ടാരചുവരുകൾക്കുള്ളിൽ ലക്ഷ്മണഹൃദയത്തിൽ എന്നപോലെ വസിച്ച് വിരഹം നിറഞ്ഞ പ്രണയത്തിൽ മുഴുകിയവൾ...
ത്രേതായുഗത്തിലെ അനശ്വരമായൊരു
ദീർഘദൂര ബന്ധം...
-
അകാല വാർദ്ധക്യം ബാധിച്ച യുവതിയെ
പോലെയാണെന്റെ പ്രണയം...
കണ്ണുകൾ കുഴിഞ്ഞ്
മുടിയിഴകൾ ആകെ നരച്ച്
ചുക്കിച്ചുളിഞ്ഞ തൊലിയുമായി
അതെനിക്കിന്ന് ഊന്നുവടി നീട്ടുന്നു...
അപ്പോഴും എന്തോ,
കുഴിയിലേക്ക് കാലുകൾ നീട്ടാൻ മാത്രം
എന്റെ മനസ്സാകെ മടിച്ച് നിന്നു...
ഏതു വർദ്ധക്യത്തിലും മരണത്തെ എന്റെ
പ്രണയത്തിന്റെ വേലിക്കപ്പുറം മാത്രമെ
നിർത്തുള്ളു എന്ന വാശിയോടെ തന്നെ... !
അപ്പോൾ മാത്രം...
അപ്പോൾ മാത്രം...
എന്റെ പ്രായം കുറഞ്ഞ്,
മനസ്സിൽ കളങ്കമില്ലാത്ത ആ
പഴയ കുട്ടിയാകുന്നപോലെ....
-
പിറന്നു വീഴാൻ നിന്റെ മനമില്ലെന്നിരിക്കെ
എന്നിലെ പരിഭവങ്ങളെ ഇടയ്ക്കിടെ
ഞാൻ ഭ്രൂണഹത്യക്ക്
വിധേയമാക്കാറുണ്ട്-
മൃഗതൃഷ്‌ണപ്പോൽ വെറും തോന്നലായി
ഹൃത്തിലെന്നും നിന്റെ കവിതയും...
കടൽതിരപോൽ എന്നോ വന്നുപോയി
നിന്റെ ചുംബനം എന്നാകിലും
പറ്റിച്ചതെന്നറിയാതെ കാത്തിരിക്കുന്നുണ്ടീ
തീരത്ത് ഏകയായി ഞാനിന്നും-