നയന
-
അത്രമേൽ പ്രിയപ്പെട്ട
മനുഷ്യരെന്ന് നിങ്ങളെന്നോട്
പറ്റിച്ചേരാതെയിരിക്കുക...
തിരിച്ചിറങ്ങിപ്പോവാതിരിക്കാൻ
നിങ്ങളെയത്രയേറെ
ഞാനിറുക്കിപ്പിടിച്ചിട്ടുണ്ടാവും...
ഇതളറ്റു വീഴാൻ തുടങ്ങുന്ന
ഒരു കുഞ്ഞുപൂവ്
നാളയെ വാശിപിടിക്കുന്നതുപോലെ...-
ചിരിച്ചു കാണിക്കുന്ന
മനുഷ്യരെയെല്ലാമങ്ങനെ
ഉള്ളിൽ കയറ്റി വച്ചേക്കരുത്...
ഒടുവിലൊരു ദിവസം
നിങ്ങളുടെ ചിരിയുമായിട്ടായിരിക്കും
അവരിറങ്ങി പോകുന്നത്..-
മനുഷ്യരൊക്കെ നിറങ്ങളാണത്രെ..
തീർന്നുപോവരുതെന്നുകരുതി
ഞാനെടുത്തുവെച്ച
ഒത്തിരി നിറങ്ങളുണ്ടങ്ങനെ..
പച്ചയായും ചോപ്പായും മഞ്ഞയായും..
ഞാനെടുത്തുവെച്ചത്..
എത്രയെടുത്തുവെച്ചാലും..
ചില നിറങ്ങളെങ്ങനെ
വറ്റിപോവുമത്രേ..
അത്രയേറെ പ്രിയമുള്ളൊരു
നിറമെടുത്തു
വരച്ചുതുടങ്ങിയപ്പോഴാണവൾ
ആദ്യമായ് മരിച്ചുപോയത്...
ശ്വാസമില്ലാത്ത മനുഷ്യനെ
താങ്ങിയെടുത്തവരെ..
നിങ്ങളാണെന്റെ അക്ഷരങ്ങളുടെ
അവകാശികൾ..
പിന്നെയും നിറങ്ങൾ തീർന്നു.. മരിച്ചുവീണു..
അങ്ങനെയാണ് ഒത്തിരി നിറങ്ങളുള്ളോരു
മനുഷ്യനെ കണ്ടത്..
ഞാനിവിടെ തീർന്നുപോയൊരു
ദിവസമാണവൻ
കയറി വന്നത്...
സ്നേഹവും കരുതലും ചിരിയും..
അങ്ങനെ പ്രിയമുള്ളതെല്ലാം
പകുത്തുതന്നിരുന്നു..
അമ്മയോളം നിറഞ്ഞിരുന്നു...
തിരിഞ്ഞുനോക്കാതെ
നീയിറങ്ങി പോയൊരുദിവസമാണ്
ഞാൻ വീണ്ടും മരിച്ചുവീണത്..
ഇനിയുമെത്രയോ നിറങ്ങൾ
വരുമെന്നവർ പറഞ്ഞുവെക്കുമായിരിക്കും..
ജീവന്റെ നിറമിതായിരുന്നുവെന്ന്
ഞാനുമിവിടെ എഴുതിവെയ്ക്കുന്നു..
അത്രമാത്രം..
-
അത്രയേറെ പ്രിയപ്പെട്ടൊരിടത്തേയ്ക്ക്
ഇനിയൊരാളെയും ചേർത്തുവെക്കാൻ
കഴിയാത്തവിധം...
തീർന്നുപോയോരാളെ
കണ്ടിട്ടുണ്ടോ നിങ്ങള്...
വലിച്ചെടുക്കുന്ന ശ്വാസമതത്രയും
വേദനിപ്പിച്ചിട്ടും
ചിരിയണിയുന്നൊരാളെ..
നീങ്ങളില്ലെന്ന് തോന്നുന്നിടത്ത്
തീർന്നുപോയക്കാവുന്നതുകൊണ്ടുമാത്രം
ഒരുപിടി മനുഷ്യരിൽ
തങ്ങിനിൽക്കുന്നൊരാളെ..
കണ്ടിട്ടുണ്ടോ നിങ്ങള്..
കണ്ടുകാണാൻ വഴിയില്ല..
വിശ്വാസത്തിന്റെ അങ്ങേയറ്റമായിരിക്കണം
ചോരപൊടിയാൻ തുടങ്ങിയത്..
മരിച്ചതറിയാതെ..
ബാക്കിയായ മനുഷ്യരെല്ലാമിങ്ങനെ
ചോരയൂർന്ന് തീർന്നുപോവുമത്രേ...
-
അത്രയേറെ പ്രിയപ്പെട്ടരാളെ
കാണാതായാൽ
തിരക്കി വരുന്ന ചില മനുഷ്യരില്ലേ...
അവർക്കെന്തൊരു ഭംഗിയാണ്...-
തിരിച്ചുകിട്ടാത്ത സ്നേഹം
വേദനയാണെന്ന്
എഴുതിവെച്ചത് കണ്ട്
ഞാനും ചിരിച്ചിട്ടുണ്ട്...
സ്നേഹമാണെന്ന്
പറഞ്ഞുവന്നവരെയെല്ലാം
തിരിഞ്ഞുനോക്കാതെ
പറഞ്ഞുവിട്ടിട്ടുണ്ട്...
നാളുകളേറെ
തീർന്നുപോയൊരു ദിവസമാണ്
സ്നേഹമായിരുന്നുവെന്ന്
തിരിച്ചറിഞ്ഞത്..
വേരിൽ ചോരപൊടിയാൻ
തുടങ്ങിയത്..
വേദനയ്ക്കൊടുവിൽ മരവിപ്പ്
മാത്രമാണെന്ന്
പറഞ്ഞുവെയ്ക്കട്ടെ..
തിരിഞ്ഞുനോക്കാതെ തിരിച്ചയച്ച
മനുഷ്യരെയെല്ലാം
ഇപ്പോൾ ഓർമ്മവരുന്നു..
വേദനയിവിടെ ബാക്കിയെന്നും
ഞാനിവിടെ തീർന്നുപോയെന്നും
നിങ്ങൾ വായിച്ചെടുക്കുക..
-
സ്നേഹത്തിനുവേണ്ടി
കരയുന്നതിനോളം വേദന
മറ്റൊന്നിനും ഉണ്ടെന്ന് തോന്നുന്നില്ല...-