ഇപ്പോൾ ചാരുകസേരയുമില്ല,
പൂത്തു നിൽക്കുന്ന മുല്ലപ്പൂക്കളുമില്ല.
പക്ഷേ,
ഘ്രാണേന്ദ്രിയങ്ങളിലെവിടെയോ
ഒരു മുല്ലപ്പൂ മൊട്ടിന്റെ നനവ്
പടരുന്നുണ്ടായിരുന്നു.
തൊട്ടരികിലുണ്ടെന്ന്
ഓർമ്മപ്പെടുത്തുന്ന
അവന്റെ ഓർമകളെ
പോലെ തന്നെ.-
ബാക്കിവെച്ചീടണം ,,
കടിച്ചെടുത്ത
കരളുണങ്ങും
വരെ .......
പ്രിയപ്പെട്ട മനുഷ്യരുടെ
പരിഗണനകളാൽ
എൻ ആത്മാവ്
സമ്പന്നമാക്കിയിരുന്നില്ലേൽ
ഞാനെത്രമാത്രം
ഫക്കീറായിപ്പോയേനെ...-
സ്വയമൊരു ഒറ്റമുറിയായ്
തീർന്നവരിലേക്ക്
ഒരു മെഴുതിരിവെട്ടമായി
കടന്നു വരുന്ന മനുഷ്യരുണ്ട്.
ആ വെളിച്ചത്തിലൂടെ മാത്രം
കണ്ടു ശീലിച്ച രാപകലുകൾ.
ഒടുവിലൊരു മടക്കയാത്രയിൽ
ബാക്കിയാവുന്നത്
ഭീകരമാമൊരു ഇരുട്ടിന്റെ
കറപറ്റിപ്പിടിച്ച ആത്മാവ്
മാത്രമായിരിക്കും.
-
ഈ മഴക്കും നിന്റെ ശബ്ദമാണ്.
നിന്റെ തണുപ്പാണ്,
ഇതുവരെയും പെയ്തതും
ഇനി പെയ്യാനിരിക്കുന്നതുമായ
പെരുമഴകാലങ്ങൾക്ക് നിന്റെ
ഓർമകളുടെ നനവായിരിക്കും.
-
പതിവുകളിൽ നിന്ന് നിങ്ങളുടെ
അസാമിപ്യമറിയുമ്പോൾ
ഓടിക്കയറി വരാൻ പാകത്തിന്,
അന്യോഷണങ്ങളാൽ
കൂട്ടിരിക്കുന്ന മനുഷ്യരെ
നേടിയിട്ടുണ്ടോ...???
ആയുസ്സിന്റെ ഋതുക്കളോട്
കൊതി തോന്നുന്ന
കവിതകളെഴുതാൻ
അവർ നിങ്ങൾക്ക്
വെള്ളക്കടലാസുകൾ
സമ്മാനിക്കും...
എഴുതിത്തീരാത്ത
ആകാശം പോലൊരു
വെള്ളക്കടലാസ്....
-
നന്ദി.....,
എനിക്ക് ആഘോഷമാക്കാൻ
ഒരാകാശം വരച്ചു തന്നതിന്.
പ്രതീക്ഷയുടെ വെളിച്ചം തന്നതിന്.
മഴ മേഘങ്ങളുടെ തണുപ്പുപോലെ
കരുതൽ തന്നതിന്.
ഏറ്റവും മനോഹരമായ
സുവിശേഷങ്ങൾ സമ്മാനിച്ചതിന്...
-
രണ്ടക്ഷരങ്ങൾക്കിടയിലെ
അനന്തതയിലേക്ക്
ഇറങ്ങി ചെല്ലുവോളം
നിങ്ങൾ അക്ഷരങ്ങളെ
ചേർത്തു പിടിച്ചു നോക്കൂ....
ആ അക്ഷരക്കൂട്ടങ്ങളെ രണ്ട്
പുറംചട്ടകൾക്കുള്ളിലടുക്കിയ
ലോകങ്ങളേയും...-
നിന്നോളം ഭ്രാന്ത് പിടിപ്പിക്കുന്ന
ലഹരി ഇന്നേവരെയാരും
കണ്ടുപിടിച്ചു കാണില്ല...-
ഭരണഘടനയുടെ
അനുഷാസനങ്ങൾക്ക്
മേൽ അന്ധതയുടെ
ദംഷ്ട്രകളൊരിക്കലും
അമരാതിരിക്കട്ടെ...
സ്വാതന്ത്ര്യവും സ്വാരാജും
അർത്ഥശൂന്യമാവാതിരിക്കട്ടെ..
മനുഷ്യൻ മനുഷ്യനായിരിക്കട്ടെ..-
മണ്ണേ.....
മാലോകർക്ക് മുഴുവനും
അനന്തമായി നീ
നിന്നെ പകർന്നിട്ടും,
എൻ ലോകമെങ്ങനെ
ആ ഒരാൾ മാത്രമായ്.
ശ്വാസമേ.....
ഓരോ അണുവിലും
നീ നിറഞ്ഞു നിന്നിട്ടും,
ചില നിമിഷങ്ങളിലെന്തേ
അപ്പാടെ ഉള്ളിലങ്ങ്
ചത്തു മലച്ചു പൊങ്ങുന്നു.
ചിന്തകളെ.....
പാനവും പശിയുമില്ലാതെ,
മൗനത്തിൻ വിഷം
കുടിച്ചിനിയുമെന്തേ
ആ ഒരൊറ്റ പേരിന്നു മാത്ര
ഓർമകളുടെ നനവൂട്ടിടുന്നു.-