നിറങ്ങളില്ലാത്ത
ഒരു ലോകത്തെ പറ്റി
എപ്പോഴെങ്കിലും
ചിന്തിച്ചു നോക്കിയിട്ടുണ്ടോ..?
ഒരു പക്ഷെ
കുറെയേറെ മനുഷ്യർ
ഇപ്പോഴും ജീവിച്ചിരുന്നേനെ..!-
ചിത്രശലഭങ്ങളെത്ര
മനോഹരമാണ്
ഇത്തിരി ആയുസ്സിലും
എത്ര വർണ്ണങ്ങളെയാണ്,
അവ ചുംബിക്കുന്നത്
എത്ര മധുരങ്ങളാണ്
നുണഞ്ഞു തീർക്കുന്നത്-
മരങ്ങൾക്കും ചെടികൾക്കും
മനുഷ്യർക്കുമെല്ലാം
ഭൂമിയോടുള്ള അടങ്ങാത്ത
പ്രണയത്തിന്റെ പങ്ക് വെപ്പാവും
വെളിച്ചത്തിൽ തെളിഞ്ഞു
ഭൂമിയിൽ നിഴലായ് പതിയുന്നത്-
ഇടമാണ് കവിത
മുഖം മൂടിയില്ലാത്ത,
ഒളിമറകളില്ലാത്ത,
ഭയമെത്തിനോക്കാത്ത
നഷ്ട സ്വപ്നങ്ങളോ,
നീറുന്ന മുറിവുകളോ
ബാക്കി വെക്കാത്ത
എന്റെ ഇടം..!-
പൂക്കളെ തിരയുന്ന
പൂമ്പാറ്റയെ കണ്ടിട്ടുണ്ടോ
ചുംബനം ചാർത്തിയാണവ
വേർതിരിച്ചറിയുന്നത്
തേൻ പകർന്നില്ലെങ്കിലും
ഉതിർന്നു വീഴും കാലത്തോളം
ഓർത്തിരിക്കാൻ
പൂക്കൾക്കാ ചുംബനം
തന്നെ ധാരളമല്ലേ..!-
നമ്മുടെ കണ്ണുകളെന്താ
മനുഷ്യരിൽ മാത്രം
കുരുങ്ങി കിടക്കുന്നത്
കണ്ണിനും മനസ്സിനും
കുളിർമ പകരുന്ന
ഏതൊരു മുറിവിനെയും
ഉറക്കി കിടത്താൻ
പാകത്തിന് മാന്ത്രികതയുള്ള
പ്രകൃതിയും, അന്തരീക്ഷവും
ചുറ്റി വലയം ചെയ്തിട്ടും
നാം എന്തിന് കണ്ണുകളെ
മനുഷ്യരാൽ മാത്രം മൂടിക്കെട്ടണം..!-
തിര തിരയുന്ന
കരയെ പോലെയാവുക
തിരിഞ്ഞു നടന്നവയെ
തിരയാതെ
പുതു തിരയെ തേടുക..!-
ചിലത് നഷ്ട്ടപ്പെടുക
തന്നെ വേണം
ആ നഷ്ടബോധം
ഒരു പക്ഷേ നമ്മെ
പുതിയ ലക്ഷ്യങ്ങളിൽ
കൊണ്ടെത്തിക്കും..!-
ചില മനുഷ്യരിൽ നിന്ന്
ഇറങ്ങി നടക്കുക എന്നതും
ജീവിതത്തിലെ
അവർണ്ണനീയമായ
ഒരു തുടക്കമാണ്..!-
കൂട്ടിരിക്കുക എന്നത്
മനോഹരമാണ്
അത് കൂട്ട്
തേടുന്നവരിലാണെങ്കിൽ
അതി മനോഹരവും..!-