സ്നേഹം....
നിർവചിക്കാനാവാത്ത ഒരു വികാരമാണത്. ചില ബന്ധങ്ങൾ ഒരു ദീർഘനിശ്വാസത്തിന്റെ ഇടവേളയിൽ മങ്ങി തുടങ്ങുമ്പോൾ, ചുട്ടുപൊള്ളുന്ന അഗ്നിപോൽ ഹൃദയം വെന്തുരുകും. പ്രകാശത്തെ പ്രണയിച്ച ഈയലിന്റെ അവസാന പിടച്ചിൽ പോലെ.....
-
കാണിക്കയായ് വച്ചിടാം ഞാനെന്റെ
ഹൃദയത്തിനുള്ളിലെ നൊമ്പരപൂക്കൾ
ഇനിയുമീ മൗനം അരുതേ തോഴാ
ചൊരിയൂ എൻ ആത്മാവിൽ നിൻ
സ്നേഹാമൃതം....-
പാതിചാരിയാ വാതിലിൻ പിന്നിലായ്
പാതിരാപൂവിന്റെ ഗന്ധം നുകരവേ
പൗർണ്ണമിതിങ്കളെൻ നൊമ്പരം കാണാതെ
കൗതുകത്തോടെന്നെ നോക്കിചിരിച്ചു-
പാടുവാനാകാത്ത വീണയായ് ഞാനിന്നീ
പാതിവഴിയിൽ തനിച്ച് നിൽക്കെ
പകരം തരാനെനിക്കൊന്നുമില്ലെന്നെൻ
പാഴ്കിനാക്കൾ മെല്ലെ ചൊല്ലിയകന്നു-
ഓർമ്മയുടെ തീരാസുഗന്ധം..
നിന്റെ കാൽപാദങ്ങൾ പതിഞ്ഞ മണ്ണ് തിര വന്ന് കട്ടോണ്ട് പോകുവോ എന്ന് പേടിച്ച് കൈകുമ്പിളിൽ വാരി നെഞ്ചോട് ചേർത്തു ഞാൻ...
നീ വരുവോളം വാകമരചുവട്ടിൽ തനിച്ച് കാത്തിരുന്നപ്പോൾ ചെമ്പകത്തിന്റെ മണമുള്ള ഒരായിരം ഓർമ്മകൾ എനിക്ക് കൂട്ടിരുന്നു...
മഴതുള്ളികൾ ചന്നം, പിന്നം ഉമ്മവെച്ചെന്റെ കവിളിൽ തട്ടി തെറിച്ചു വീണത് നിന്റെ കണ്ണിലേക്കായിരുന്നില്ലേ... അന്നോളം ഞാൻ അത്രമേൽ ആഗ്രഹിച്ച ദിവസമായിരുന്നു അന്ന്. നിന്നോടൊത്തു ഒരുമിച്ചു ഒരു മഴ നനയണം എന്നത് . ആർത്തു പെയ്യുന്ന മഴയത്ത് നിന്റെ നെഞ്ചിലെ ചൂട് പറ്റി ഞാൻ നിന്നപ്പോൾ കടലിരമ്പി തിരമാലകൾ നമ്മുടെ പാദത്തെ ഇക്കിളികൂട്ടി അകന്നുപോയി. ഓർമ്മകളുടെ സുഗന്ധം ഒരിക്കലും തീരില്ല.-
വിരഹത്താൽ വാടി
നീയെൻ ഓർമ്മപൂക്കളെ...
മരണത്തിൻ മണമെന്നെ തഴുകിയകന്നുപോയ്...
അസ്തമിക്കാത്തൊരെ-
ന്നോർമ്മകളിപ്പോഴും
കാത്തിരിപ്പൂ താഴമ്പൂമണമുള്ള കുളിർകാറ്റിനെ...-
മണ്ണിന്റെ മാറിലലിഞ്ഞു ചേർന്നൊരാ
മഴതുള്ളിപെണ്ണിനെ, നെഞ്ചോടടുക്കി പിടിച്ചൊരാ ഭൂമിതൻ അകതാരിൽ വിരിഞ്ഞൊരാ മോഹപുഷ്പത്തിന്റെ നറുമണത്താലെ നാണം പൂണ്ട തെന്നലിനൊപ്പം നേർന്നിടാം നല്ലൊരു സുപ്രഭാതം...-