നടന്നകന്ന പാതയിൽ
നുറുങ്ങു നൊമ്പരങ്ങളിൽ
അഴിഞ്ഞു മോദമോടെ കൂന്ത-
ലലസമായ് പറന്നിടുന്നു.
സ്‌മൃതികൾ മുത്തമേകിടും
സ്വരങ്ങൾ നൃത്തമാടിടും
കൊഴിഞ്ഞ രാവിൻ ചില്ലകളിൽ
മിഴികൾ കോർത്തു നിഴലുകൾ.
ഒഴിഞ്ഞ മോഹവനികയിൽ
ഒളിഞ്ഞു നോക്കുമോർമ്മകൾ
ഈറനായ് പതിഞ്ഞു ഹൃത്തി-
നിഴകളിൽ വടുക്കളായി.-
കീറി മുറിക്കുന്ന വേദനയാണെന്റെ
നീറും മിഴികളിൽ നിന്നോർമ്മ പുൽകവേ!
വാടി തളർന്നു കരിഞ്ഞപൂ മൊട്ടിന്റ
വ്യാകുലഭാവ സങ്കീർണതയായിടും
നേരിനെ വെട്ടി മുറിച്ച നിഴൽകൂത്തു
ശാലയിൽ മൗനതിരശീല വീഴവേ!
ചിന്താശരം വീശിയെത്തുന്നു പിന്നെയും
മന്ദസമീരണൻ ഓർമ്മ ചുരുട്ടുമായ്
മങ്ങിയ നീലച്ചകണ്ണട കൂട്ടിലായ്
വിങ്ങും വിലാപങ്ങൾ വെട്ടി നുറുക്കവേ!
പൊട്ടിയൊഴുകിടും ചാലുപോൽ കണ്ണുകൾ
മറ്റൊരുചിത്രം വരച്ചു കപോലങ്ങൾ.-
കൈവഴിചാലുപോൽ നീങ്ങും നിഴലുകൾ
കാണാമറയത്തൊളിച്ചു നിൽക്കും
പാതയിലൂടെ നടന്നു നീങ്ങി ഇരുൾ
മൂടിയ മൗനത്തിൻ കാർമുകിൽ തുണ്ടുകൾ.
നേരിയ വെട്ടം തെളിഞ്ഞു കിഴക്കിന്റെ
മാറിൽ പതിഞ്ഞു കിടക്കും പതക്കമായ്
ചാരുത തത്തികളിക്കും കുളിരല
ചാറുപോൽ മിന്നി തിളങ്ങുന്നു അംശുമാൻ.
.
കോതി മിനുക്കിയ വാർമുടി കെട്ടിലെ
നീരുകൾ ഇറ്റിറ്റു വീഴുന്ന തുള്ളിപോൽ
മൂളുന്നു പക്ഷികൾ, മുന്തിരി ചാറിന്റെ
മാധുര്യമേറും മധുരമാം ഭാഷയിൽ.
വശ്യത വട്ടം കറങ്ങുന്നു ചുറ്റിനും
വിശ്വസൗന്ദര്യം നിറഞ്ഞു തുളുമ്പവേ!
മോദം കലർത്തിയ മോതിര കൈവിരൽ
മൂകം തഴുകി തഴുകിയിരുന്നു ഞാൻ.-
കവിത
ഹൃദയ വനിയിൽ വിരിയുന്നു കവിത
കുളിരു കോരും ശ്രുതിയാണ് കവിത
പുഴ തഴുകിടും പൂന്തെന്നൽ കവിത
പ്രണയ സിന്ദോള രാഗം കവിത.
ഉണരും ആത്മാവിൻ രോദനം കവിത
ഉണ്മതൻ മൃദു സ്പന്ദനം കവിത.
വരകളാൽ വരി തീർക്കുന്നു കവിത
പൂനിലാവിന്റെ പുളകമാം കവിത.
കിരണമായി ജ്വലിക്കും കവിത
തൂലികയിലെ വാക്കാണ് കവിത
തൊട്ടുന്നർത്തും സ്വരമാണ് കവിത.
താള സമ്പൂർണ കലയാണ് കവിത.
ചിന്തകളിൽ തുളുമ്പും കവിത
ചന്ദനത്തിന്റെ സൗരഭ്യം കവിത
സ്നേഹ സാഗര സയൂജ്യം കവിത
ചിറകു വീശി പറക്കും കവിത
ഹൃദയ തന്ത്രിയിൽ ചിതറുന്നു കവിത
മനസ്സിനുള്ളിലെ മധുവാണ് കവിത.
നഷ്ടസ്വപ്നങ്ങൾ കാണാം കവിതയിൽ
ഇഷ്ടഭാവങ്ങൾ കാണാം കവിതയിൽ
ഈയുഗത്തിന്റെ താഴ്വരെതോപ്പിൽ
വിലസിടട്ടെ ഭാവനാസൂനങ്ങൾ.-
ജനമൊഴുകി മായുന്ന നാലമ്പലത്തിൻ
കാണിക്കവഞ്ചിക്കരികിൽ ഞാൻ നിൽക്കവേ
ശങ്കരധ്യാനസ്തുതി ഗീതമെന്നിലെ
സങ്കട കടലിൻ അരികിലെത്തി
അറിയാതെ കണ്ണുകൾ കൂട്ടിയടച്ചു ഞാൻ
അകതാരിൽ ശംബുവിൻ തിരുമുഖം മാത്രം
കോടിമന്ത്രത്തിനർച്ചനപൂവുകൾ
നാടിനശ്വര്യലബ്ധിതൻ മുത്തുകൾ
വീണടിഞ്ഞു ഭഗവാന്റെ തൃ
പാദപത്മത്തിൽ മന്ത്രാക്ഷരികളായ്.-
ചെഞ്ചായം വീണു പടർന്നു, വാന
ചന്ദന കിണ്ണം നിറഞ്ഞു.
പാരിനെ ചുമ്പിച്ചുണർത്തും, സ്നേഹ
ചാരുത തത്തി കളിച്ചു.
വാകമരത്തിൻ തണലിൽ, നിഴൽ
വാതായനങ്ങൾ തുറന്നു.
ഭൂമിക കോരിത്തരിച്ചു, മനം
ഭാവനകൊണ്ടു നിറഞ്ഞു.
ചാഞ്ഞാടി നിൽക്കും ലതിക, പല
മാന്ത്രിക വിദ്യകൾ കാട്ടി.
പൂന്തേൻ നുകരുവാനെത്തും, വണ്ടിൻ
ചാഞ്ചല്യഭാവം ശ്രവിച്ചു.
മുഗ്ദമാം മോഹചരടിൽ, വീണ്ടും
ചിത്രപണികൾ തുടങ്ങി.-
കുളിർകാറ്റു വീശി കിളിവാതിൽ മുട്ടി
മിഴികൂമ്പി നിൽക്കും കുടമുല്ല ആടി
നിശാഗന്ധി പൂക്കും നിലാവിന്റെ മാറിൽ
നിറയുന്നു സൗരഭ്യ നിറമാല വീണു.
മറയുന്ന രാവിൻ വിഷാദർദ്ര ഭാവം
മിഴിനീരു തൂകും മഴനീർ കണങ്ങൾ
ഇഴയുന്ന മാത്രകൾ ഗതിമാറി, വേനലിൻ
നിറുകയിൽ തിലകമായ് തിളങ്ങി നിന്നു.-
എഴുതാൻ തുടങ്ങവേ ഓർമ്മതൻ ചെമ്പനീർ
വിരിയുന്നു ഹൃദയത്തിന ങ്കണത്തിൽ.
പലവർണ്ണരാജികൾ വിതറുന്നു അംശുമാൻ
അലസമായ് ചെങ്കതിർ മിഴി തുടച്ചു.
ചിരകടിച്ചെങ്ങോ പറക്കുന്നു ചിന്തകൾ
അതിരുകൾ താണ്ടി കടന്നുപോയി.
കൊതുകുകൾ മൂളി വലംവച്ചു ചുറ്റിനും
രൂധിരം നുണഞ്ഞു വിശപ്പടക്കാൻ.
അറിയാതെ, കൈവിരൽ പതിയ യാജീവന്റെ
പരിണാമ ബിന്ദുവിൽ എത്തി നിന്നു.
എഴുതാൻ കഴിയാതെ തൂലിക യപ്പോഴും
വിരലുകൾക്കുള്ളിൽ വിറങ്ങലിച്ചു✍️-
മൗന തിരശീല പൊട്ടി വീണു
മാറാലവീണ മനസ്സിനുള്ളിൽ
മാധവം കൈവിട്ട സന്ധ്യാബരം
മുങ്ങിനിലാപൊയ്കതന്നിൽ.
മങ്ങിയരാവിൻ മാറിലെചന്ദന
മന്ദസ്മിതത്തിന്റെ താഴ്വരയിൽ
മാനം പുകച്ചുരുൾതീർത്തു മടങ്ങി
മാരിവിൽ മാഞ്ഞുമറഞ്ഞു വിൺതിണ്ണയിൽ
മന്നിന്റെ മാണിക്യമുത്തു വിളഞ്ഞിടും
മകരകൊയിത്തിൻ അരിവാൾ മുനയിൽ
മത്രജപങ്ങളാൽ പുഞ്ചക്കതിരുകൾ
മൂകമായ് മന്ത്രിച്ചതെന്തുകാര്യം.-