അത്രമേൽ
പ്രിയപ്പെട്ട
ഇടങ്ങളും
ആളുകളുമൊക്കെ
ചിലപ്പോൾ
വളരെ
പെട്ടെന്ന് ,
നാം പോലുമറിയാതെ
തന്നെ
അന്യമായി
തോന്നിയേക്കാം..-
ജീവിതമെന്ന കളിയിൽ ദൈവം out പറയുമ്പോൾ ഒന്നു പിന്തിരിഞ്ഞു നോക്കാൻ പോലും കഴിയാതെ ഇറങ്ങിപ്പോകേണ്ടി വരുന്ന കളിക്കാരാണ് നമ്മളെല്ലാവരും...
-
കലിയും പുഷ്കരനും ചേർന്ന് ഒരു നളനെ മാത്രമേ അപകടത്തിലാക്കിയുള്ളൂ. പക്ഷേ പണവും രാഷ്ട്രീയവും ചേർന്ന് എല്ലാ നരന്മാരേയും അപകടത്തിലാക്കും.
-
അവസരം വരുമ്പോൾ ചില മനുഷ്യരുടെ സ്വത്വം വെളിയിൽ വരും. നീലക്കുറുക്കൻ ഓരിയിട്ടതുപോലെ ..
-
രക്തസാക്ഷി
നേതാവിന് പാദസേവ ചെയ്യാൻ അണികൾ ഏറെപ്പേർ തയ്യാറായി എത്തിക്കൊണ്ടിരുന്നു. പക്ഷേ എന്തു ചെയ്യാം അയാൾക്ക് രണ്ടു പാദങ്ങളല്ലേയുള്ളൂ. അണികൾ പ്രാർത്ഥനയിലായി. നേതാവിന് കൂടുതൽ പാദങ്ങളുണ്ടാകണേ.. ഒടുവിൽ ദൈവം അവരുടെ പ്രാർത്ഥന കേട്ടു. നേതാവിന് പാദങ്ങൾ മുളയ്ക്കാൻ തുടങ്ങി. മൂന്ന് ,നാല്, അഞ്ച്, പത്ത്, ഇരുപത്, നൂറ്,...നേതാവ് കാലുകളിൽ ഇഴഞ്ഞു നടന്നു.
അമ്മ കുറേത്തവണ വിളിച്ചിട്ടും കുഞ്ഞുമണി രാവിലെ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.ഒടുവിൽ അച്ഛൻ്റെ വഴക്ക് കേട്ടുണർന്നു. അവധിദിവസമാണെങ്കിലും കിടക്കാൻ സമ്മതിക്കില്ല, പിറുപിറുത്തു കൊണ്ട വൾ പത്രമെടുക്കാൻ മുറ്റത്തേയ്ക്കിറങ്ങി. പത്രമെടുത്തു നിവർത്തിയപ്പോഴാണ് കണ്ടത്, ഒരു തേരട്ട അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു. അയ്യേ...അവൾ പത്രം താഴെയിട്ടു. അപ്പോഴാണ് തലേദിവസം സിനു ടീച്ചർ പഠിപ്പിച്ച സയൻസും അച്ഛൻ പഠിപ്പിച്ച ചാണക്യ സിദ്ധാന്തവും ഓർമ്മ വന്നത്. ഒട്ടും മടിച്ചില്ല അടുക്കളയിൽ നിന്നും കുറച്ച് ഉപ്പ് കൊണ്ടുവന്ന് അട്ടയുടെ മുകളിലിട്ടു. അട്ട ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരുന്നു.. അട്ടയുടെ ശരീരം ക്ലോസറ്റിലേയ്ക്കിട്ടു അവളുടെ ആർത്തവരക്തത്തിനൊപ്പം തന്നെ ഫ്ലഷ് ചെയ്തു. നാളെ ചിലപ്പോൾ ഒരു രക്തസാക്ഷി പിറന്നേക്കും.അണികൾ എല്ലാം മറന്നിട്ട് മറ്റൊരു നേതാവിനെ അന്വേഷിച്ച് പോയിക്കഴിഞ്ഞിരുന്നു.
-
ഹർത്താൽ
കൊടിയുടെ നിറം പലതാണെങ്കിലും
വെട്ടിയരിഞ്ഞ കോഴികളുടെ
ചോരയ്ക്കൊരേ നിറം-
സങ്കടങ്ങളുടെ കൂട്ടത്തിൽ അവിടവിടെക്കാണുന്ന കുഞ്ഞുസന്തോഷപ്പൊട്ടുകളെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന പ്രക്രിയയുടെ പേരാണ് ജീവിതം.
-
ആർക്കുമാർക്കും വേണ്ടാതെ
പിന്നാമ്പുറത്തമരാൻ മാത്രംവിധി!
ഒരു തലോടലേൽക്കാൻ,
ഒരുനല്ല വാക്കിനായ്
കൊതിച്ചിവിടെ മരുവുന്നു കാലമേറെയായ് ഞാൻ!-