നിറഞ്ഞു കവിയുന്ന സ്നേഹത്തിനിടയിലും
നഷ്ടപ്പെടുമോ എന്ന ഭയം
തലനീട്ടാറുണ്ട്.-
# എൻ്റെ വരികൾ
* * * * * * * * * * * *
കുറിച്ചു
വയ്ക്കുന്ന വരികളിലൊക്കെയും
നിന്നെക്കുറിച്ചുള്ള
ഓർമ്മകളാണെന്ന്
എന്നെ വായിക്കുന്നവർ ഓർമ്മപ്പെടുത്തുന്നതെന്തുകൊണ്ടാവാം
ഇന്നും എൻ്റെ ഓർമ്മകൾ നിന്നിൽത്തന്നെ തട്ടിതടഞ്ഞു കിടക്കുന്നതുകൊണ്ടാവാമല്ലേ
ഇരുന്ന കൽപ്പടവുകളിൽ
പ്രദക്ഷിണംവച്ച വഴികളിൽ
അങ്ങനെ ഒരുമിച്ചുണ്ടായിരുന്ന
ഇടങ്ങളിലൊക്കെ എൻ്റെ ഓർമ്മകൾ
ഇന്നും നിനക്കായ് തുടിക്കുന്നുണ്ട്.
മന: പൂർവ്വമല്ലെങ്കിലും എഴുതുന്ന വരികളിലൊക്കെ നിൻ്റെ നിശബ്ദ സാന്നിധ്യം എന്നെ മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
വരികളിൽ തുടിയ്ക്കുന്ന വിങ്ങലായ് നീ നിറയുമ്പോൾ
ഞാനും നീയുമുള്ള ലോകം
നമുക്ക് മാത്രമായ് ഒരുകാവ്യം ചമയ്ക്കുകയാണ്.
വരികളിൽ മാത്രമൊതുങ്ങുന്ന ഓർമ്മയായ് നീയെന്നിൽ
നിറയുന്ന കാലത്തോളം
എൻ്റെവരികൾ നിനക്ക് വേണ്ടി
ശബ്ദിച്ചു കൊണ്ടേയിരിക്കും .
ജ്യോതി ലക്ഷ്മി ( ആമ്പൽപ്പൂവ് )
-
# എൻ്റെ അയൽക്കാരൻ
* * ** ****************
അയലു പങ്കിടുന്നവനാവണമെങ്കിലും
അതിരു തോണ്ടുന്നവനാവരുതെൻ്റെ അയൽക്കാരൻ
അതിരിലെ മരങ്ങൾ അവകാശത്തർക്കത്തിൻ്റെ
പേരിൽ വെട്ടിമുറിച്ച് അവിടെ
മതിൽ കെട്ടി മനസ്സാക്ഷി
പണയം വച്ചവനാവരുത്
എൻ്റെ അയൽക്കാരൻ
മുറിവിൽ തൂവാൻ ഒരു തുള്ളി ഉപ്പെങ്കിലും കയ്യിൽ കരുതുന്നവനാവണം
എൻ്റെ അയൽക്കാരൻ
പുകയാത്ത അടുപ്പു നോക്കി നെടുവീർപ്പിടുമ്പോൾ
ഒരു കുമ്പിൾ കഞ്ഞി പകർന്നവൻ
വീണു കിടന്നപ്പോൾ കൈകളിൽ കോരി ആശ്വാസമേകിയവൻ
ഞാൻ കരഞ്ഞപ്പോൾ അകമേ ചിരിക്കാതെ
ചുണ്ടിൽ പുഞ്ചിരി വിരിയിച്ചവൻ
അങ്ങനെയങ്ങനെ
ഒരു നിലാവെളിച്ചം പോലെ
ഹൃത്തിലിടം നേടിയവനാവണ
മെൻ്റെ അയൽക്കാരൻ
ജ്യോതി ലക്ഷ്മി ( ആമ്പൽപ്പൂവ് )-
# മറ്റൊരിടം .
ഇടം തേടി അലയുന്ന
ആത്മാക്കളുടെ ലോകത്തിൽ
ഇരിപ്പിടമില്ലാതെ അലയുന്ന ആത്മാവ്
മറ്റൊരാളോട് മത്സരിച്ച് നേടാൻ
കഴിയാത്ത ഇടം അത് ഒരു പക്ഷേ
തൻ്റേതായ ഇടം ലഭിക്കാത്ത ആത്മാവിൻ്റെ ഇരിപ്പിടമാവും.
ഭൂമിയിൽ നേടിയ ഇടങ്ങളിലൊക്കെയും
മറ്റൊരാളുടെ ഔദാര്യത്തിൻ്റെ കയ്പ്പുള്ളതുകൊണ്ടാവാം
തൻ്റേതു മാത്രമായ ഇടം തേടി
അത്രത്തോളം അലയേണ്ടി വന്നത്.
ആർക്കും പതിച്ചുനൽകിയിട്ടില്ലാത്ത
ഇത്തിരി ഇടം തേടി അലയുമ്പോൾ
ചുറ്റും പിടിച്ചെടുക്കാനുള്ള
ആർപ്പുവിളികളുടെ അലയൊലികളാണ്.
ജീവിച്ചു മരിച്ച കാലത്തോളം
തൻ്റേതെന്ന് അടയാളപ്പെടുത്താനില്ലാത്ത
ഇടങ്ങളിലൊക്കെയും
ഗതി കിട്ടാത്ത അരൂപിയാവുമ്പോൾ
ഒരിക്കലെങ്കിലും തനിക്കു മാത്രമായ ഒരിടം ലഭിക്കുമെന്ന് വെറുതേ
ആഗ്രഹിച്ചു പോയൊരു
ആത്മാവ് ഗതികിട്ടാതെ പരലോകത്തിലും അലയുകയാണിപ്പോഴും.
ജ്യോതി ലക്ഷ്മി ( ആമ്പൽപ്പൂവ് )
-
# ഭയം
* * * * * *
എൻ്റെ ഞരമ്പുകളിൽ ഭയം നുരയ്ക്കാൻ ആരംഭിച്ചത്
കാലങ്ങൾക്ക് മുൻപേയാണ്
നേർത്തൊരു വിറയലായ്
കുളരിയായ് അടിമുടി തകർത്തു കൊണ്ട്
എന്നെ ചുറ്റിവരിഞ്ഞ ഭയത്തിന്
ജീവൻ്റെ വിലയായിരുന്നു
ഹൃദയത്തിൻ്റെ പാതിയിൽ
വാസമുറപ്പിച്ചവൻ പിന്നീട്
സ്ഥിരതാമസക്കാരനായ്
തനിച്ചാവുന്ന ഓരോ മാത്രയിലും
എനിക്കവൻ സമ്മാനിച്ചത്
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ
കൂട്ടായിരുന്നു.
ഉള്ളുലയുമ്പോഴും പുഞ്ചിരിക്കാൻ
ശീലിച്ചത് ഒരിക്കലെങ്കിലും
അവനെ തോൽപ്പിക്കാനുള്ള
വാശിയാണ്
എത്ര ശ്രമിച്ചിട്ടും അവൻ്റെ
കരുത്തിൽ എൻ്റെ വാശികൾ
തോറ്റു പോയിട്ടേയുള്ളൂ
ഒടുവിൽ അവൻ്റെ വിജയം
അതെന്നെ പരാജയത്തിൻ്റെ
പടുകുഴിയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും
എന്നിലാഴ്ന്ന വേരുകൾ പറിച്ചറിയാൻ കഴിയാത്തവണ്ണം ഞാനവന് പ്രീയപ്പെട്ടതായെങ്കിൽ അതവൻ്റെ വിജയം മാത്രമല്ല എൻ്റെ നിസ്സഹായത കൂടിയാണ് ജ്യോതി ലക്ഷ്മി ( ആമ്പൽപ്പൂവ് )-
# ചില്ലകൾ
* * * * *
വീണ്ടുമൊരു വസന്തം തീർക്കാനായ്
തളിർക്കുന്ന ചില്ലകളിൽ
ഒരു പൂക്കാലത്തെ ഒളിപ്പിക്കാൻ
കാലം കാട്ടുന്ന ഇന്ദ്രജാലമുണ്ടല്ലോ
നമുക്കൊരു പൂക്കാലം അതെന്നും
സമ്മാനിക്കുക തന്നെ ചെയ്യും.
ഇലകൾ കൊഴിഞ്ഞും
ചില്ലകൾ വരണ്ടുണങ്ങിയും
വേരുകൾ വെള്ളം തേടി
പിടച്ച് തളർന്നും നമ്മെ
നിരാശപ്പെടുത്താറുണ്ടെങ്കിലും
അടുത്ത മാത്രയിൽ ഒരു മഴച്ചാറ്റൽ
നമ്മിൽ പ്രതീക്ഷയുണർത്തും .
പതിയെ ചില്ലകളിൽ
പുതുനാമ്പുകൾ വിടരുകയും
അവയിൽ പ്രതീക്ഷയുടെ
മൊട്ടുകൾ വിരുന്നെത്തുകയും ചെയ്യും.
ഇനിയൊരു വസന്തവും
കടന്നു വരാനില്ലെന്ന നൊമ്പരത്തെ
നറു സുഗന്ധത്താൽ
തുടച്ചെറിയുക നിറയെ പൂത്തുലഞ്ഞ
പുതിയ ചില്ലകളാവും.
ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതത്തിലും പ്രതീക്ഷയുടെ ഒരു തുരുത്താവുന്നത് ഇത്തരം പൂത്ത ചില്ലകളാവുമല്ലേ? ജ്യോതി ലക്ഷ്മി ( ആമ്പൽപ്പൂവ് )-
മൊഴി മറന്നവർ
**************
ഒരേ പാതയിൽ കണ്ടുമുട്ടിയവർ
ഒരിക്കൽ അത്രയും വാചാലതയോടെ
അടുപ്പമായവർ
മൊഴി മറന്നു പോയത്
വാക്കുകൾ അന്യമായിട്ടല്ല
മറിച്ച് വാക്കുകൾ ഉള്ളിൽ
മരിച്ചു മരവിച്ചു പോയതിനാലാണ്.
വാക്കുകൾ പരസ്പരം കലഹിക്കുമ്പോഴും
ഉള്ളിൽനിന്നൂർന്നു വീഴാൻ
മടിച്ച് ഹൃദയത്തിൻ്റെ അടിത്തട്ടിലേക്കടിഞ്ഞ്
ഇല്ലാതെയാവുന്നത്
നിസംഗതയോടെ നോക്കി
നിൽക്കേണ്ടി വരികയെന്നത്
കാലത്തിൻ്റെ വികൃതിയാവാം.
മിണ്ടാൻ മറന്ന ഹൃദയങ്ങൾക്കിടയിൽ
ഞെരിഞ്ഞമരുമ്പോഴും
നിസംഗതയുടെ മൂടുപടം നീക്കി
വാക്കുകൾ വാചാലമാകുമെന്ന്
വെറുതെയെങ്കിലും മോഹിക്കാമല്ലോ
ജ്യോതി ലക്ഷ്മി ( ആമ്പൽപ്പൂവ് )
-
# ഹൃദയങ്ങളിൽ താമസിക്കുമ്പോൾ.
നാലു ചുവരുകൾക്കുള്ളിൽ
താമസിക്കുന്നത്ര എളുപ്പമല്ല
ഹൃദയങ്ങളിൽ താമസിക്കാൻ .
മേൽക്കൂരയുടെ തണലോ
വാതിലുകളുടെ സുരക്ഷിതത്വവുമോ
ഇല്ലാതെ ഇഷ്ടപ്പടി കയറിപ്പോവാനും
ഇറങ്ങി വരാനുമാവാതെ
തുറന്ന വീടിൻ്റെ സ്വാതന്ത്ര്യമില്ലാതെ
ഹൃദയങ്ങളിൽ നിന്നും ഒരു തിരിച്ചു പോക്ക്
അത് അത്ര സരളമല്ല തന്നെ.
ചില ഇടുങ്ങിയ മുറികളിൽ
ആവശ്യത്തിനു പ്രകാശവും സ്വാതന്ത്ര്യവുമില്ലാതെ തളച്ചിടപ്പെടുന്നതു
പോലെയല്ല ചില ഹൃദയങ്ങളിൽ
ചേക്കേറുമ്പോൾ
ചില മോഹങ്ങൾ ചേർത്തുവച്ച്
അത്ര ലളിതമായ് പുറത്തു കടക്കാനാവാത്ത വിധം തളച്ചിടപ്പെടുകയാണവിടെ.
തിരികെ ഇറങ്ങണമെന്നു
മനസ്സുകൊണ്ടാഗ്രഹിച്ചാൽ പോലും
കഴിയാത്ത വിധം നമ്മെ വലിച്ചടുപ്പിക്കുന്ന
മോഹിപ്പിക്കുന്ന വീടുപോലെ
മനോഹരമായൊരിടം.
ചില ഹൃദയങ്ങൾ അങ്ങനെ തന്നെയാണത്രേ എപ്പോഴും
പ്രകാശം പരത്തുന്ന സ്വർഗം പോലെയൊരിടം.
ജ്യോതി ലക്ഷ്മി (ആമ്പൽപ്പൂവ്)
-