..........
-
ഓരോ ഇരവിലും ഓരോ ചിന്തകളായിരിക്കും.ഒരു വ്യത്യാസം മാത്രം എല്ലാ ചിന്തകളിലും ഞാൻ ഒറ്റക്കാണ്, ഒഴിഞ്ഞു മാറിയവന്റെ ഏകാന്തതയിലങ്ങനെ ഒറ്റക്ക്.അതിനും ഒരഴകുണ്ട്, മൗനത്തിന്റെ ശബ്ദം നൽകിയ സന്തോഷത്തിന്റെ സമാധാനത്തിന്റെ സ്നേഹത്തിന്റെ ആദരവിന്റെ അഴക്, അനുഭവിച്ചു മാത്രമറിയേണ്ട ഒരനുഭൂതി.
-
പൂവിനെ മറക്കാനായ് കൊഴിഞ്ഞു പോയ ഇലയറിഞ്ഞില്ല, അതവന്റെ മരണമാണെന്ന്.വാടിപ്പോയതോ ആരോ നുള്ളിയെടുത്തതോ അല്ല, ഇനിയും ആ തണ്ടിൽ താൻ യോഗ്യനല്ലായെന്ന തിരിച്ചറിവിന്റെ വേദനയിലുണ്ടായ പടിയിറക്കം.തന്റെ ഇതളിൽ നിന്നുമൊരിറ്റ് കണ്ണീരോടെ നോക്കി നിൽക്കുവാൻ മാത്രം വിധിച്ചവളായ് പൂവും.
-
ഈ മഴക്കാലം കഴിയുന്നതുവരെയെങ്കിലും നിനക്കെന്നെ പ്രണയിക്കാമോ.മറ്റൊരു വേനൽ ചൂടിൽ മരണമടയുന്നതിന് മുമ്പ്, ഒരുനാളെങ്കിൽ ഒരുനാൾ മഴ നനഞ്ഞു മതിമറന്നു പ്രണയിച്ചു പിരിയാം നമുക്ക്.
-
പ്രപഞ്ചത്തിന്റെ കൃപ
പുറത്ത് നല്ല കാറ്റാണ്, ഇന്നേരത്തെ കൊടും ചൂടിൽ ഒരു നല്ലിളം തെന്നലെന്നെ നിർത്താതെ തഴുകവേ, വിഫലമായ മോഹങ്ങളുണർത്തിയ നോവുകൾ ഞാൻ താനേ മറക്കുന്നു.
ഈ തെന്നൽ നിലച്ചുപോകരുതേയെന്ന് ഞാനാശിച്ചു പോകുന്നു.
ഒരു കടൽ കരയിലോ, കുളക്കടവിലോ, പാറപ്പുറത്തോ, ജനലരികിലോ കണ്ണെത്താ ദൂരത്തേക്ക് സ്വന്തം ചിത്തത്തെയോർത്ത് സഹതപിച്ച് നിൽക്കുമ്പോൾ മഴയെക്കാളേറെ കൊതിച്ചത് തലോടൽ പോലൊരു തെന്നലിനെയായിരുന്നുവെന്ന് ഞാനറിയുന്നു.ഏകാകിയായ നേരത്ത് ഒരായിരം ചിന്തകൾ തലച്ചോറിനോട് യുദ്ധം ചെയ്യുമ്പോൾ പ്രപഞ്ചത്തിന്റെ രൂപരഹിതമായ ആ മനോഹര സൃഷ്ടി എന്റെ മനസ്സിനും ശരീരത്തിനും വിരാമമേകുന്നു, ഭൂമി ദേവത കരുണ കാണിക്കുന്നു, ഞാൻ പ്രകൃതിയെ ആശ്രയിച്ച്, അതിലലിയാൻ ശ്രമിക്കുന്നു.-
എന്റെ നിഴലിന്റെ പകലിനും ഇരവിനും ഇന്ന് നിറം ഒന്നാണ്.പല ഭാവങ്ങൾ പുതുഭാവങ്ങൾ ഏതുമില്ലാതെ ഒരേയൊരു ഭാവം, അപ്രതീക്ഷിതമായി ഒന്നുമേ പ്രതീക്ഷിക്കാനില്ലാത്ത നിരന്തര ഭാവം.ഒഴുക്കുള്ള നദിയിൽ ഒഴുകാതിരിക്കാൻ കഴിയാത്തതിനാൽ കൂടെ തുഴയാനാളില്ലാത്തൊരു തോണിയിൽ കണ്ണടച്ചിരിപ്പുണ്ട് മനസ്സ്.
ചുറ്റിലും പറക്കുന്ന ചിത്രശലഭങ്ങൾ പാറി പറന്നു സന്തോഷിക്കുമ്പോൾ, കണ്ണ് പൊത്തി കരയാൻ കാരണം വേറെ തേടേണ്ടതുണ്ടോ.
എല്ലാത്തിനും കാരണം ഒരു ഇന്ദ്രജാലം.മറവിക്ക് പോലും മായ്ക്കുവാൻ കഴിയാത്ത ആ മായാജാലത്തിന്റെ പേരോ വിഷാദം.-
പതിവിലും കവിഞ്ഞ വെളിച്ചമുള്ളൊരു രാത്രിയിൽ, വെള്ളി വട്ട പൊട്ട് തൊട്ട മനോഹരിയാം ഗഗനത്തെ നോക്കി, നിദ്രയിൽ മുഴുകാതെ നിലാവിലൊഴുകൻ കൊതിച്ചുകൊണ്ടിരുന്നു മനസ്സ്.കൈകൾ പിന്നിൽ കെട്ടി കിനാവുകളില്ലാത്ത ഏകാന്ത പാതയിലൂടെ മെല്ലെ നടന്നു, കൂട്ടിന് തണുപ്പുള്ള ചിന്തകളും.പിന്നിലെ നിഴൽ പോലും നിശയുടെ നീലിമയെ വല്ലാതെ മോഹിക്കാൻ തുടങ്ങിയിരുന്നു എന്നിട്ടും ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല സ്നേഹത്തിനിഷ്ടം കുളിരാണെന്നും, നിശബ്ദതക്കിഷ്ടം എന്നും ഇരുട്ടിനെയാണെന്നും, രൂപമില്ലാത്ത പ്രണയത്തിനിഷ്ടം നിലാവെളിച്ചത്തെയാണെന്നും.
-
എന്നന്നേക്കുമായ യാത്രക്കുള്ള തുടക്കം ഇനിയും കുറിച്ചിട്ടില്ല.പക്ഷെ ഒന്ന് അദൃശ്യമാവുകയാണ്.താത്കാലികമായ് അദൃശ്യമാവുകയാണ്.ഒരുപാട് സ്നേഹവും പ്രോത്സാഹനവും തരുന്ന രത്‌നങ്ങളുണ്ട് ഈ എഴുത്തിടത്തിൽ.സ്വയം തിളങ്ങുകയും ചുറ്റുമുള്ളവയ്ക്കും തിളക്കം വിതറുന്ന അമൂല്യമായ മനുഷ്യ രത്‌നങ്ങൾ.
ഈ രത്നങ്ങൾ എന്നും തിളങ്ങി നിൽക്കണം, പ്രകാശം ചെന്നെത്താത്ത ഇടങ്ങളിലും വെളിച്ചം തെളിയിക്കണം.തിരിച്ചു വരുന്ന നാൾ വരെ ഓർമ്മയിൽ സൂക്ഷിക്കുമെന്ന വിശ്വാസത്തോടെ....സ്വന്തം ജിതിൻ.-
ചെമ്പരത്തിയിൽ വിരിയുന്ന വരികളെ അത്ഭുതത്തോടെ നോക്കി നിന്ന എഴുത്തുകാരി.ബെൻസിയുടെ എഴുത്തുകളിൽ Express ചെയ്യപ്പെടുന്ന മനോ വേദനകളിലും, സന്തോഷങ്ങളിലും അത്ഭുതങ്ങളിലും, ഇഷ്ടങ്ങളിലുമൊക്കെ വായനക്കാർക്ക് വേഗത്തിൽ ആഴ്ന്നിറങ്ങാൻ സാധിക്കുന്നവയാണ്, ഇത് തന്നെയാണ് ഈ എഴുത്തുകാരിയുടെ വിജയവും.തന്റെ എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നവർക്കും അല്ലാത്തവർക്കും ആവോളം പ്രോത്സാഹനം നൽകുന്നതും ബെൻസിയുടെ ഒരു സവിശേഷതയാണ്.YQ ൽ നിന്ന് ലഭിച്ച മറ്റൊരു Bestie കൂടിയാണ് ബെൻസി.ഇനിയും ഒരുപാട് മികച്ച സൃഷ്ടികൾ ആ തൂലികയിൽ നിന്ന് വിരിയുവാനും ജീവിതത്തിൽ ഉയരത്തിൽ എത്തിച്ചേരുവാനും ബെൻസിക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായ് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.
-