ജിഷ്ണുദേവ്
-
Insta:I'm on Instagra... read more
കൂടെ ജീവിക്കാൻ ആരും വേണ്ട എന്ന് മനസ്സ് നിർബന്ധം പിടിക്കുന്ന കൊണ്ടാണ്.. അതിനെ ജയിക്കാൻ പറ്റാത്ത കൊണ്ടാണ് അല്ലെങ്കിൽ നിന്നെക്കാൾ എനിക്കു ചേരുന്ന മറ്റാരുമില്ല എന്നൊരാളെ പറ്റി തോന്നുന്ന മാനസിക അവസ്ഥ ഒരുപക്ഷെ സ്വയം ശ്വാസം മുട്ടിച്ചു കൊല്ലാകൊല ചെയുന്ന പോലെയാണ്... ചതുപ്പിൽ മുങ്ങി താഴുമ്പോൾ പിടിച്ചു കയറാൻ ആകുമെന്ന് തോന്നിപ്പിക്കുന്ന ഒരു ശിഖരം കാണുകയും എന്നാൽ കൈ പൊക്കാൻ ശക്തി പോരാതെ ആകുന്ന പോലെ... ജീവിതം ഒരു വലിയ നുണ ആണ്... സ്വയം ഓരോ നിമിഷവും പറ്റിച്ചു കൊണ്ടിരിക്കുന്ന നുണ.. അല്ലെങ്കിൽ എന്നെ ഞാൻ നീയെന്ന സന്തോഷമാകും സത്യം തിരഞ്ഞെടുത്തേനേ...
-
പൊട്ടി തകർന്നു തരിപ്പണമായതിൽ നിന്നെന്തു പ്രതീക്ഷിക്കാൻ ഇനിയും.. എത്ര ശ്രമിച്ചിരിക്കുന്നു... എത്ര കഠിനമായി.. ഇന്നിതാ ദേഹം തളരുന്നു.. ആഗ്രഹങ്ങൾ എല്ലാം ശക്തമായി അടിച്ചമർത്തി പുതുനാമ്പ് വിടരാത്ത വിധം കെട്ടു പോയിരിക്കുന്നു.. ഇനിയുമെന്ത് പ്രതീക്ഷിക്കാൻ..... ഒന്നുമില്ല... ജീവിതത്തിൽ നിന്നും എന്നേ വിരമിച്ചിരിക്കുന്നു....അല്ലെങ്കിൽ മനസ്സ് നിർബന്ധിച്ചു വിരമിപ്പിച്ചു...ഇനിയെന്ത്... ബാക്കിയായ ജീവിതം എന്ന കെട്ടുകാഴ്ച്ച... എന്തോ ചടങ്ങിന് വേണ്ടി മാത്രമായ് അവശേഷിക്കുന്നു..
-
അങ്ങനെ അന്ത്യനാളുകൾ കടന്നു പോയ്.. ഞാൻ മണ്ണിലേക്ക് ലയിച്ചു... അസ്ഥികൾ ബാക്കിയായി.. ഭൂമിയുടെ അടിയിൽ എന്റെ അസ്ഥികൾ ചിന്തിച്ചു... എനിക്കു പരിചിതരായവരുടെ അസ്ഥികൂടങ്ങളും അടുത്തോ അകലെയോ എവിടെ ഒക്കെയോ മണ്ണിനടിയിൽ ഉണ്ട്.. അവർ എന്നെ ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ?എനിക്കു അവരുടെ അടുത്തെത്താൻ കഴിയുന്നില്ല.. ചലന ശക്തി തന്ന മാംസവും പേശികളും ഇന്നില്ല. എനിക്കും അവർക്കും.. എവിടെയൊക്കെയോ ഉണ്ടെന്നറിയാം എന്നാൽ അടുത്തെത്താനോ മിണ്ടാനോ കാണാനോ കഴിയാതെ അങ്ങനെ അനന്ത കാലം മണ്ണിനടിയിൽ ...
-
തീർച്ചയായും ഒരുകാലത്ത് പ്രണയത്തോട് തോന്നിയ അളക്കാൻ ആവാത്ത താല്പര്യവും കാലം മനസ്സിന്റെ നിര തകർത്തപ്പോൾ ഇന്ന് പ്രണയത്തോട് തോന്നുന്ന അകാരണമായ അകൽച്ചയും സംഭവിക്കപ്പെട്ടതാണ്.. ആയതിനാൽ മനസ്സിനോട് യുദ്ധം ചെയ്ത് ബലം പ്രയോഗിക്കേണ്ട ആവശ്യമില്ലല്ലോ... എല്ലാം എന്തുകൊണ്ടോ സംഭവിക്കുന്നു.. എല്ലാം കഴിഞ്ഞു പോകുന്നു... അതിവേഗം...-
രതിയോളം പോന്ന ഔഷധം മറ്റെന്തുണ്ട്..?അയാൾ അവളോട് ചോദിച്ചു... കാരണം പ്രണയവും സാന്ത്വനവും ചേർത്ത് പിടിക്കലുകളും എല്ലാം എല്ലാം അന്യമായ ഒരാൾക്ക് അല്ലെങ്കിൽ കാലം ഇവയിൽ നിന്നെല്ലാം ഏതോ വിദൂരങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിച്ച രോഗാതുരമായ മനസ്സിന് രതിയോളം പോന്ന ഔഷധം മറ്റൊന്നും തന്നെ അയാൾക്ക് കണ്ടെത്താൻ ആയില്ല... നൽകാൻ അവൾക്കും..
-
ഭൗതിക ജീവിതത്തെ അമിതമായി ആശ്രയിക്കുന്നതാണ് മനുഷ്യ ജീവിതത്തെ നിരാശയിലും ദുഃഖങ്ങളിലും കൊണ്ട് ചെന്നെത്തിക്കുന്നത്.. ഇവിടെ ഒന്നും ശാശ്വതമല്ല.. ശാശ്വതമല്ലാത്തതൊന്നും നിത്യമായ പരിഹാരവുമല്ല.. ശാശ്വതമായ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ തേടുക കണ്ടെത്തുക.. അതിനെ വേണം ആശ്രയിക്കാൻ.. വഴി മാറി നടക്കുക.. കാരണം ആദ്യത്തെ വഴി ഒരുപാട് ദൂരം പോകില്ല...
-
കനത്ത ഇരുട്ടിലാണ്ട് കിടന്നിരുന്നു ആ സ്ഥലം... എവിടെയും പ്രതീക്ഷയുടെ ഒരു വെളിച്ചം കാണാനുണ്ടായിരുന്നില്ല... ദുഃഖം ഇരുണ്ടു കൂടി അവിടെ ശോകമഴ പെയ്തു തോർച്ചയില്ലാതെ... അവിടേക്ക് കാലം തെറ്റി ഇടം മാറി ഒരു പ്രകാശം രൂപം എവിടെ നിന്നോ വന്നു വീണു... എത്ര പ്രകാശത്തോടെ ജ്വലിച്ചിട്ടും ആ ആഴത്തിലുള്ള ഇരുട്ടിൽ അടിഞ്ഞു കൂടിയ ചുറ്റുപാടുകളിൽ മെല്ലെ മെല്ലെ അതും വിസ്‌മൃതിയിലാണ്ട് പോയ്.. ഇരുട്ട് മൂടിയ പ്രകാശമായ് ഇടക്ക് മാത്രം തെളിഞ്ഞു... ഒരിക്കലും പൂർണ്ണമായി പ്രകാശിക്കാൻ അതിന്റെ ചുറ്റുപാടുകൾ അതിനെ അനുവദിച്ചില്ല... കാലാന്തരത്തിൽ അവിടെ എവിടെയോ ആഴത്തിലേക്ക് അത് മറഞ്ഞു പോയിരുന്നു... ശാപമോക്ഷം തേടിയ നക്ഷത്രം പോലെ ..
-
ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നോ..? മനസ്സ് വിശാലമായി ജീവിക്കുകയാണ് എന്ന് തോന്നി എന്നെങ്കിലും ജീവിച്ചിരുന്നോ? ബാല്യത്തിൽ മാത്രം.. വിശാലമായി സ്വതന്ത്രമായി ജീവിച്ചിരുന്നു അൽപ്പകാലം .. പിന്നീട് എപ്പോളോ എന്തോ തീർച്ചയായും സംഭവിച്ചിട്ടുണ്ട്... ഒരു ബ്രേയ്ക്കിങ് പോയിന്റ്... അവിടെ വെച്ചാണ് എല്ലാം മാറി മറഞ്ഞത്.. പിന്നീട് അങ്ങോട്ട് ജീവിച്ചിട്ടേ ഇല്ല... ശ്വാസവും ശരീരവും ഹൃദയവും മാത്രം ചലിച്ചു കൊണ്ടേ ഇരുന്നു.. മൃതമായി കഴിഞ്ഞ മനസ്സും പേറി.. അതിന്റെ ഭാരവും പേറി ഇന്നും ശരീരം ചലിച്ചുകൊണ്ടിരിക്കുന്നു.. ചലനമറ്റു പോയ മനസ്സിൽ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും വർണ്ണങ്ങൾ തീരെ ചേരുന്നില്ല.. ഇരുട്ടാണ് മുന്നിലും പിന്നിലും വശങ്ങളിലും.. അനങ്ങാൻ ആവുന്നില്ല.. കിതക്കുന്നുണ്ട് ഇടക്ക്.. കുതറി മാറാൻ ശ്രമിക്കുന്നുണ്ട്... ജീവിതം ഇരുട്ടിൽ നിന്നും പ്രഹരിക്കുമ്പോൾ... ഒഴിഞ്ഞ് മാറാൻ ആവാതെ വീണ്ടും പ്രഹരമേൽക്കുമ്പോൾ.. തളർന്നു വീണ് കിടക്കുമ്പോൾ ഉണരാൻ മടിയാണ് ഉറങ്ങാൻ കഴിഞ്ഞില്ലെന്നാലും..
-
ഞാനിപ്പോൾ അത്ഭുതപ്പെടുന്നു... എങ്ങനെ ആണ് ഞാൻ എന്റെ മനസ്സിനെ ഭേദിച്ച് നിന്നോട് പ്രണയം പറഞ്ഞത് .. മനസ്സിന്റെ ശക്തമായ എല്ലാ തടസങ്ങളെയും മറികടന്നായിരുന്നു അത്.. ഇപ്പോൾ അതിനെനിക് ശക്തി ഇല്ലാതായിരിക്കുന്നു... ഒരുപക്ഷെ രക്ഷപെടാൻ ഉള്ള എന്റെ അവസാന ശ്രമം ആയിരുന്നിരിക്കണം അത്... പക്ഷെ എന്ത് ചെയ്യാം രക്ഷപെടാൻ ആയില്ല.. ഇന്ന് ഞാൻ എന്റെ മനസ്സെന്ന ചതുപ്പിൽ താഴ്ന്നു പോയിരിക്കുന്നു.... എങ്ങനെ ആയിരുന്നു എന്നിൽ പ്രണയമുണ്ടായത്... ഇനിയൊരിക്കലും ഉണ്ടാകാനിടയില്ലാത്ത ആ തീവ്ര വികാരത്തെ തീർത്തും ഇരുട്ടിൽ ആയിപോയ ഇന്ന് ഞാൻ മൂകമായി അത്ഭുതപ്പെടുന്നു...
-