എത്ര എത്ര കത്തുകളാണ്
എഴുതി വച്ചത്
ചിലതൊക്കെ പോസ്റ്റ് ചെയ്തു
മറ്റു ചിലതു പാതിയിൽ വരികളറ്റു പോയ്
അയാളത് കാണാതിരിക്കുമോ
ഇല്ല കണ്ടിട്ടും മറുപടിയില്ലാത്തതാവാം
മറുപടി എഴുതാൻ വാക്കുകൾ ഇല്ലാതെയാവാം
കണ്ടില്ലെന്ന് നടിച്ചതുമാവാം .
മറന്നു തീർന്നതാവാം ...
പെയ്തു തീരാത്തൊരു മഴക്കാലം പോലെ അയാൾ അങ്ങനെ നിറഞ്ഞു പെയ്യുന്നു ഉമ്മറ പടിയിലിരുന്നു ഞാനാ മഴയെ കൗതുകം വിടാതെ കണ്ടു നിറയുന്നു ...
നോക്കിയിരിക്കാൻ ഒരാകാശ മനസ്സില്ലെങ്കിൽ ഭൂമി ഒറ്റപ്പെടും. പൊതിഞ്ഞു നിൽക്കാനൊരു ഭൂ ശരീരമില്ലെങ്കിൽ ആകാശവും മാഞ്ഞുപോകും-
ഒരുപാട് മുഖങ്ങളെ പരിചയപ്പെടാം
ഒരുപാട് ഹൃദയങ്ങളെ കീഴടക്കാം
മനോഹരമെന്ന് തോന്നുന്ന എന്തിനെയും ചേർത്ത് നിർത്താം
എന്നാൽ ചിലപ്പോഴൊക്കെ മനസ്സ് ഒരാളിൽ മാത്രമേ ഉടക്കി നിൽക്കൂ
അതൊരു മാനസിക വൈകല്യമാണ്
അതെ
കാത്തിരുന്നവരിലേറെയും സ്വന്തമാക്കാൻ കഴിയാത്ത ഇഷ്ടങ്ങളുടെ പിറകെ സഞ്ചരിച്ചവരാണ്
കാത്തിരിപ്പിനിടയിൽ അവർ നഷ്ടപെടുത്തിയതത്രയും സ്വന്തമാക്കാൻ കഴിയാതെ പോയ ഇഷ്ടങ്ങളേക്കാൾ മനോഹരമായിരുന്നേനെ ..-
ചിലരുടെ ചിന്തകൾ പ്രതീക്ഷകൾ സ്വപ്‌നങ്ങൾ അതൊന്നും മറ്റൊരാൾക്ക് കയ്യെത്തിപിടിക്കാവുന്നതിലും എത്രയോ അകലങ്ങളിലായിരിക്കും
അവരാരും നമ്മളിലേക്ക് ഇറങ്ങിവന്ന് നമ്മുടെ ലോകവുമായ് ഒരിക്കലും ചേർന്നിരിക്കാനും ആഗ്രഹിക്കില്ല
അത്തരം ആളുകളെ അവരുടെ ലോകത്തേക്ക് സ്വതന്ത്രമാക്കി വിടുകയാണ് ഉചിതം
ഒരു പുഞ്ചിരിക്കപ്പുറം മറ്റൊന്നും അവർക്കായി പകുത്തു കൊടുക്കരുത്-
അന്നൊക്കെ നമുക്കൊരുപാട് സംസാരിക്കാനുണ്ടായിരുന്നു കേട്ടിരിക്കാനും ,
ഇന്ന് വലിയൊരു മരുഭൂമിയിൽ അകപ്പെട്ടുപോയ രണ്ടാത്മാക്കൾ
ഒന്നും പറയാനില്ല ഒന്നും കേൾക്കാനും
വലിയൊരു നിശ്ശബ്ദതക്കപ്പുറം മുഷിഞ്ഞു തുടങ്ങുബോൾ സ്വയം ഉൾവലിഞ്ഞുപോകുന്ന ജീവനുള്ള രണ്ടാത്മാക്കൾ-
ആ കണ്ണുകളോടും
ആ ചുണ്ടുകളോടും ഞാൻ കടുത്ത പ്രണയത്തിലായിരുന്നു
ഓരോ ആൾക്കൂട്ടത്തിനിടയിലും ഞാൻ ഒരു പകരക്കാരിയെ പരതാറുണ്ട് പഴകി മറന്നൊരു ഭൂതകാലത്തെ വീണ്ടെടുക്കാൻ പാകത്തിൽ-
പ്രാപിക്കാൻ ഹൃദയങ്ങളില്ലാതാവുമ്പോൾ മാത്രമാണ് ഞാൻ നിന്റെ നിഴലിനെ കട്ടെടുക്കുന്നത്
നിന്റെ ഓർമ്മകളുടെ ചൂരിൽ ലയിച്ചമർന്നു ഉപാധികളില്ലാതെ ഞാൻ ഈ ഭൂമിയിൽ മരിച്ചു തീരും-
പിണക്കങ്ങൾക്കിടയിൽ തിരിച്ചു വിളിക്കാൻ മറന്നു പോയാൽ തിരിച്ചു കയറാൻ വഴികളറിയാതെ ഒറ്റപെട്ടുപോയേക്കാം ചിലരുടെ ഹൃദയങ്ങളിലേക്ക്..
കണ്ണകന്നാൽ തീരാവുന്ന ബന്ധങ്ങളെ മനുഷ്യർക്കിടയിൽ ഏറെയും-
ആരും അല്ലാതെ ആരൊക്കെയോ ആണെന്ന് തോന്നിപ്പിച്ചു ഇടക്കിടെ കയറി വന്നു വാ തോരാതെ സംസാരിച്ചു കൂട്ടിരുന്നു ഒരിക്കൽ പോലും ഞാൻ എന്ന സ്വകാര്യതയിലേക്ക് കയറി വരാത്ത ചില അതിഥികൾ
പ്രണയമാണെന്ന് തോന്നിപ്പിക്കാവുന്ന
എന്നാൽ പ്രണയത്തിലേക്ക് വഴുതി വീഴാത്ത അപൂർവ്വം ചില ബന്ധങ്ങൾ
ഇന്നലെയും ആരോ ഒരാൾ നിദ്രയിലേക്ക് വഴുതി വീഴും വരെ കൂട്ടിനുണ്ടായിരുന്നു-
അതിലും മനോഹരമായത് എന്തോ ഇനിയും വരാനുണ്ടെന്ന പ്രതീക്ഷ അതൊരു കപടമായ അന്ധവിശ്വാസമാണ് നഷ്ടങ്ങൾക്കപ്പുറം മനോഹരമായതൊന്നും തേടി വരാറില്ലെന്നതാണ് സത്യം
നഷ്ടപെടലിനപ്പുറം എല്ലാം ഓരോ അഭിനയങ്ങളാണ്-
മറ്റാരെയും ഹൃദയത്തിലേക്ക് ചേർത്ത് വെക്കാതെ
മറ്റാരിലേക്കും ചേർന്ന് നിൽക്കാതെ
നിന്നെ കുറിച്ച് ഒന്നും ഓർക്കാനില്ലാതെ
നിന്നെ കുറിച്ച് ഒന്നും പറയാനില്ലാതെ
ചിന്തകളിലൊന്നും നീ വിരുന്നിനെത്താത്ത
തണുത്തു മരവിച്ച ഹൃദയത്തെ നെഞ്ചിൽ ഒളിപ്പിച്ചുവെച്ച
ഒരായിരം രാത്രികൾക്കൊടുവിലാണ്
നീ എനിക്കാരുമല്ലാതാവുന്നത്-