ഒരു ഗാനം-
ദാർശനിക വീഥികളിലൂടെ......
കാല്പനിക കൽപ്പടവുകളിലൂടെ.....
'ഇസ'ങ്ങൾക്കപ്പുറത്തേക... read more
പഴകിപ്പൊരുളറ്റ പരമവചനം
ആദിയിൽ പുനർജ്ജനിക്കാനൊരുങ്ങുന്നു
തൊടുത്തുവിടപ്പെട്ടൊരസ്ത്രം
വില്ലിന്നിണയായണയാൻ വെമ്പുന്നു
ആഴിയിൽനിന്നടർന്ന നീരാവി
ഊഴിതന്നാത്മാവിലലിയാൻ തുനിയുന്നു
മണ്ണിലുതിർന്നവീണ മഴനീരുകൾ
വിണ്ണിന്നനന്തയിലാശ്രയം തിരയുന്നു
പൊക്കിൾകൊടി ഛേദിക്കപ്പെട്ട ജീവൻ
ഗർഭാലയത്തിലഭയം കൊതിക്കുന്നു
കാലം കഴിച്ചു ചീർത്ത വാർദ്ധക്യം
ഗതകാലസ്മൃതികളെ കടഞ്ഞു കിതയ്ക്കുന്നു
മന്വന്തരങ്ങൾ നാഴികവിനാഴികകളായി
ആദിമബിന്ദുവിലേയ്ക്കുള്ള പലായനം തേടുന്നു
അപാരതയിലുറഞ്ഞുകൂടിയ നീർക്കണങ്ങൾ
അന്ത്യപ്രളയത്തിനായി ഊഴം കാക്കുന്നു.
-
സംസ്കാരം ഒരു അരമാണ്
അത് ജീവിതത്തെ രാകിരാകി
മിനുസപ്പെടുത്തുന്നു
സംസ്കാരം ഒരു ചൂളയാണ്
അത് ജീവനെ കാച്ചിക്കുറുക്കി
ഇണക്കിയെടുക്കുന്നു
സംസ്കാരം ഒരു ദീപശിഖയാണ്
അത് കാലങ്ങളെ കടഞ്ഞുകടഞ്ഞ്
സന്മാർഗ്ഗപൂരിതമാക്കുന്നു
സംസ്കാരം ഒരു ആയുധമാണ്
അത് മർത്ത്യൻ്റെ ചോദനകളെ കടിഞ്ഞാണിട്ട്
ഇന്ദ്രിയങ്ങളെ കെണിയിൽ കുടുക്കുന്നു.
-