കാറ്റിനെ കാത്തിരിക്കുന്ന അപ്പൂപ്പൻതാടിയെ പോലെയാണ് ചിലപ്പോളൊക്കെ നമ്മുടെ ജീവിതം..
കൂട്ടത്തിൽ നിന്നും വിളിച്ചോണ്ട് പോയി ഒറ്റക്കാക്കി എവിടെയെങ്കിലും കൊണ്ടിടും...
അവിടെ പറ്റിപ്പിടിച്ച് ഇരുപ്പ് ഉറപ്പിക്കുമ്പോഴേക്കും തഴുകാനെന്ന പോലെ വന്ന് വീണ്ടും കൂട്ടികൊണ്ട് പോകും...
പിന്നെ കൊണ്ട് ചെന്നിടുന്നതോ, ഒന്നനങ്ങാൻ വയ്യനാവാത്ത വിധം തളർത്തി മുള്ളുകൾക്കിടയിലും, വെള്ളത്തിലും, അപരിചിതത്വം നിറഞ്ഞ മറ്റെവിടെയെങ്കിലും.. !
-
ഇനിയുമെന്റെ കാതിൽ പകരരുത്..
വസന്തമിങ്ങനെയാണെങ്കിൽ
പൂക്കളോട് പോലും ഞാൻ ... read more
ഉതിരും നാമജപമന്ത്രണങ്ങളാല-
ടരുന്നു മൂകമാം ത്രിസന്ധ്യയും,
വിടരും താരക ചന്തത്തിനേഴഴകിൽ,
പടരുന്നു രാവാം നിത്യ സുന്ദരിയും.
പിടയുന്നു ഉൾത്താളിൽ വിരഹ മന്ത്രണം
തിരയുന്നു വാചലമാം ശ്വാസ താളം,
ഇഴയുന്നുയീ രാവും മിഴിപീലി മുത്താതെ,
ഉയരുന്നുയെന്നിലെയലസമാമുഷസും.
നിമിഷങ്ങളോരോന്നുമോരോ ദശകങ്ങ -
ളായ്, കൊഴിയുന്നു ദിനമാമിതളുകൾ,
പടുതിരിയാളുമുള്ളാഴങ്ങളിലെവിടെയോ
ചൈത്രം ചലിച്ചു വര പ്രതീക്ഷകൾ.
- ഹർഷിമ സജീവ് ✍️
-
ആത്മാവിന്നാഴങ്ങളിൽ അറിയാതെ
കുറിച്ചിട്ടൊരാ വരികൾതൻ തിരയിള
ക്കത്തിനൊളി, പതിവായി പറയേണമെ
ന്നുകരുതിയൊളിച്ചു വച്ചൊരാവാക്കുകൾ
തൻ ചുഴിയിലൊരു മോഹാലസ്യത്തിനിടർച്ച
പിന്നോട്ടു കുതറാൻ കൊതിക്കുമ്പോളു മറിയാതെയിടനെഞ്ച് കുരുങ്ങിടും വശ്യമാം ചാരുത തുളുമ്പും മൗനമാം വരികൾ...
നാനാർത്ഥ തലങ്ങൾ തൻ ആകർഷണ
മന്ത്രോച്ചാരണ ഈരടികൾ മീട്ടുമാ മിഴി
പീലികൾ , വഴുതിമാറിയന്തരംഗത്തിന്ന
ഗാധഗർത്തങ്ങളിലേക്കൂളിയിട്ട് 'ഒന്നുമില്ല'
യ്മയിലെല്ലാമോതുന്നോരാ മാന്ത്രികയിത
ളുകൾ, ലിപിയില്ലാത്ത, ത്രമേൽപ്രിയ
മുള്ളൊരു മൗനമാം ചിലമ്പലിൽ ചേർത്ത ണയ്ക്കുന്നൊരാ സൗരഭ്യമാമൊരു
കരുതൽ, വികാര വിക്ഷോഭങ്ങൾ
തൻ തിരയിളക്കത്തിൽ, കറുത്ത തീരത്തണഞ്ഞ മൊഴിയാം മിഴിനീർ മുത്തിൻ വാചാലതകൾ ...
ഹർഷിമ സജീവ് ✍️-
മേഘതൊട്ടിലിലാടിടാനൊരു ശലഭമായ് പാറിപറക്കേണം, ഇരു ചിറകുകളിലെൻ വികാരത്തെ തൂക്കി നോക്കി കാറ്റിൻ
കൈക്കുമ്പിളിലായവ പകർന്നിടേണം..
മറയില്ലാതെ മഴമേഘമായി പെയ്തൊ -
ഴിയേണം, ആദിത്യൻ തന്നുടെ പൊന്നൊളി
പോലവെ പുഞ്ചിരിതൂകി, നീഹാരമായ്
അരുതുകൾക്കു മേൽ നൂഴന്നിറങ്ങേണം..
ശ്വാസ താളത്തിലൂടളക്കേണം മിഴികളി
ടയുമ്പോളുള്ളം രചിക്കും വരികൾ തന്നാഴം..
മൂവന്തിമാനത്തൊരു വർണ്ണം ചാലിച്ചിടേണം,
മോഹച്യുതി തൻ വെണ്ണീർ, തനിച്ചലയും
മനസ്സിൻ വേരുകൾക്കൊരു വളമായിടേണം,
ഇഴയകലാത്ത നൂലിനാൽ അത്രമേൽ പ്രിയ
മുള്ളോരെയെന്നാത്മാവിൽ കൊരുക്കേണം
- ഹർഷിമ സജീവ് ✍️-
ചിറകടർന്നൊരാ ശലഭം പോൽ
ചിതയിലെരിഞ്ഞു രാഗങ്ങളത്രയും,
ചിതലരിച്ചൊരാ മോഹങ്ങളിലെല്ലാം,
ച്യുതിതൻ മാറാല പുണർന്നുവോ,
ചട്ടങ്ങളെല്ലാം നെരിപ്പോടിലെരിഞ്ഞു,
ചാമ്പലായി, കളങ്കമില്ലാകുരുന്നുടലുകളും,
ചതിയുടെ മേഘകീറിനിടയിൽ പുകഞ്ഞ്
ചാരം മൂടി നാളെയുടെ പ്രതീക്ഷകൾ ,
ചിരിയുടെ മറവിൽ, ഇറുകെ മുറുകുന്ന
ചങ്ങലകെട്ടിൽ പിടയുന്നു നേരുകൾ
ചമയങ്ങളഴിച്ചിടുമ്പോൾ ഉടയുന്നു മുന്നിൽ
ചാരുത വാർത്തൊരാ പിഞ്ചുടലുകൾ
ചിരഞ്ജീവിയായി വാണിടുന്ന ദുഷിച്ച
ചതിയുടെ വിളയാട്ടമേ പിറവി കൊള്ളട്ടെ
ചോര ചീന്തുവാൻ കെൽപ്പുള്ള ദുർഗകൾ..
ഹർഷിമ സജീവ് ✍️
-
ഇതളടർന്നു വീണിടാതെയുൾ കോണിൽ
അണയാനാളമായ് ചേർന്നിടാമോ ...
ദിനമെണ്ണി കാത്തിരുന്നോരോ സംഗമ
ങ്ങളെ ചിതറിതെറിക്കാതെ കൊരുക്കാമോ..
ഒരിക്കൽ കൂടിയെന്നുള്ളാഴങ്ങളിൽ നിൻ സാമീപ്യത്തിൻ വിത്തു വിതക്കാമോ..
ഏകാന്തതകളിൽ നീയാം നിനവിൻ
അമരത്തൊരിക്കൽ കൂടിയണയാമോ...
ഇതളടർന്ന മിഴിനീർ മഷിയാൽ
അധരങ്ങളാലൊരു കാവ്യം രചിച്ചിടാമോ..
പലകുറിമൊട്ടുലഞ്ഞ പ്രണയമേ മൂന്ന- ക്ഷരച്ചിറകിനാൽ വിരിഞ്ഞീടുകെന്നിൽ...
-
മധുകണങ്ങൾ ഇറ്റിടുമീ പൊൻ പുലരി..
കുതിർന്നൊട്ടി നിൻ മിഴിച്ചോട്ടിൽ ഞാൻ വന്ന പോൽ...
മഞ്ഞാലെ എൻ..... തൂവൽ പീലി,
കൊതിക്കുന്നു നിൻ .....തലോടലാകെ...
ഇടറുന്നൊരീ വർണ്ണ ശോഭയിൽ ...
കണ്ണോട് കൺ കോർത്തീല്ലയോ..
( മധു കണങ്ങൾ)
പതറാതെ ഞാനാ മൊഴിക്കായി കാതോർക്കവെ..
മൺ വീണ മീട്ടും പോലെ മൂളുന്നുവോ..
പിണക്കാതെ ചാരെ ചെമ്മ് ചാർത്തുന്നു നീ
കുറുകുന്നു മിഴിയും മൊഴിയും മറ്റെന്തിനോ
നേദിച്ചു ഞാൻ കുളിരുന്നൊരീ
മഞ്ഞലയിൽ വിടരട്ടെ നാം
( മധു കണങ്ങൾ)-
കാലമേ, കനിഞ്ഞീടുകിൽ കനവിൻ
കണ്ണീർ പുഴയിൽ ചഞ്ചല മാനസം
തേടുവതോ, നീയാം പ്രതീക്ഷ തൻ
കിനാവള്ളി, മൗനം കാർന്നീടുന്നൊരാ
ഓർമ്മ പെയ്ത്തിൽ,മകരന്ദം തേടുന്ന
ദൂതനോ നീ, അൽപ്പായുസ്സാം നേരിൻ്റെ
മന്ത്രണങ്ങളൊന്നുമേ അർത്ഥമില്ലാത
ലയും നിശബ്ദ സഞ്ചാരികൾ,
നോവിനു കാവൽ നിന്നിരുന്നൊരാ
ഉൾകോണിൽ പ്രാണൻ്റെ വൈഡൂര്യമേ,
നീയാം വിരഹത്തിൻ മുള്ളാൽ കിനിയുന്ന
നോവിൻ്റെ ഗദ്ഗദങ്ങൾ പ്രാണൻ്റെ
പ്രണയത്തിന് രക്ത പുഷ്പങ്ങളോ..?
ഹർഷിമ സജീവ്✍️-
ഗൃഹാതുരത്വത്തിൻ വേലിയേറ്റത്തിലെ വിടെയോ, ഊറ്റിക്കുടിച്ച ഓർമ്മകളാൽ
ചീർത്തു വന്നൊരാ ഞരമ്പുകൾ,
നോവുകൾ തളംകെട്ടിയൊഴുക്കിൻ,
ഗതിക്കറുതി വരുത്തിയെന്നാലും ,
അസത്യത്തിൻ മുഖംമൂടിക്കുള്ളിൽ
പിടഞ്ഞു മരിച്ചൊരാ നിഷ്കളങ്കത
ഓർമ്മച്ചെപ്പുകളെ പതിയെയുണർത്തി,
ഓടിയൊളിച്ചാലുമിടയ്ക്കിടക്കെത്തി നോക്കി , കാലത്തിൻ മുറിവുകളിൽ
തലോടിയും, കെടാത്തോരഗ്നിയിൽ
നീഹാരമായ് പെയ്തിറങ്ങിയും, സന്തോഷത്തിനാദി താളമായ്, ഓർമകളെയും പേറി അനസ്യൂതമാ യൊഴുകി, ഹൃദയ വീചികളിൽ നേർത്തും,
കോർത്തും, ഇന്നലെകളിലെവിടെയോ
ശുഷ്കിച്ചും, സാന്ത്വന സ്പർശം
കൊതിക്കുന്ന ജൈവികമാമുറവകൾ.
ഹർഷിമ സജീവ്✍️-
കായൽപരപ്പിന്നോരത്തു ചാഞ്ഞ
തെങ്ങോലത്തുഞ്ചത്തു ചരിഞ്ഞാടും
തൂക്കണാം കുരുവി കൂട്ടിൽ,കുഞ്ഞി
കിളിക്കായൊരു താരാട്ട് പാടുമാ
ചെറുകാറ്റിൽ ,കുഞ്ഞികൊഞ്ചലിൽ
ചേറിൻ നറുമണം പരന്നൊഴുകുമാ,
വയലേലകളിൽ ,മലയാളശീലു ഞാററു പാട്ടുകളായേറ്റുപാടിടുമ്പോളൊരു
മഞ്ഞൾ കുറിയിൽ നാട്ടു തനിമയും,
കാട്ടുതേനിൽ ചാലിച്ചൊരാ നന്തുണിയും,
ആട്ടക്കളം നിറഞ്ഞാടും കഥകളിയും,മെയ് വഴക്കത്തിന്നുടയാടയാൽ കളരി പയറ്റും
വന്ദനം ചൊല്ലും കൂപ്പു കൈകളും
സ്പന്ദനം മുറ്റും വര ഹൃദയങ്ങളും,
മണ്ണിൻ്റെ മണമുള്ള മാലോകരായ്
മാവേലി പോറ്റിയ മക്കളുമായി
മലയാളക്കരയാം അരുമ ദേശം
നന്മയാൽ വിണ്ണിനെ മുത്തുന്നെ..
ഹർഷിമ സജീവ്✍️-