ദുഃഖമില്ല,
ഒന്നിലും..
എന്തെന്നാൽ
മോഹങ്ങളുടെ
നിറപ്പെയ്ത്തിൽ
ഭ്രമിച്ചിട്ടില്ല,
മനസ്സ്
തെല്ലിട നേരവും...-
എന്തും തരാം...
ദയവുചെയ്ത്
ഹൃദയം മാത്രം ചോദിക്കരുത്.
സങ്കടങ്ങളെ
അന്തിയുറക്കുവാൻ
ഒരു കൂട് വേണം..-
ഇല പൊഴിഞ്ഞ
ഈ മരത്തിന്റെ ചില്ലയിൽ
ചേക്കേറാൻ വരില്ലിനി-
യൊരു പക്ഷിയും..
തളിരിന്റെ
കുളിർ രാഗം മോഹിച്ച കാറ്റ്
കൊമ്പുകളിൽ തട്ടി
താളം പിഴച്ചു
വഴിമാറിപോകുന്നു..!-
വാക്കുകൾ കൊണ്ട്
വരച്ചിടാൻ കഴിയില്ല
ജീവിതത്തെ.
ജീവിച്ചു തന്നെ വരച്ചിട്ടു പോകുന്നു
ഓരോ ജന്മവും..
ഒടുവിലത്തെ ശ്വാസം കൊണ്ട്
അടിവരയിട്ട വരികളിൽ
ഏറിയപങ്ക് വാക്കുകളും
നുറുങ്ങിയ സ്വപ്നങ്ങളുടെ
വളപ്പൊട്ടുകളാവും..-
കവിതയാണ്,-
എപ്പോൾ,
എവിടെ,
എങ്ങിനെ
തുടങ്ങുമെന്നോ
തീരുമെന്നോ
പ്രവചിക്കാനാവില്ല,
ജീവിതം പോലെ...!-
നിന്റെ
തുറിച്ച നോട്ടം
സ്നേഹത്തിന്റേതാണെന്ന്
ഉച്ചവെയിലാണ്
പറഞ്ഞുതന്നത്..
പൂക്കളായ പൂക്കളിൽ മുഴുവൻ
മധു നുരഞ്ഞുകത്തിയത്
മദ്ധ്യാഹ്നത്തിന്റെ
റൊമാന്റിക് നിമിഷങ്ങളിലാണെന്ന്
വടക്കുനിന്ന് വന്ന
ശീതക്കാറ്റിന്റെ
ശീലുകൾ..
നമുക്കിടയിലെ
കനത്ത മതിൽക്കെട്ടുകളിൽ
മനം നൊന്താണ്
ഈ കടുംകൈ
പകൽ ചെയ്തതെന്ന്
രാവ് എഴുതിയ പോസ്റ്റ്മോർട്ടം
റിപ്പോർട്ടിലുണ്ടത്രേ..!-
കടലേ,
ക്ഷമിക്കുക.
നിന്നിലേക്കൊഴുകിയെത്താൻ
പറ്റില്ലിനി.
വറ്റിവരളാൻ തുടങ്ങിയിരിക്കുന്നു..-
നീറ്റൽ
ആഘോഷമാക്കുക.
മുറിവിലെ
ചുടുചോരയിൽ
ചോന്ന പൂ വിരിയും.
മായാത്ത പാടുകളിൽ
കാലം
കവിത കോറിയിടും..-