നിനച്ചിരിക്കാതൊരു ഋതുപെയ്യു-
മെൻ്റ മുറ്റത്ത്....
കാറ്റുവന്ന് കരിയിലകളോടെന്തോ
അടക്കം പറയുന്നപോൽ തോന്നും ;
ജനാല മറച്ച തിരശീല മാറ്റിയവ -
രെത്തി നോക്കും _
എൻ്റെ കണ്ണുകളിൽ പുഴയുണ്ടോ
ഉള്ളിൽ തിരമാലകളുണ്ടോയെന്ന് !!!
ഇത്രമേൽ എന്നെ ആരു പ്രണയിക്കും
എൻ്റെ കണ്ണിലെ നീരുറവയ്ക്കൊപ്പം
എനിക്കായി പെയ്യുന്ന മഴപോലെ !!!-
കേൾക്കാനൊരാളും
ചായാനൊരു തോളും -
ലഭിക്കുന്നിടം സ്വർഗ്ഗം ;
തരുന്നവൻ ദൈവം...
ലഭിക്കാത്തവൻ ;
നിരീശ്വരവാദിയും !!!
-
എൻ്റെ മകളോട്...
എന്നിലവൾ വളരുന്നതോടെ ,എൻ്റെ
ചില മോഹങ്ങൾ അവസാനിക്കും...
എൻ്റെ അഭിലാഷപൂർത്തീകരണ -
യന്ത്രമാക്കേണ്ടവളെ ...
ആർക്കോ വില നിശ്ചയിക്കാൻ ഒരു
കമ്പോള ഉൽപന്നമാക്കേണ്ടവളെ...
മറ്റേതോ ഇരുട്ടിനു വിളക്കുമായ് പോയാൽ
അരികത്തു തന്നെ വേണമെന്നു ശാഠ്യമില്ലവളോട്...
ശേഷം അവൾക്ക് എന്നിലെ അമ്മ
ഒരു ബന്ധുവായേക്കാം !!!
ഇടക്കൊക്കെ പലരോടുമനുവാദം വാങ്ങി
തിരക്കിട്ട് കണ്ടുപോകാനൊരു ബന്ധു...
ആദ്യമായൊരു മോഹമിതു മാത്രം : എനിക്ക്
വായ്ക്കരി നിറയ്ക്കുവാനോടിവരണം...
പ്രസവവേദനയ്ക്ക് അവകാശപ്പെടാൻ
കാലം ബാക്കിവെയ്ക്കുന്ന
ഒരേയൊരു മോഹമതുമാത്രം !!!
-
പൂക്കുമോ വാടുമോ എന്നറിയാതെ
ഒരു തളിര് കണ്ടു ഞാനെൻ്റെ തോട്ടത്തിൽ...
പറിച്ചെറിയരുതെ എൻ്റെ ഉദ്യാനപാലകരെ ,
ചിലപ്പോൾ അത് പൂക്കുമ്പോഴാവും ഭംഗിയേറുന്നത്...
ഭംഗിയുള്ള പൂവ് തരുമെന്നു കരുതി നട്ടത്
വെറും പാഴ്ചെടിയാവാം...
പിന്നാമ്പുറത്തെ തൊടിയിലേയ്ക്ക്
വലിച്ചെറിഞ്ഞ ചെടികളിൽ നാളെ നല്ല ഗന്ധമേറ്റും
വർണ്ണ പുഷ്പങ്ങൾ വിടരാം...
ആരും മോഹിക്കുവോളം വിടരുന്നില്ലൊരു പൂവും...
വെള്ളമൊഴിച്ചതുകൊണ്ട് നമുക്ക് തോന്നുംപോൽ
വിരിയണമെന്നില്ലിതൊന്നും !!!!!-
എപ്പൊഴോ താളം പിഴച്ചു ,
വീണ്ടും വീണ്ടും പാടിനോക്കി ;
എന്നിട്ടും ശ്രുതി ചേരാതെ വന്നപ്പോൾ
ഞാൻ സ്വയമുപേക്ഷിച്ചു ആ രാഗം :
"അനുരാഗം"!!!!!!-
ശ്രാദ്ധം
അഭിജ്ഞാനമൊന്നുമേ ബാക്കിവെയ്ക്കാതെ
ഞാൻ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞുപോകും...
രോദനസ്വനങ്ങളും പിൻവിളികളും
എൻ്റെ കാതുകളിൽ വീഴാതകന്നു നിൽക്കും....
ഇത്രനാൾ ഞാൻ കുറിച്ച വരികളുടെ വ്യാഖ്യാന -
മൊന്നുമേ ചൊല്ലിത്തരാതെ ഞാൻ മാറിനിൽക്കും...
ഇതിനുമേൽ ഞാനെന്തു പറയാനെന്നോതി
ഈ ഇരുട്ടിലെൻ നിഴലങ്ങലിഞ്ഞുചേരും ....
എൻ്റെയഭാവത്തിൽ ഈ വരികൾ പറഞ്ഞിടും
എന്നിൽ വ്രണപ്പെട്ട മുറിവിൻ്റെയാഴം...
വാതിലിനപ്പുറം നിങ്ങൾ തേങ്ങുമ്പോൾ
തിരിഞ്ഞുനോക്കാതെ ഞാൻ പടിയിറങ്ങും !!!!
യാത്ര ചോദിക്കാതെ പോകും...
ആരോടും പരിഭവം പറയാതെ പോകും...
ചാത്തമൂട്ടുമ്പോൾ മറക്കാതെ ചേർക്കണം
നീരിനൊപ്പം ചന്ദനം ചേർത്തെൻ്റെ മോഹങ്ങളും...
പിണ്ഡത്തിനുമേൽ ദർഭ ഭാരമാവുമ്പോൾ _
ഒരു ബലിഭുക്കുപോൽ വന്നു പരിഹസിക്കാം ഞാൻ!!!!
-
മാംസത്തിൻ്റെ ചൂടാറുമ്പോൾ
കുപ്പയിലേയ്ക്കെറിയുന്ന പ്രണയം വേണ്ട ...
ഉറ്റവർ തീറുതന്ന മണ്ണൊലിച്ച് പോകുമ്പോൾ
വിഷം തീണ്ടിയ്ക്കുന്ന താലിയും വേണ്ട...
നന്മയുടെ അവശിഷ്ടങ്ങൾ
നിമഞ്ജനം ചെയ്ത കാലത്തിന്
അർഹമായൊരു ഭ്രൂണവും വേണ്ട...
ഇന്നുള്ളതൊക്കെ മണ്ണോടു ചേരട്ടെ ,
മണ്ണിരയറപ്പോടെ അവ തിന്നു തീർക്കട്ടെ ...
കഴിഞ്ഞാൽ നന്മയോടൊരുപാര്
വീണ്ടും ജനിക്കട്ടെ ...
ചിന്തകൾ കടം പറയാതെ ,
കാഴ്ചകൾ പാട്ടത്തിനെടുക്കാതെ ,
നന്മയ്ക്ക് വേണ്ടി സർവതും പുനർജനിക്കട്ടെ !!!-
വിഷം തീണ്ടിയ വാക്കുകൾ വീണെൻ്റെ
മനസ്സിൻ്റെ കോശങ്ങളൊക്കെയും
വെന്തുനീറിച്ചുരുങ്ങുന്നു....
എൻ്റെ കാതിനു ചുറ്റിലും വിരളിപിടി -
ച്ചോടുകയാണ് ശബ്ദങ്ങളനവരതം ...
ഒരൽപം വിഷം തരൂ ;
വാക്കുകൾ കലർത്താതെ :
എനിക്കൊന്നുറങ്ങാൻ !!!!!
-