Catherine Baby   (Catherine)
323 Followers · 33 Following

Romantic in genre!!
Joined 28 August 2018


Romantic in genre!!
Joined 28 August 2018
31 DEC 2021 AT 22:10

പഠിച്ച് വച്ചതൊക്കെയും ശരിയാണെന്ന മിഥ്യാ ധാരണ തിരുത്തി ഇനിയുമേറെ പഠിക്കാനും തിരുത്താനുമുണ്ടെന്ന തിരിച്ചറിവ് തന്ന്, എപ്പോഴും ജയിക്കാൻ മാത്രമല്ല ഇടയ്ക്കൊക്കെ തോൽവി അറിയാൻ കൂടി ഉള്ളതാണ് ജീവിതമെന്ന് പറഞ്ഞ് തന്ന്, കൂടെയുണ്ടാകലിൽ മാത്രമല്ല അകന്നിരിക്കലിലും ഒത്തിരി സ്നേഹം നിറക്കാമെന്ന് പഠിപ്പിച്ച്, ചുണ്ടിൽ വിരിയുന്ന ചിരിയേക്കാൾ കണ്ണിൽ തെളിയുന്ന ചിരിക്ക് ഭംഗിയുണ്ടെന്ന് കാണിച്ച് തന്ന് ഒരു ഇതൾ കൂടി കൊഴിയുന്നു...

-


26 SEP 2021 AT 21:31

കണ്ടുമുട്ടാൻ ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും എന്തൊക്കെയോ പഠിപ്പിക്കാൻ, ജീവിതത്തിൽ എന്തൊക്കെയോ കൂട്ടി ചേർക്കാൻ, വന്ന് പോയ മനുഷ്യരുണ്ട്. ഇങ്ങനെ ഒരാളെ കാണേണ്ടിയിരുന്നില്ല എന്ന് വേദനിക്കുമ്പോഴും , ഈ കൂട്ട് ഇല്ലായിരുന്നുവെങ്കിൽ ചെയ്യാതെ പോകുമായിരുന്ന കുറുമ്പുകളും അനുഭവിക്കാതെ പോകുമായിരുന്ന സന്തോഷങ്ങളും ഓർക്കുമ്പോൾ മധുരമുള്ളതായി മാറുന്ന സൗഹൃദങ്ങൾ! ഒരുപക്ഷേ , വഴി പിരിഞ്ഞ് പോയത് കൊണ്ട് മാത്രം അത്രമേൽ മനോഹരമായ, പൂരിപ്പിച്ച് കഴിയാത്ത ഒരു പദപ്രശ്നം പോലെ അലട്ടുന്ന, കുറച്ച് കൂടി നീണ്ട് നിന്നിരുന്നുവെങ്കിൽ എന്നൊരു കൊതി തോന്നിക്കുന്ന കൂട്ട്!

-


26 SEP 2021 AT 20:05

ജീവിതത്തോട് ചേർത്ത് വയ്ക്കാൻ പറ്റിയ ഒരുപാട് സംഭാഷണങ്ങൾ "ഹോം" എന്ന സിനിമയിൽ ഉണ്ടായിരുന്നെങ്കിലും "ആൻ്റണി, ഇത് നിൻ്റെ മുറി അല്ല, ഇത് നിൻ്റെ മനസ്സാ!",എന്ന പ്രൊഡ്യൂസർ ബേബിയുടെ ഡയലോഗ് പല തവണ മനസ്സ് ആവർത്തിച്ചപ്പോൾ മനസ്സിൻ്റെ അവസ്ഥ അറിയാൻ മുറിയെ കാര്യമായിട്ട് തന്നെ ഒന്ന് നോക്കി.
ഒറ്റ നോട്ടത്തിൽ തുണികളുടെ ഒരു കൂമ്പാരം-ഒരു മൂലയിലാകെ മുഷിഞ്ഞ തുണികൾ!ഒരു തവണ മാത്രം ഇട്ടത് കൊണ്ട് മുഷിഞ്ഞതായി കണക്കാക്കാൻ പറ്റാത്ത,എന്നാൽ അലമാരയിൽ വയ്ക്കാൻ കഴിയാത്തത് കൊണ്ട് കസേരയിലിടം പിടിച്ച തുണികൾ! ഇനിയും അലമാരയിൽ കയറാനുള്ള രാഹുകാലമാവാത്തത് കൊണ്ട് രാത്രി മുഴുവൻ മേശയിലും പകലാകെ കട്ടിലിലും കഴിച്ച് കൂട്ടുന്ന വേറെ കുറച്ച് തുണികൾ! പിന്നെ കാണാൻ മാത്രം ഉള്ളത് പുസ്തകങ്ങളാണ്-വായിച്ച് തീർന്നതും വായിക്കാനുള്ളതും വായിച്ച് തീർന്നെന്ന് മറ്റുള്ളവരെ പറ്റിക്കുന്നതുമായ പുസ്തകങ്ങൾ! ഇതിപ്പോൾ എങ്ങനെ എൻ്റെ മനസ്സുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നോർത്ത് നോക്കിയപ്പോൾ, തുണികളത്രയും ഓർമകളാവും- ഒരുപാട് മുഷിഞ്ഞെങ്കിലും ഒഴിവാക്കാത്ത ഓർമ്മകൾ! ചെറിയ മുറിവ് മാത്രം ആണെങ്കിലും ആ ചെറിയ മുറിവിൻ്റെ പേർക്ക് ഇനിയും മറക്കാതെ സൂക്ഷിച്ചിരിക്കുന്ന ഓർമ്മകൾ! പല തവണ ഓർത്ത് കരഞ്ഞെങ്കിലും മടക്കിയൊതുകാത്ത ഓർമ്മകൾ! പുസ്തകങ്ങൾ തിരിച്ചറിവുകളാവും!
അതേ മുറി മനസ്സ് തന്നെയാണ്- അടുക്കി പോയാൽ ഞാൻ ഞാനല്ലാതെയാകുന്ന മുറി!

-


6 SEP 2021 AT 23:05

അങ്ങനെയും ചില മനുഷ്യരുണ്ട്.. ഒറ്റ നോട്ടത്തിൽ മനസ്സിൻ്റെ അടിത്തട്ടിൽ ഒളിപ്പിച്ച വിഷമങ്ങൾ വരെയും കണ്ടുപിടിക്കുന്ന മനുഷ്യർ! ഒരു ചിരി കൊണ്ട് സങ്കടങ്ങൾ മാറ്റാൻ കഴിയുന്ന മനുഷ്യർ! എന്നും വിളിക്കുന്നില്ലെങ്കിലും ഒരു വിളിക്ക് അപ്പുറം ഉണ്ടെന്ന് ഉറപ്പുള്ള മനുഷ്യർ!കാരണങ്ങൾ ഇല്ലാതെ സ്നേഹിക്കുന്ന മനുഷ്യർ! സംസാരിച്ച് തീരാൻ മണിക്കൂറുകൾ തികയാത്ത മനുഷ്യർ!കുറച്ച് വാക്കുകൾക്കും നോട്ടങ്ങൾക്കും ഇടയിൽ നൂറ് കാര്യങ്ങൾ പറയാതെ പറയുന്ന മനുഷ്യർ! പറയുന്നതിനും മുന്നേ ഒരേ പോലെ ചിന്തിക്കുന്ന മനുഷ്യർ! സൗഹൃദമാണോ പ്രണയമാണോ എന്ന് സംശയത്തിന് ഇടയിൽ അലിഞ്ഞ് ഇല്ലാണ്ടാവുന്ന മനുഷ്യർ!

പിന്നെയും ചില മനുഷ്യരുണ്ട്..എന്നും കൂടെ ഉണ്ടാകും എന്ന ഉറപ്പ് ഉണ്ടായിരിന്നിട്ടും വഴിയിൽ എവിടെയോ ഇറങ്ങി പോയ മനുഷ്യർ! ചെറിയ അകൽച്ചകളിൽ നിന്നും ഇനി കൂടി ചേരുമോ എന്ന് സംശയിക്കുമാറ് ദൂരത്തിലേക്ക് അകന്ന് പോയ മനുഷ്യർ!

-


16 FEB 2021 AT 23:16

ആയുസ്സിനോളം നീളമുള്ള ... വിരസമെന്ന് തോന്നിപ്പോവുമ്പോൾ ബാല്യത്തിന്റെ നന്മയും കുസൃതിയും , കൗമാരത്തിന്റെ വാശിയും ശങ്കയും, യുവത്വത്തിന്റെ ഊർജ്ജവും തുടിപ്പും , മദ്ധ്യവയസ്കതയുടെ തിരക്കും മടുപ്പും, വാർദ്ധക്യത്തിന്റെ വിശ്രമവും വിഷമവും ഒക്കെ ചേർന്ന് കഥാഗതി മാറ്റിമറിക്കുന്ന... ചില കഥാപാത്രങ്ങളുടെ കൂട്ടി ചേർക്കലുകളിലും കൊഴിഞ്ഞ് പോക്കുകളിലും വഴിത്തിരിവുകളും തിരിച്ചറിവുകളും ഉണ്ടാക്കുന്ന ... ഇന്നലെകളിലെയും, ഇന്നുകളിലെയും, നാളെകളിലെയും അപ്രതീക്ഷിത സംഭവങ്ങൾക്കൊടുവിൽ മരണമെന്ന പ്രതീക്ഷിത അന്ത്യത്തിൽ അവസാനിക്കുന്ന ... ഓരോരുത്തർക്കും വെവ്വേറെയായി തോന്നിക്കുന്ന അർത്ഥവത്തായ പുസ്തകം !

-


10 JAN 2021 AT 18:45

ആർക്കോ വേണ്ടി നഷ്ടപ്പെടുത്തിയ ഒരുപാട് നിമിഷങ്ങളുണ്ട്. കുറച്ച് അധികം സ്നേഹിക്കാമായിരുന്ന , കുറച്ച് കൂടി സന്തോഷിക്കാമായിരുന്ന, കുറച്ച് കൂടി സ്വപ്നം കാണാമായിരുന്ന, കുറച്ച് കൂടി ആസ്വദിക്കാമായിരുന്ന നിമിഷങ്ങൾ ... തിരിഞ്ഞ് നോക്കുമ്പോൾ കൊതി തീർന്നിരുന്നില്ല എന്ന് തോന്നിക്കുന്ന നിമിഷങ്ങൾ ! കൂടെ കൂട്ടാൻ കുറച്ച് കൂടി നിറമുള്ള ഓർമ്മകളാകുമായിരുന്ന ഇന്നലെകൾ !

-


24 DEC 2020 AT 3:19

കവിതകളിലൊരെണ്ണം മരിച്ചു കിടക്കുന്നു. കൂട്ടുക്കവിതകളും കഥകളും അലമുറയിട്ട് കരയുന്നുണ്ട് . വായനക്കാരൻ കണ്ണുനീർ തുടച്ച് കടന്നു പോകുന്നുണ്ട്. എഴുത്തുകാരൻ ദൂരേക്ക് നോക്കിയിരിപ്പുണ്ട് !

മറ്റൊരു വീട്ടിൽ
എഴുത്തുകാരി പേറ്റു നോവിലാണ്.
മാസങ്ങളുടെ വേദനക്കൊടുവിൽ ഇരട്ട കവിതക്കുഞ്ഞുങ്ങളെ പ്രസവിച്ചു. ഓർമ്മയും മറവിയും !

-


23 DEC 2020 AT 13:14

ചരമഗീതങ്ങൾ പാടി
ഞാനുറക്കിയോരെൻ സ്വപ്നങ്ങൾ
ഉയിർത്തെഴുന്നേറ്റങ്ങ് നില്ക്കണുണ്ട്!
എവിടെ തളയ്ക്കണം, എവിടെ അടക്കണം ചോദ്യങ്ങളുയരുന്നു എന്റെ മുൻപിൽ ...
എവിടെ തളിർക്കണം , എവിടെ പറക്കണം നോക്കി നടക്കുന്നു സ്വപ്നങ്ങളും !

-


23 DEC 2020 AT 12:33

അയൽപക്കത്തെ തൊടിയിൽ പൂത്ത് നിന്ന പൂ കൊഴിഞ്ഞു വീണപ്പോൾ ഒരു വേദന !
ഒരുപാട് മോഹിച്ചതിനാലോ, ഒരുപാട് മോഹിപ്പിച്ചതിനാലോ?
കൊഴിഞ്ഞു വീണ മോഹങ്ങൾക്ക് പൂത്ത് നിന്നതിനേക്കാൾ ഭംഗി !
നഷ്ടപ്പെടലിന്റെ നോവ് കലർന്ന ഭംഗി !

-


25 JUL 2020 AT 18:23

"ഇതു പോലെയൊരു അലമ്പ് ബാച്ച് ഇത് വരെ ഞാൻ കണ്ടിട്ടില്ല" എന്ന് തുടങ്ങുന്ന ഉപദേശങ്ങളും, പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ആൺകുട്ടികളെ "കാള കളിച്ച് നടക്കുന്നവരും" പെൺകുട്ടികളെ "ഒരുങ്ങി കെട്ടി നടക്കുന്നവരും" ആക്കിമാറ്റി പഠിക്കുന്ന കുട്ടികൾക്ക് മാത്രം മുൻഗണന നല്കി കാണിച്ച തിരിച്ചു വ്യത്യാസങ്ങളും, മാർക്ക് കുറയുമ്പോൾ വലിച്ച് എറിയപ്പെടുന്ന ഉത്തരക്കടലാസുകൾക്കൊപ്പം വലിച്ചെറിയപ്പെടുന്ന വിദ്യാർഥികളുടെ അഭിമാനവും, കാലങ്ങളായി കല്പിച്ച് നല്കപ്പെട്ട 'അവകാശം' എന്ന കണക്കെ നടക്കുന്ന കുട്ടികളെ തല്ലി "നേരെയാക്കൽ" ചടങ്ങുകളും ,എന്തെങ്കിലും ചോദ്യം ചെയ്യുന്ന വിദ്യാർഥികളെ അഹങ്കാരികളാക്കി മുദ്ര കുത്തുന്ന സമ്പ്രദായവും,കലാപരിപാടികൾക്ക് അതിഥിയായെത്തുന്നയാൾക്ക് പൂക്കൾ നല്കാൻ "നിറവും, സൗന്ദര്യവും" ഉള്ളവരെ മാത്രം തിരഞ്ഞെടുക്കുന്ന രീതികളും,
ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന കുട്ടികളെ "സംസ്കാരം" പഠിപ്പിക്കുന്ന നേരങ്ങളും, കൗൺസലിങ് എന്ന പ്രഹസനത്തിൻ്റെ പേരിൽ ചോർന്നു കിട്ടുന്ന ''രഹസ്യങ്ങൾ " ചർച്ച ചെയ്യപ്പെടുന്ന സ്റ്റാഫ് റൂമുകളും, പെൺകുട്ടികൾ പിടിച്ചാൽ പൊങ്ങില്ലാത്ത ബെഞ്ചുകളും ആൺകുട്ടികൾ അടിച്ചു വാരിയാൽ വൃത്തിയാകാത്ത ക്ലാസുകളും...ഗുരുദക്ഷിണ നല്കാൻ ഏകലവ്യൻമാരുടെ വിരലുകൾ മുറിഞ്ഞു വീണു കൊണ്ടേയിരിക്കുന്നു!

-


Fetching Catherine Baby Quotes