വിശ്വസിക്കണം എന്ന് എന്റെ ദൈവമൊരിക്കലും വാശിപിടിച്ചിട്ടില്ല. പക്ഷെ അത്രമേൽ വിശ്വസിച്ച ചിലർ അതും വിശ്വസിച്ചു വഞ്ചിച്ചു തന്നു.
-
ഇനി മടങ്ങാൻ വയ്യ
ഒറ്റപ്പെടുന്ന ഓർമ്മകളിലേക്കും
ഓടി മറയുന്ന കാലങ്ങളിലേക്കും-
യാത്ര പറയുന്നില്ല, ഒന്നിനോടും.
എനിക്ക് പ്രിയപ്പെട്ടതൊക്കെയും
അവർക്ക് അപ്രിയമെങ്കിൽ.
മൗനങ്ങൾക്ക് നിർവചിക്കാനാവാത്ത
ഒരു സൗന്ദര്യമുണ്ട്.
വാക്കുകൾ കൊണ്ട് വേണ്ടിനിയൊന്നും.
കണ്ണുകൾ മങ്ങിത്തുടങ്ങി.
മിടിപ്പെന്റെ ചെവിയിൽ മുഴങ്ങിത്തുടങ്ങി.
കൈവിട്ടുപോയെന്റെ തൂലികേ,
നീയൊരിക്കൽ ആ
കുഴിമാടത്തിലേക്ക് വന്നുനോക്കുക.
എന്നും നീ മാത്രമായിരുന്നു
എനിക്കെല്ലാം.-
ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ
"ലെ കാപ്പാ..."
അമ്മ, അവൾ ഭ്രാന്തിയായിരുന്നു
സ്നേഹത്തിന്റെ ഭ്രാന്ത്.സ്വന്തം ചിറകിനുള്ളിൽ ആ മകനെന്നും വേണമെന്ന സ്വാർത്ഥചിന്ത.അയാൾ,
ജാതികൊണ്ട് വേട്ടയടപ്പെടുന്ന
ഒരു മനുഷ്യജീവൻ.പരിഹാസത്തിന്റെ മുള്ളുകൾ വാളുകളായി അയാളുടെ മനസ്സിൽ തറയ്ക്കുമ്പോൾ.കറുപ്പ് ഒഴിവാക്കപ്പെടേണ്ടതും വെളുപ്പ് സ്വീകരിക്കപ്പെടേണ്ടതുമാണെന്ന സമൂഹത്തിന്റെ വ്യാഖ്യാനങ്ങളിൽ പ്രണയം പോലും അനുസരണ കാട്ടുന്ന ഒരു നേർചിത്രം.തുടക്കത്തിൽ തന്നെ വായനക്കാരനെ പിടിച്ചിരുത്താൻ ശ്രമിക്കുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു.നമ്മൾ നേടിയെടുത്ത "പുരോഗമനങ്ങളെ"ന്താണെന്ന് അദ്ദേഹം പറഞ്ഞുതരുന്നു.
-
വറ്റുന്ന നന്മയുടെ അംശങ്ങൾ
ഉള്ളിൽ കുത്തി നിറക്കണം.
മുറിവേറ്റവന്റെ ഓർമ്മകളിൽ
പങ്കുചേരണം.
കണ്ണീരിറ്റി വീഴുമ്പോൾ ഏറ്റുവാങ്ങാൻ
നെഞ്ച് നീട്ടി കൊടുക്കണം.
ഫൈവ് സ്റ്റാർ ഹോട്ടലിന്റെ
മുറ്റത്ത് വിശപ്പറിഞ്ഞവന്റെ
കൂടെ ഒരൂണ് കഴിക്കണം.
മതമില്ലാത്തൊരു ആഘോഷത്തിൽ
സാഹോദര്യത്തിന്റെ ഉദയം കാണണം.-
ഒരുമിക്കണം
നമ്മളെ അകറ്റിയവർക്ക് വേണ്ടി.
പ്രണയിക്കണം
നമ്മളെ സ്നേഹിച്ചവർക്ക് വേണ്ടി.
വീണ്ടും മറക്കണം
ഒരിക്കൽ കൂടി ഇതൊക്കെയും
ഓർത്തെടുക്കാൻ വേണ്ടി.-
മുട്ടിവിളിക്കുന്ന ചില രാത്രികൾ
പെയ്തുതീരും മുമ്പേ ഇല്ലാതായ
നിലാവുകൾ
കൂട്ടിച്ചേർക്കാനാവാതെ പോയ ചില
ചിന്തകൾ
ഇനിയും എഴുതാൻ മടിക്കുന്ന ചില
അക്ഷരങ്ങൾ
നിനക്കായ് എന്റെ പക്കൽ ഇവ മാത്രം.
-
തോരാതെ പെയ്യും ചില ഓർമ്മകൾ.
പുതുമണ്ണിന്റെ മണം പരക്കുമ്പോൾ
പറന്നു പൊങ്ങും ബാല്യസ്മരണകൾ.
മഴത്തുള്ളികൾ വന്ന് നനക്കുമ്പോൾ
കിന്നാരം പറയുന്ന തൊട്ടാവാടിയും
മുയൽചെവിയനും.
നനഞ്ഞിട്ടും പാടത്തോടിക്കളിക്കുന്ന
കുരുവികളെ ഓമനിച്ച ജനലഴികൾ.
ഈയ്യാംപാറ്റകളെ വെളിച്ചം കാണിച്ചു
പറ്റിച്ചു മിന്നാമിന്നികളെ ഇരുട്ടിൽ അടച്ച രാത്രികൾ.
തുടികൊട്ടിയ മുത്തശ്ശിക്കഥകൾ കേട്ടുറങ്ങാൻ
കൊതിക്കുന്നു ഇന്നുമീ കണ്ണുകൾ.-
ഇനിയും തുറക്കാത്ത വാതിലുകളുണ്ടാകാം.
മൗനം കൊണ്ട് ഭിക്ഷയെടുത്തൊരു ഭ്രാന്തമായ മനസ്സിന്
മുൻപിൽ കൊട്ടിയടച്ചവയാകാം.
ഒരുപാട് പക്ഷെകൾ വന്ന് ചില
പ്രിയപ്പെട്ട സംഭാഷണങ്ങൾ
മുറിച്ചിട്ടു.
അവിടെ മൗനം പാലിച്ച വാക്കുകൾ.
അവർ എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.
നേർത്തൊരു ലജ്ജയാൽ മൂടിയെന്റെ മുഖം.
അവകാശപ്പെടാൻ ഒന്നുമില്ലാത്തവളെ
നിങ്ങൾ വീണ്ടുമെന്തിന് പിന്തുടരുന്നു?
ഒരുപക്ഷെ കൊട്ടിയടച്ച വാതിലുകളുടെ
താക്കോൽ അവളുടെ പക്കലുണ്ടെങ്കിലോ?
പക്ഷെ അവൾ ഭ്രഷ്ടയാക്കപ്പെട്ടൊരു
ഭ്രാന്തിയല്ലേ?
-
പറമ്പിലെല്ലാം ഓടിക്കളിച്ച ചെമ്പരുത്തിക്ക് വീണ പേര് ഭ്രാന്തി.
കൽവിളക്കിനരികിൽ പൂത്തത് കൊണ്ടാവാം ചെമ്പകം വിശുദ്ധയായി വാഴ്ത്തപ്പെട്ടു.
ഓണക്കാലത്തു ഓർത്തെടുക്കാൻ വയ്യാ ഇന്ന് ഒരു പാവം തുമ്പയെ.
പേടിച്ചു പേടിച്ചു അവസാനം വെളുത്തുപോയി പാലപ്പൂവും.
ചെപ്പൊന്നുമില്ലെങ്കിലും ഒളിച്ചിരിക്കാൻ നല്ലത് മന്താരത്തിന്റെ മറതന്നെ.
സൂര്യന്റെ പേരിൽ ഓമനിക്കപ്പെട്ടു സൂര്യകാന്തിയും താമരയും.
മുറ്റത്തെ മുല്ലക്ക് മണമില്ലാതായോ.
പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും തീ കൊളുത്തി മരിച്ചു വാകയും.
ചില പൂക്കൾ അങ്ങനെയാണ്.
വല്ലാതെയങ്ങു നമ്മൾ ഓമനിക്കും.
ചിലപ്പോൾ പുറന്തള്ളും.
അവരെ മനസ്സിലാക്കാൻ പറ്റാറില്ലല്ലോ.
ചില മനുഷ്യരെ പോലെ
-