.....
-
പ്രിയപെട്ടവനെ,
നീയെന്നിൽ ഇത്രമാത്രം ആഴ്ന്നിറങ്ങിയിരിക്കുന്നത് എന്തിനാണ്? നീയിതെങ്ങെനെയാണ് സാധിച്ചത്? അതുകൊണ്ടല്ലേ ഞാൻ ഇപ്പോൾ വെന്തുകൊണ്ടിരിക്കുന്നത്?
ഇപ്പോൾ നിന്നെയോർക്കുമ്പോഴേക്കും ഞാൻ നീറുകയാണ്. നിന്നെ നഷ്ടപെട്ടതോർത്തല്ല നിന്നെ നഷ്ടപെടുത്തിയതോർത്ത്. നീയെനിക്ക് അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു. ഇപ്പോഴും ആണ്. പക്ഷെ ഞാനതു തിരിച്ചറിയാൻ വൈകിപ്പോയി. വൈകിയെന്നുപറയുമ്പോൾ.. ഒരുപാട്.... മഴയത്തു കുടയെടുക്കാൻ മറന്ന ഒരുവനെ ഞാൻ കാണുമ്പോൾ, അണ്ണാറക്കണ്ണൻ വലിച്ചെറിഞ്ഞ പഴങ്ങൾ വീണുകിടക്കുന്ന പേരാലിൻചുവടുകാണുമ്പോൾ, പൊള്ളുന്ന മാങ്ങാചുണയും മിട്ടായിഭരണികളും കാണുമ്പോൾ നീയെന്നിലേക്ക് പൂർവ്വാധികം ശക്തിയോടെ ഓടിയെത്തുകയാണ്. പാതയോരത്തുകൂടി നടക്കുന്ന യൂണിഫോമിട്ടകുട്ടികൾ നിന്നെയോർമ്മിപ്പിക്കും. എന്തിനു, വിയർപ്പൊട്ടിയ ഷർട്ടിട്ട ഓരോരുത്തരും നീയെന്ന ഭാഗ്യത്തെ എന്നിൽ ഒരു നീറലായി അവശേഷിപ്പിക്കും. രതി തൊട്ട് വൈകൃതമാക്കാത്ത നിന്റെ നനുത്ത ചുംബനങ്ങളിൽ നീ തൊട്ടുണർത്തിയിരുന്നത് എന്റെ ആത്മാവിനെ തന്നെയായിരുന്നു. ഓരോ മഴയും എനിക്ക് നീയൊരൊറ്റയാളാണ്.
എന്നെ നിന്നിൽനിന്നകറ്റിയ കാലത്തെ ഞാൻ ഏറ്റവും വെറുക്കുന്നു. ഒരു വട്ടമെങ്കിലും കാലത്തെ പുറകോട്ട്കൊണ്ടുപോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ... നീ എന്നെന്നും എന്റേതാകുമായിരുന്നു.-
അവൾ ഇന്നലെ വൈകുന്നേരം തന്നെ ഇവിടം വിട്ടു പോയിരുന്നു.ഇപ്പോഴും അവളുടെ തലക്കയക്കാംപുറത്തുവെച്ച ചന്ദനത്തിരിയുടെ മണം മനസ്സിൽ നിന്നുമാഞ്ഞുപോയിട്ടില്ല. അതയാളുടെ നാസാദ്വാരങ്ങളിലൂടെ കടന്നു കണ്ണീരിനെ ഒന്ന് മുട്ടിവിളിച്ചശേഷം ഹൃദയത്തിൽ ഒരിടത്തു, ഒരിക്കലും പുറത്തേക്ക് കടക്കില്ലെന്നുറച്ചു തങ്ങിനിന്നു.വാതിലിനു കര കര ശബ്ദം ഉണ്ടെന്ന് അവൾ ഇല്ലാതെ മുറിയിലേക്ക് കയറിയപ്പോൾ ആണ് അറിഞ്ഞത്. അയാൾ കണ്ണാടിക്കുമുന്നിൽ നിന്നു. കണ്ണാടിക്കുമുന്പിൽ അവളുടെ സിന്ദൂരപൊട്ടിന്റെ ചില തരികൾ അയാളെ നിസ്സംഗതയോടെ നോക്കി പിന്നേ അയാളുടെ ചുടുനിശ്വാസത്തിൽ താഴേക്കു വീണു ജീവത്യാഗം ചെയ്തു. അവളുടെ വട്ടപ്പൊട്ട്.. അയാൾ എപ്പോഴും ചുംബിക്കാറുള്ള നെറ്റിയെ തേടി അയാളെ സംശയത്തോടെ നോക്കി..... ശബ്ദം നഷ്ടപെട്ട ചിലവാക്കുകൾ ആ മുറിയിലെങ്ങും' ഞാൻ നിന്നെ എന്നും സ്നേഹിക്കുന്നു ´എന്ന് പറയുന്നതായി അയാൾക്ക് തോന്നി. ആ വാക്കുകൾ കേൾക്കാൻ അയാൾ കണ്ണടച്ചുനിന്നു.
-
വളരെ കുറച്ചു നിറങ്ങൾ മാത്രമേ എന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു. എങ്കിലും മനോഹരമായ ഈ ചിത്രം പൂർത്തിയാക്കണമെന്നും നിനക്കത് സമ്മാനിക്കണമെന്നും ഞാൻ ആഗ്രഹിച്ചു.നീ ഒരിക്കലും എന്റേതാവുകയില്ലെന്നെനിക്കറിയാം. അതുകൊണ്ട് പോകുന്നതിനു മുൻപ് നിന്റെ ഓർമയിലേക്ക് കയറിവരുവാൻ എന്തെങ്കിലും ഒന്ന് അവശേഷിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.പക്ഷെ എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല. ക്യാൻവാസിലെ നിറങ്ങൾ കണ്ണുനീരുവീണു മങ്ങിതുടങ്ങിയിരിക്കുന്നു.നിറങ്ങൾ തീർന്നുപോയികൊണ്ടിരിക്കുന്നു.എന്റെ പക്കലിനി യാതൊന്നും ബാക്കിയില്ല. മുഴുവനാക്കാൻ കഴിയാത്ത ചിത്രവും പിന്നെ ഞാനും മാത്രമാണ് ബാക്കിയുള്ളത്. നീയൊരിക്കലും ഇഷ്ടപെടുവാൻ സാധ്യതയില്ലാത്തവ.
-
ആത്മാക്കളുടെ പ്രണയത്തിനാണ് ഏറെ മനോഹാരിതയുള്ളത്. അവിടെ ശരീരമെന്ന കടമ്പയില്ല കാലത്തിന്റെ ബോധവുമില്ല.
-