നിങ്ങൾ ആ മനുഷ്യനെ സ്നേഹിച്ചിട്ടുണ്ടോ?
അയാളെന്റെ വിശപ്പാറ്റിയിട്ടുണ്ട്,
പുതിയ തുണിത്തരങ്ങൾ വാങ്ങി തന്നിട്ടുണ്ട്, ഒരു കുഞ്ഞിനേയും
പിന്നെ
ഞാൻ എന്തിന് അയാളെ സ്നേഹിക്കാതിരിക്കണം......-
മൗനമായ ചില കുംബസാരങ്ങളുണ്ട്; പാപം ചെയ്യാത്ത മനസ്സുകൾ അലറി വിളിച്ച് കൈകൊട്ടിച്ചിരിച്ച് ഇനി നിൻ്റെ കവിതയ്ക്ക് കല്ലെറിയട്ടെ ......
-
ഒരിയ്ക്കൽ വശ്യമായ കായൽത്തിര കണക്കെ നിന്നെ മോഹിപ്പിച്ച കണ്ണുകൾ ഇന്ന് ഉറവ വറ്റിയ കാലത്തിൻ്റെ പൊട്ടക്കിണറുകൾ......
-
എത്ര കൗശലത്തോടെയാണ് ചില മഴത്തുള്ളികൾ ഇലകളെ ഗാഢമായി ചുംബിച്ച് കൊണ്ടിരിക്കുന്നത്; മണ്ണിലേക്ക് ഊർന്നിറങ്ങിയാൽ പിന്നെ ചേർന്നിരുന്നതിൻ്റെ ഒരു കുഞ്ഞ് നനവ് പോലും ബാക്കി വെയ്ക്കാതെ....
-
ചുള്ളികളോരോന്നും കൊത്തിപ്പെറുക്കി ചേർത്ത് വെച്ചൊരു കവിത മെനഞ്ഞിട്ടുണ്ട്. വരികൾക്കിടയിൽ തണുത്തുറക്കുമ്പോൾ, മുൻ വിധികളില്ലാതെ കയറി വന്ന് നീയെനിക്കൊരു വേനൽ കടം തരിക...
-
സുന്ദരമായ ചില ചേർന്ന് നില്പുകളെക്കാൾ ഭംഗി, ഭാരമില്ലാതെ തനിയെ പറന്നകന്ന് ഒരായിരം ജനതയ്ക്ക് തണലായ് മാറുന്നതാവില്ലെ?
-
ഉച്ചവെയിലിൽ കിതച്ചു കൊണ്ട് കയറി വന്ന് നീ നിൻ്റെ നിഴലിനെ എനിക്ക് സമ്മാനിച്ചു.ഇരുട്ടു വീണതും നീയെവിടേയ്ക്കാണ് കാണാതെ പോയത്! കാലമിത്രയും 'നിഴലില്ലാത്തവനെന്ന്' നുറുങ്ങുവെട്ടങ്ങൾ പോലും നിന്നെ പരിഹസിച്ചു കാണില്ലെ! ഒരിയ്ക്കലും അണയാത്ത എന്നിലെ തീ നിൻ്റെ നിഴൽക്കുഞ്ഞുങ്ങൾക്ക് ഇന്നും മുലയൂട്ടുന്നുണ്ട്. നമുക്ക് മുന്നിൽ തോൽവി സമ്മതിച്ച് രാത്രിയും പകലും ഒരുയ്ക്കിവെച്ച സന്ധ്യയിലേക്ക് ഇനി നമുക്ക് ചേക്കേറാം.....
-
നീ വിട്ട് പോയ വരിയിൽ പ്രാണൻ പകർന്ന് ഞാനൊരു കവിയായി;
നീ ചേർത്ത് വെച്ച ഓർമ്മകൾക്ക് വെള്ളപുതച്ച് കൊലകാരിയും....-
നിൻ്റെ ചുംബനങ്ങളുടെ നനവിൽ വേരാഴ്ത്തിയ വിത്തുകളെ കരുതലോടെ പെറ്റെടുത്ത് ഞാനെൻ്റെ പ്രണയം പറഞ്ഞപ്പോൾ;
പ്രാണൻ വറ്റാതെ എൻ്റെ കവിതയ്ക്ക് നീ കാവലിരിക്കുകയായിരുന്നെന്നോ......-
അന്യൻ്റെ ഭാവിയെ പറ്റി വേവലാതിപ്പെട്ടതൊക്കെയും മതി;
നിർവികാരമായ നിൻ്റെ ചിറകുകൾക്കുള്ളിൽ ശ്വാസംമുട്ടി ചത്ത് മരവിച്ച ആകാശത്തെക്കുറിച്ച് ഇനിയെങ്കിലും നമുക്കിത്തിരിവർത്തമാനം പറയാം-