Athira Ts Athu   (ആതിര സുരേന്ദ്രനാഥ്)
952 Followers · 1.3k Following

read more
Joined 10 May 2018


read more
Joined 10 May 2018
15 JUL 2023 AT 22:23

ഇടക്ക് എവിടെയോ എല്ലാം ചോർന്നൊലിച്ചു പോയിരിക്കുന്നു..
പേപ്പർ എടുത്ത് എഴുതി തുടങ്ങുമ്പോൾ
വാക്കുകൾ എവിടേക്കോ ഓടി ഒളിക്കുന്നു..
പരിഭവം കാണും,
ഇടക്ക് ഏതോ തിരക്കുള്ള തെരുവിൽ
ഉപേക്ഷിച്ച്,തിരിഞ്ഞു നോക്കാതെ പോയ ഒരാളോട്
ഇതിൽപരം എങ്ങനെ പെരുമാറാൻ ആണ്..
കാരണങ്ങൾ ഒന്നും നിരത്താൻ ഉണ്ടായിരുന്നില്ല..
ഉള്ളിൽ എവിടെയോ വല്ലാതെ നീറുന്നുണ്ട്
മക്കളെ തെരുവിൽ ഉപേക്ഷിച്ചു പോകേണ്ടി വന്ന
ഒരു അമ്മയുടെ വേദന പോലെ.

എഴുത്തുകാരി എന്ന പദവിയിൽ നിന്നും,
തനിക്കിനി എഴുതാൻ ആവില്ല എന്ന് തിരിച്ചറിയുന്ന
ഒരുത്തിയുടെ പ്രാണവേദന എത്ര അസഹനീയം ആണ്!

-


19 AUG 2021 AT 11:36

അയാൾ എന്തൊരു പിശുക്കൻ ആയിരുന്നു..
സ്നേഹവാക്കുകൾ അളന്നു മുറിച്ചു മാത്രമേ ഉപയോഗിച്ചിരുന്നുള്ളു.. എനിക്കാണെങ്കിൽ സ്നേഹം കടലോളം ആവശ്യം ആയിരുന്നു..
ഇടക്ക്,എനിക്ക് ആരുമില്ല എന്ന് പറഞ്ഞു ഞാൻ ചിണുങ്ങുമ്പോൾ കള്ളചിരിയോടെ അയാൾ അത് സമ്മതിച്ചിരുന്നു .. സത്യത്തിൽ നിനക്ക് ഞാനുണ്ടെന്നും,നീ എന്റേത് മാത്രം ആണെന്നും എന്നായിരുന്നു എനിക്ക് കേൾക്കേണ്ടി ഇരുന്നത്..
അകാരണമായി അയാൾ എന്റെ നെറ്റിയിൽ ഇടക്കിടക്ക് ചുമ്പിക്കണം എന്നും.. എന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന കൃത്യമായ കണക്കുകൾ വിവരിച്ചുതരണം എന്നും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു..

-


11 DEC 2020 AT 13:22

വീണ്ടും മേൽവിലാസങ്ങൾ വക്കാതെ ഞാൻ എന്റെ പ്രണയത്തിന്റെ ഒരേ ഒരു അവകാശിക്ക് പ്രണയകണക്കുകൾ എഴുതിക്കൂട്ടുന്നു..
പഴുത്തുതുടങ്ങിയ വ്രണങ്ങളെ കൂട്ടിത്തുന്നി ഞാൻ കത്ത് എഴുതിത്തുടങ്ങുന്നു..
അവസാനവരിയോടെ അളിഞ്ഞവ്രണങ്ങളിൽ നിന്നും കൂടുതൽ ചോര ഒലിച്ചിറങ്ങുന്നു..
കുത്തിഒലിച്ചു കൊണ്ടിരിക്കുന്ന കണ്ണുനീർ തുള്ളികൾ അവയെ ആലിംഗനം ചെയ്യുന്നു..
ഞാൻ കൂടുതൽ വിക്രതമായി ചിരിക്കുന്നു!
നീ എന്നിൽ കൂടുതൽ വന്യമായി പടരുന്നു!

-


26 NOV 2020 AT 19:24

ചുരുങ്ങിപ്പോയ ചില മനുഷ്യരെ കണ്ടിട്ടില്ലേ !

എണ്ണിതീർക്കാൻ പറ്റാത്ത മനുഷ്യർ ഉണ്ടെങ്കിലും ഒരേ ഒരാളുടെ ഉള്ളിൽ എവിടെയോ കുടുങ്ങിക്കിടക്കുന്നവരെ..
ആ ഒരാളുടെ ഹൃദയമിടിപ്പിന്റെ നേർത്തശബ്ദത്തിന്റെ താളത്തിൽ തന്റെ ഹൃദയത്തെ മിടിപ്പിക്കുന്നവർ..
രാത്രിയും, പകലും, വസന്തവും, ഗ്രീഷ്മവും, ശിശിരവും അയാളിൽ മാത്രം കണ്ടെത്തുന്നവർ..
അവരുടെ സന്തോഷത്തിൽ നിന്നും ഒരേഒരുതുള്ളി കട്ടെടുത്ത് കുടിച്ച് സന്തോഷം കണ്ടെത്തുന്നവർ..
ആ ഒരാളുടെ പ്രണയപുഴയിൽമാത്രം എക്കാലവും മുങ്ങിനീരാടാൻ കൊതിക്കുന്നവർ..
മറ്റൊരാളിൽ കുടുങ്ങിപ്പോയി തീരെ ചെറുതായ മനുഷ്യർ..
ചില ചുരുക്കങ്ങൾ എല്ലാം അത്രമേൽ മനോഹരങ്ങൾ ആണെടോ!


-


26 NOV 2020 AT 13:08

അയാളുടെ മടങ്ങിപോക്കിന് ശേഷം ഞാൻ വീണ്ടും ഈ വരികളുടെ അടുത്തേക്ക് അലർച്ചയോടെ ഓടിച്ചെന്നു..
ചോര കണക്കെ ഒലിച്ചിറങ്ങിയ കണ്ണുനീർതുള്ളികൾ കൊണ്ട് പൊടിപിടിച്ചു, പഴകിയ മണം വമിപ്പിച്ച അവയെ ഞാൻ കഴുകി വൃത്തിയാക്കി..
ദുർഗന്ധം വമിപ്പിക്കുന്ന മാലിന്യങ്ങൾ കണക്കെ ഉള്ളിൽ കൂട്ടി വച്ചിരുന്ന നിരാശകൾ കൂർത്തനഖങ്ങൾ കൊണ്ട് മാന്തിയെടുത്ത് എഴുതിക്കൂട്ടി ഇല്ലാതെയാക്കി..
ഒരിക്കൽ ഉപേക്ഷിച്ചു നടന്നുനീങ്ങിയ കുറ്റബോധത്തിന്റെ പാപഭാരം ഇല്ലാതാക്കാൻ വിശ്രമങ്ങൾ ഇല്ലാതെ എഴുത്തിനിറച്ചു..
പരിഭവം കാണിക്കാതെ അവയെന്നെ ചേർത്തുപിടിച്ചു.. കണ്ണുകൾ മുറുക്കി അടച്ച് അവയുടെ മടിയിൽ മണിക്കൂറുകളോളം ഞാൻ തലചായ്ച്ചുകിടന്നു..
മറ്റൊരുനാൾ അയാൾ എന്നെ മാടിവിളിക്കുമ്പോ വീണ്ടും ഞാനിവയെ വലിച്ചെറിഞ്ഞുപോവും എന്നറിഞ്ഞിട്ടും, ചുട്ടുപൊള്ളി ഊർന്നുവീഴുന്ന കണ്ണുനീർ തുള്ളികളെ പരാധികലില്ലാതെ ആ കടലാസിൻ കഷ്ണങ്ങൾ തന്നിൽ ലയിപ്പിച്ചുചേർത്തു..

-


14 SEP 2020 AT 23:24

എന്റെ പ്രണയപുരുഷന് വേണ്ടി മാത്രമായി രൂപം കൊണ്ട് വന്നവൾ ആയിരിക്കണം ഞാൻ !
ഈ ജന്മത്തിലെ പ്രണയകൂമ്പാരം മുഴുവനും അയാൾക്ക് മാത്രമായി വച്ചുകൊടുത്ത് ഒരു വറ്റുപോലും നഷ്ടമാക്കാതെ അയാൾ കഴിച്ചുതീർക്കുന്നത് നിർവൃതിയോടെ കണ്ണിമവെട്ടാതെ നോക്കിയിരിക്കാൻ...മറ്റൊരുവന്റെ നേരിയ ചിന്തക്കുപോലും മനസ്സിലേക്ക് കോണി കയറി വരാൻ സ്ഥലമില്ലാതെ ഹൃദയം മുഴുവനും അയാളുടെ പ്രണയം മെത്തയിൽ പഞ്ഞി കുത്തികേറ്റി വെക്കുംപോലെ നിറച്ചുവെക്കാൻ..എൻറെ മനുഷ്യന്റെതല്ലാതെ മറ്റൊന്നിലും,മറ്റാരിലും ഉന്മത്തമാവാത്ത ഉന്മാദിനി ആയി തീരപെടാൻ..മടുപ്പിന്റെ സൂക്ഷമായ കണികക്കുപോലും ബാധിക്കാൻ ആവാതെ "എക്കാലവും അയാൾ എന്റേതെന്ന" നാമം ജപിച്ചുകൊണ്ടിരിക്കാൻ.."ഈ ജന്മത്തിലെ എന്നെ" അയാൾക്ക്‌ മാത്രം തീറെഴുതി കൊടുത്തത് ആണെന്ന് വിളച്ചുപറയാൻ..എത്രകൊടുത്തലും നിലക്കാതെ ഉറവയായി ഒഴുകി കൊണ്ടിരിക്കുന്ന തീവ്രപ്രണയത്തിന്റെ അവസാനപതനം അയാളിൽ ആണെന്ന് കാതിൽ ഓതികൊടുക്കാൻ...
ഇനിയെങ്കിലും വിശ്വസിക്കു മനുഷ്യാ !
ഞാൻ നിനക്കു വേണ്ടി മാത്രമായി ഉടലെടുത്തു വന്നവൾ ആണ്..

-


20 AUG 2020 AT 13:26

പ്രണയത്തിനോട് ഇത്രേം ആർത്തിള്ള പെണ്ണോ !
ഇങ്ങനേം ണ്ടാവോ പെണ്ണുങ്ങൾ...

-


19 AUG 2020 AT 11:16

ഒരാളുടെ എഴുത്തിലൂടെ കടന്നുപോകുന്നവരെല്ലാം എത്ര മുൻജന്മപുണ്യം ചെയ്തവരായിരിക്കും !
രക്തവും,മാംസവും,വികാരങ്ങളും,നിറഞ്ഞ ഒരു മനുഷ്യനെ എത്ര സൂക്ഷ്മതയോടെ ആയിരിക്കും വരികൾക്കിടയിൽ കോട്ടം തട്ടാതെ അവർ എടുത്തുവക്കുന്നത്..വരികൾക്കിയിൽ ആ മനുഷ്യനോടുള്ള സ്നേഹവും കരുതലും മുഴുവനും ഉരുളയാക്കി കൂട്ടി കുഴച്ച് എത്ര കുസൃതിയോടെ ആയിരിക്കും അവർ ഒളിപ്പിച്ചുവക്കുന്നത്...ആ വരികൾക്കിടയിലൂടെ വിരലോടിച്ചു അയാൾ അത്‌ വായിച്ചുനോക്കുന്ന നിമിഷത്തിനുവേണ്ടി എത്ര ആർത്തിയോടെ അവർ കാത്തിരുന്നിരിക്കും..പിൻകാലം പുസ്തകത്താളിന്റെ ഉന്മത്തമാക്കുന്ന ഗന്ധത്തിനിടയിൽ എക്കാലവും എത്ര മനോഹരമായി ആയിരിക്കണം അയാൾ നിലകൊള്ളുന്നത്..ആ എഴുത്ത് എഴുതിതീർക്കും വരെ അവരുടെ മനസ്സ്എത്ര തവണ അയാളുടെ നാമം ആവർത്തിച്ചുകൊണ്ടിരുന്നിരിക്കണം....പൂർണമായും ആ മനുഷ്യനെ പിഴിഞ്ഞെടുത്ത് ഒരു തുള്ളി പോലും നഷ്ടപ്പെടാതെ എഴുതിപിടിപ്പിക്കാൻ അയാൾ ശ്രമിക്കുന്നുവെങ്കിൽ എത്രമാത്രം ആഴത്തിൽ അവരുടെ ഹൃദയത്തിൽ അയാൾ വേരുറപ്പിച്ചിരിക്കണം ...അയാൾ നിലകൊള്ളുന്ന വരികൾക്ക് അത്രമേൽ ഭംഗിയേറാൻ വരച്ചും,കുത്തിയും,മാച്ചും അവർ എത്ര ആ വരികൾക്കിടയിൽ ഭ്രാന്തമായി തലചായ്ച്ചു കിടന്നിരിക്കണം...
ഒരാളുടെ എഴുത്തിൽ നിലകൊള്ളുന്ന മനുഷ്യാ.. നിനക്ക് ഇനി മരണമില്ലാ !

-


23 JUL 2020 AT 22:32

സ്നേഹത്തോടൊപ്പം വാത്സല്യവും ചാലിച്ച് അയാൾക്ക് വയറുനിറയെ നൽകാൻ ദിനംപ്രതി എത്രയധികം ഉരുളകൾ ആണ് ഞാൻ കൂട്ടിവെക്കുന്നത്.. ഉറങ്ങാൻ നേരം തലയിലൂടെ വിരലോടിച്ച് നെറുകയിൽ ഒരു വാത്സല്യചുംബനം പതിപ്പിച്ചു കൊടുത്ത് ആ മനുഷ്യൻ ഉറങ്ങുന്നത് കൊതിയോടെ നോക്കി ഇരിക്കാൻ എന്റെ മനസ്സ് എത്രയധികം ആണ് ആർത്തി കൂട്ടുന്നത്.. പിച്ചവെച്ചു നടക്കാൻ പോലും ആവാത്ത ഒരു കുഞ്ഞിന്റെ അമ്മയിൽ നിലകൊള്ളുന്ന ആധി കണക്കെ അയാളുടെ ഓരോ കാര്യങ്ങളും എന്നെ എത്രയധികം ആയി ആണ് ആവലാതിപ്പെടുത്തുന്നത്.. ഓരോ മഴ പെയ്യുമ്പോഴും അയാൾ ഇത് നനയുകയാണെങ്കിൽ പനിപിടിക്കില്ലേ എന്ന ഭയം ഏത്ര തവണയാണ് മഴയ്‌ക്കൊപ്പം അരികിലേക്ക് ഓടി എത്തുന്നത്.. ഓരോ പനിചൂടിലും എന്റെ മനുഷ്യന്റെ ചുണ്ടിലേക്ക് കാപ്പി ചൂട് പകർന്ന് നെറ്റിറ്റിൽ തുണി നനച്ചിട്ട് ചേർന്നിരിക്കാൻ കഴിയാത്തതിൽ എത്ര അധികമായാണ് ഞാനീ ദുഃഖിച്ചിരിയ്ക്കുന്നത്.. പതിവുതെറ്റാതെ കഴിക്കേണ്ട മരുന്നിന്റെ സമയം കണക്കെ ആ മനുഷ്യന്റെ ശബ്ദം എന്നെ തേടിയെത്തിയില്ലെങ്കിൽ പെറ്റമ്മയെ കണക്കെ ഭയം വന്നെന്നെ ഏത്ര ആഴത്തിലേക്കാണ് വലിച്ചിടാറുള്ളത്

എന്റെ മനുഷ്യാ..
പേറ്റുനോവറിയാതെ ഞാൻ ആദ്യമായി പ്രസവിച്ച എൻറെ പുത്രൻ ആണ് നീ..
ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിലെവിടെയോ സ്നേഹിച്ചുകൊതിതീരും മുന്നേ എനിക്ക് നഷ്ടമായ എന്റെ മകൻ..

-


27 JUN 2020 AT 15:23

ഇതും കൂട്ടി എത്രാമത്തെ തവണയാണ് എനിക്ക് അയാളോടുള്ള പ്രണയത്തെ കലക്കിപിഴിഞ്ഞ് ആർത്തിയോടെ ഞാൻ വലിച്ചുവാരി എഴുതികൂട്ടുന്നത്..എന്നിട്ടും കഴിവുകെട്ട എഴുത്തുകാരി എന്ന് സ്വയം മുദ്ര കുത്തേണ്ടി വരുന്ന ഒരേ ഒരുവൾ ആയിരിക്കില്ലേ ഞാൻ !
അയാളുടെ പ്രണയകടലിൽ അകപ്പെട്ട് ഉന്മാദത്തിന്റെ മൂര്ധന്യാവസ്ഥയിൽ നിൽക്കുന്ന ഒരുത്തി അതിന്റെ കാഠിന്യം ദുർബലമായ ഈ തോന്ന്യാസവരികളാൽ എങ്ങനെ വിവരിക്കും...ആ മനുഷ്യന്റെ നേർത്തസാനിധ്യത്തിന് പോലും ഗന്ധർവയാമത്തിലെ പാലപൂക്കളുടെ വശ്യഗന്ധം ആണ് എന്ന് എങ്ങനെയാണ് അവൾ എഴുതിപിടിപ്പിക്കുക..ഇനിയും എത്ര യുഗങ്ങൾ ഈ പ്രണയത്തെ അരിച്ചെടുത്ത് എഴുതിയാൽ ആയിരിക്കും ഒരു പ്രണയതരി എങ്കിലും അതിൽ അവശേഷിക്കുക..പവിത്രമായ തന്റെ പ്രണയത്തെ ഭ്രാന്തിന്റെ ചുവ വമിപ്പിക്കുന്ന തരത്തിൽ എഴുതി നിറക്കുന്ന ഒരുവൾ എത്ര വലിയ പാപിയായിരിക്കും..
തന്റെ പ്രണയത്തെ പോലും കൃത്യമായി പറഞ്ഞുകൊടുക്കാനാവാത്ത ഒരു എഴുത്തുകാരി എത്ര അസ്വസ്ഥയായിരിക്കും..
നിസ്സഹായ ആയ അവളുടെ പ്രണയഗർത്തത്തിന്റെ ആഴം ആർക്കായിരിക്കും മനസിലായി കാണുക..

-


Fetching Athira Ts Athu Quotes