തെറ്റെന്തുചെയ്തൂ ഞാൻ...?
അത്രമേലെന്നെ നീ പ്രണയിച്ചിരുന്നെങ്കിലെ-
ന്നെവിഴുങ്ങാനൊരു തീനാളമുരയ്ക്കാൻ
നിനക്കെങ്ങനെ കഴിഞ്ഞൂ...
എനിക്കായ് പിറവികൊണ്ടതെന്നു നീ പറഞ്ഞ
പ്രണയമത്രയും
കോപമായ് നിൻ സിരകളിൽ നിറയുവാൻമാത്രം
തെറ്റെന്തുചെയ്തൂ ഞാൻ...
നിന്നെപ്പേടിച്ച് പ്രണയമുണ്ടെന്നു പറഞ്ഞൊരു
കപടനാടകത്തിൻ ഭാഗമാകാഞ്ഞതോ...
അകാരണമാം നിന്റെ കോപാഗ്നിതൻ
ചൂടേറ്റുനീറിയത്
ഞാൻമാത്രമല്ലെന്നെ പെറ്റുപോറ്റിയവരും.
തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെട്ടവളുടെ
ശാപമിത്,
എന്നെങ്കിലുമീ പാപത്തിൻ ഫലം
നീയനുഭവിക്കുമതു തീർച്ച.
ഇനിയും നിനക്കു മനസ്സിലാകത്തതായൊന്നുണ്ട്
നിനക്കാസക്തി തോന്നിയയെൻ
ശരീരത്തെയാണു നീ ദഹിപ്പിച്ചത്.
ജീവന്റെതുടിപ്പൊരിത്തിരിയെങ്കിലും
ബാക്കിയുണ്ടെങ്കിലതിൽ
നീയിതുവരെയറിയാത്ത,
ഇനിയൊരിക്കലും അറിയാനിടയില്ലാത്ത
മനസ്സൊന്നുണ്ട്...-
ആകാശം കാണിക്കാതെ
പുസ്തകത്താളുകളിൽ ഒളിപ്പിച്ചുവയ്ക്കുന്ന
മയിൽപ്പീലി കണക്കെ ഞാൻ
കാത്തുസൂക്ഷിക്കുന്ന,
ചിതലരിച്ചുതുടങ്ങിയ
മോഹങ്ങൾക്കു
ചിറകുമുളയ്ക്കുമൊരു ദിനം
വിദൂരമല്ലെന്ന്...-
നന്ദി...
അസ്തമയമെന്നു നിനച്ചു ഞാൻ
പതറവെ,
ചേർത്തുപിടിച്ചു നടന്നതിനു
നിനക്കു നന്ദി.
അറിയാതെയെങ്കിലും ചെയ്യുന്ന തെറ്റുകൾ
സസ്‌നേഹം നീ ക്ഷമിച്ചിരുന്നു.
മോഹിച്ചതിനേക്കാളേറെ നീയെന്നിൽ
എല്ലാമെല്ലാമായ് തുളുമ്പി നിന്നു.
അനിർവചനീയമായൊരാനന്ദമാണു നിൻ-
സാമിപ്യമെന്നാൽ
അതിലും ദു:ഖമാണു നിന്നസാന്നിധ്യം...
പറയാതെയറിഞ്ഞു നീയെന്നെയെന്നും
നിന്നെക്കവിഞ്ഞൊരു നിധിയെനിക്കെന്തുവേറെ.
അറിയാതെ നിന്നിൽ ഞാൻ ലയിച്ചമാത്രയിൽ
സഫലമായ് എൻ ജന്മം...
-
കത്തിയെരിയുന്ന വയറുമായി
ഒരു പിടി ചോറിനുവേണ്ടി
തെരുവിലൂടെ അലയവെ,
വയറുനിറഞ്ഞവരാരൊക്കെയോ-
വലിച്ചെറിഞ്ഞ ചോറും കറികളും
ചവറുകൾക്കിടയിലൂടെ
അവനെ നോക്കി കൊഞ്ഞനം കുത്തി...-
ഒരു കുഞ്ഞു കാർമേഘമാണാദ്യം എത്തിയത്
പിന്നെ ചെറുതായൊന്നു കാറ്റുവീശിത്തുടങ്ങി
കാറ്റു നിലയ്ക്കുന്നില്ലെന്നുകണ്ട്
കൂട്ടമായെത്തി കാർമേഘങ്ങളും
താമസിയാതെ മഴയും തുടങ്ങി.
പിന്നെയങ്ങോട്ട് മത്സരമാണ് മനസ്സുകളിൽ
കാറ്റും മഴയും ഒപ്പത്തിനൊപ്പം.
ഉണ്ടായിരുന്ന പലതും മുങ്ങിത്താണു
മഹാപ്രളയം തന്നെയായി
എങ്കിലും ശമിക്കാതെ കാറ്റും മഴയും.
നിയന്ത്രണം കൈകളിലില്ലെങ്കിലും
അതിവേഗം ശാന്തമാവാനായ്,
ഇത്തിരി വെളിച്ചം കടന്നുവരാനായ്
പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.-
ഒറ്റപ്പെടലിന്റെയീ തീക്ഷണവലയത്തിൽ
ഞാനകപ്പെടുമായിരുന്നില്ല.
പറയാനായി കരുതിവച്ച കഥകൾ
കൂമ്പാരമായി കെട്ടിക്കിടക്കില്ലായിരുന്നു.
ഓർമ്മകളെന്റെയീ ഏകാന്തതയെ-
നോക്കി പരിഹസിക്കുമായിരുന്നില്ല.
സമയമിത്ര പതുക്കെയിഴഞ്ഞ്
എന്നെ വ്രണപ്പെടുത്തില്ലായിരുന്നു.
ഓരോ വർഷവും ഹേമന്തവും വസന്തവും
എന്നിൽ നഷ്ടബോധമുളവാക്കുമായിരുന്നില്ല.
ഇണപ്രാവുകളും ഇളംകുരുവികളും
എന്നിൽ അസൂയ ഉണർത്തില്ലായിരുന്നു.
ഇണ ചേരാൻ കൊതിക്കുന്ന വിരലുകളും,
പുൽകുവാനാശിക്കുന്ന മേനിയും,
തേൻ നുകരാൻ മോഹിക്കുന്ന അധരങ്ങളും
അലസമായിരിക്കില്ലായിരുന്നു..
അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു-
ചൊല്ലി ഞാൻ വിലപിക്കുമായിരുന്നില്ല...-
വിജനമാവീഥിയിലൊരു മരച്ചുവട്ടിൽ-
നാമൊന്നിച്ചു നിൽക്കണം.
എൻ കൈവിരലുകളിൽ നിൻ വിരലുകൾ-
കോർക്കണം.
നിൻ കരങ്ങളാലെന്നെ ചേർത്തുപിടിക്കണം.
തണുത്തുവിറയ്ക്കുമെൻമേനി-
കൊതിക്കുമൊരാലിംഗനത്തിനായന്നേരം.
പറയാൻ മടിച്ചു ഞാൻ നിൽക്കവെ,
പറയാതെയറിഞ്ഞു നീ സഫലമാക്കില്ലേ.
കുളിരുമായ് വരുമൊരിളം തെന്നലിനു-
പോലും വഴിയൊരുക്കീടാതെ...
കോരിത്തരിച്ചുകൊണ്ടെന്നാത്മാവു-
മന്ത്രിക്കുമെന്നധരങ്ങൾ തേടുന്നു
നിന്നധരങ്ങളെയെന്നു.
പതിയെ ഒരു ചുംബനം നൽകി നീയെന്നെ-
നിർവൃതി കൊള്ളിക്കുമന്നേരം ഞാനാശിക്കു-
മിനിയുമൊരായിരം ദിനങ്ങളിതുപോലൊരു മഴ
നമുക്കായ് കാത്തുവച്ചീടട്ടെയെന്ന്...-
പ്രസാദിന്,
ഈ പേരു സത്യമാണോ എന്നറിയില്ല. എങ്കിലും അങ്ങനെ തന്നെ വിളിക്കുന്നു. ഒരുപാടു കഷ്ടപ്പാടുകളുള്ള ജീവിതമാണ് താങ്കളുടേത് എന്നറിയാൻ കഴിഞ്ഞു. അതിൽ നിന്നും കുറച്ചെങ്കിലും രക്ഷപ്പെടാൻ വേണ്ടിയാണല്ലേ ശ്രീജയുടെ കെട്ടുതാലി മോഷ്ടിച്ചത്. എങ്കിലും പ്രസാദ് ഒരു വലിയ മനസ്സിനുടമയാണ്. അതിനാലാണല്ലോ ദുരിതങ്ങൾക്കിടയിൽക്കിടന്നു വീർപ്പുമുട്ടുമ്പോഴും പ്രസാദിന്റേയും ശ്രീജയുടേയും കഷ്‌ടപ്പാടു മനസ്സിലാക്കി അവർക്ക് ആ മാല തിരിച്ചു നൽകാനുള്ള സന്മനസ്സ് പ്രസാദ് കാണിച്ചത്. തെറ്റു തിരുത്താൻ തോന്നിയതിന് അഭിവാദ്യങ്ങൾ. പ്രസാദിനെ സഹായിച്ചതിന് അവരോടു നന്ദി പറയുന്നതും സന്മനസ്സു തന്നെ. ശേഷം പ്രസാദ് ജോലി ചെയ്ത് മാന്യമായി ജീവിതം നയിക്കാൻ തുടങ്ങിയിരിക്കുന്നു എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്തുകൊണ്ടോ പ്രസാദ് മനസ്സിനെ ഏറെ സ്പർശിച്ചു.
ഇനി പറയുന്നതു ശ്രദ്ധിച്ചു കേൾക്കണം. എത്രയും പെട്ടന്നു തന്നെ ആധാർ കാർഡ് എടുക്കാൻ ശ്രമിക്കണം. ‘ആധാർ’ ഇല്ലാതെ ഇനിയുള്ള കാലത്ത് ജീവിച്ചുപോവാൻ ബുദ്ധിമുട്ടാ.
ഇനിയങ്ങോട്ട് പ്രസാദിന്റെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ എന്നാശംസിച്ചുകൊണ്ട് ഞാൻ ഈ കത്ത് അവസാനിപ്പിക്കുന്നു.
സസ്നേഹം
ഒരു അപരിചിത..-
ഒരു കിനാവു കാണണം,
കുന്നോളം വലിപ്പമുള്ളത്.
പണിയെടുക്കണം,
ഒരിക്കലും പണിമുടക്കാതെ.
മറികടക്കണം കാരണങ്ങളെ,
അവശതയെ, കാഠിന്യത്തെ,
മടുപ്പിനെ..
ഒടുവിലാ കുന്നിക്കുരുവിലെത്തും.
അന്നേരമറിയും,
ഇന്നെത്തിയ കുന്നിക്കുരു
മുൻപൊരു കുന്നായിരുന്നെന്ന്.
യാത്ര തുടരും.
മറ്റൊരു കുന്നിലേക്ക്...-
“രക്ഷിക്കണേ” എന്ന അവളുടെ നിലവിളികൾക്ക്-
ശബ്ദമുണ്ടായിരുന്നില്ല,
രാത്രിയുടെ മറവിൽ വേട്ടയാടപ്പെടുമ്പോൾ...
“വിശന്നിട്ടാ” എന്നു പറഞ്ഞതും-
ആരും കേട്ടില്ല,
നഗ്നനാക്കി കെട്ടിയിട്ടു തല്ലുന്ന തിരക്കിനിടയിൽ...
ഇനിയുമൊണ്ടൊരുപാട് ഇത്തരത്തിൽ,
കസ്റ്റഡിമുറികളിൽ, ഇടിമുറികളിൽ,
രാഷ്ട്രീയം ‘പറഞ്ഞു നടക്കുന്നവരുടെ’ കാൽച്ചുവട്ടിൽ,
അധികാരത്തിൻ അഹങ്കാരം പേറിയവർക്കുമുന്നിൽ
നിശബ്ദമാവുന്ന വാക്കുകൾ...
ചിലപ്പോൾ അങ്ങനെയാണ്,
നിസ്സഹായരായവരുടെ വാക്കുകൾക്ക്
ശബ്ദം നഷ്ടപ്പെടാറുണ്ട്
മനുഷ്യമന:സാക്ഷിയുടെ മുന്നിൽ...
-