3 JUN 2020 AT 23:35

കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ
നാടിന്റെ കപടതകളോർത്തില്ല ഞാൻ
ഉള്ളിലെന്നോമന വിശന്നു കരഞ്ഞപോൽ
പൊള്ളിയെൻ നെഞ്ചം മറ്റെല്ലാം മറന്നുപോയ്‌
ഓർമ്മയുണ്ടച്ഛൻ പറഞ്ഞൊരാ വാക്കുകൾ
"ഓർമ്മയിൽ തങ്ങേണമെന്നുമീ പൊരുളുകൾ
കാട്ടിലെ ക്രൂര മൃഗങ്ങളല്ലോമനേ
നാട്ടിലെ മാനവർ ഏറെ ഭയങ്കരർ..
കാടിന്റെ സീമകൾ താണ്ടിയാലെപ്പൊഴും
പേടിക്കവേണമാ നീചന്റെ ചതികളെ..
വൈദ്യുതി പായുന്ന വേലിയുണ്ടെങ്ങുമെ
കൈകൾ മുറിഞ്ഞുപോം വാളുണ്ട് ചുറ്റിലും
നിലതെറ്റി വീഴാതെ നീങ്ങേണമെപ്പൊഴും
ഇലമൂടും വാരിക്കുഴികളുണ്ടെങ്ങുമേ"
അടിവച്ചു നീങ്ങിഞാൻ വാക്കുകൾ ഓർത്തുകൊ-
ണ്ടടിമുതൽ തലവരെ ഭയമാൽ വിറച്ചുപോയ്
കണ്ടു ഞാനൊരു കനി തെല്ലൊരു മോദമായ്
ചുണ്ടിലേക്കതിനെയടുപ്പിച്ചു വേഗമായ്
അന്നമെന്നല്ലോ നിനച്ചമ്മയോമനേ
ചിന്നിച്ചിതറുമെന്നാരുണ്ടു കരുതുവോർ
എന്തിനീ ക്രൂരത ചെയ്യുന്നു മാനവർ
വെന്തു മരിക്കയായ് ഞാനുമെൻ പൈതലും
അച്ഛനന്നെന്നോടു ചൊല്ലിയതല്ലയോ
മർത്യരീ ഭൂമിയിൽ നീചർ ഭയങ്കരർ...

- Sj