സത്യങ്ങൾ അറിഞ്ഞിട്ടുപോലും,
അവ ഒളിപ്പിച്ചു വെച്ച കള്ളങ്ങളെ
ഇപ്പോഴും ആരാധിക്കുന്നുണ്ട്...-
ചില പിടിവാശികൾ കൊണ്ട് മാത്രം
സംരക്ഷിക്കപ്പെടുന്ന
ഒരുപാട് നന്മകളുണ്ട്....-
തലയ്ക്കു മുകളിലുള്ളവൻ
തീരുമാനിക്കാൻ തുടങ്ങിയാൽ,
തറയ്ക്കു മുകളിലുള്ളവൻ
വെറും യന്ത്രം മാത്രം.....-
നഷ്ട്ടപ്പെട്ട ലോകം
പണിതെടുക്കാനുള്ള
പണിപ്പുരയിലാണ് ചിലരൊക്കെ,
പണിയുന്നത് മറ്റൊരു ലോകമാണെന്നറിയാതെ.....-
തലയ്ക്കുമുകളിൽ വട്ടമിട്ടുപറന്ന
കഴുകന്മാർ അറിഞ്ഞിരുന്നില്ല,
അവയ്ക്കുമുകളിൽ
അവരുടെ ചിറകുകളുടെ
ആയുസ്സ് മാറ്റിയെഴുതപ്പെടുന്നുണ്ടെന്നു...-
ചിരിച്ചുമാത്രം പരിചിതമായ
കണ്ണുകളെ,
കണ്ണീരിലാഴ്ത്തിക്കൊണ്ട്,
കരഞ്ഞുകലങ്ങിയ കണ്ണുകൾ
ചിരിക്കാൻ തുടങ്ങിയിരിക്കുന്നു....-
മറഞ്ഞു നടന്ന
ചിലരെയൊക്കെ,
കാലം മായ്ച്ചുകളഞ്ഞതറിയാതെ
ഇപ്പോഴും
മറഞ്ഞു നടക്കുന്നുണ്ട്
ചിലരൊക്കെ....-
നഷ്ടപെട്ട സിംഹാസനങ്ങളുടെ
കണക്ക് വെച്ച്,
നീതിമാനായ രാജാവിന്റെ
വിധിയെഴുതുന്നവരുടെ
മുഖത്തടിച്ചുകൊണ്ട്,
സമയവും സത്യവും
പിന്നിൽ അണിചേർന്നിരുന്നു....-
കർമ്മം വിപരീത ഫലം കാണിക്കുമ്പോൾ
കാതോർക്കുക,
കാലം മറ്റെന്തോ
നിങ്ങൾക്കായി ഒരുക്കുന്നുണ്ട്...-